May 20, 2024

CNXN.TV

Kuwait News (കുവൈറ്റ് വാർത്തകൾ .Get the Latest Malayalam news in Kuwait & Today's Breaking News (ബ്രേക്കിങ് വാർത്ത) headlines in Malayalam .CNXN TV has the most recent Malayalam Gulf news and updates from Kuwait.

നഗരക്കാഴ്ചകൾ


റീന സാറ വർഗീസ്

ഓർമ്മയുടെ ചിതറിയ അടരുകൾ പെറുക്കിയെടുക്കുമ്പോൾ അനാച്ഛാദിതമാകുന്ന യാത്രയുടെ ചിത്രമുണ്ട്. അതൊരു ആകാശ യാത്രയക്കുള്ള മുന്നൊരുക്കമായിരുന്നു. താഴെ നിന്ന് നോക്കുമ്പോൾ മേഘപാളികൾക്കിടയിലൂടെ ഒച്ചിഴയും പോലെ ചലിക്കുന്ന ചെറുവാഹനത്തിൽ കയറാൻ കൊതിച്ച നാളുകൾ. കുറച്ചു മുതിർന്നപ്പോഴും വിമാനത്തിന്റെ ഇരമ്പലും ആകാശമാളത്തിൽ ഒളിക്കുന്ന കാഴ്ച്ചയും
കൊച്ചു കുട്ടിയുടെ കുതുകത്തോടെയെ കാണാനായിട്ടുള്ളൂ.

സാധാരണ വാഹന യാത്രയിൽ എന്നപോലെ ആകാശയാത്രയിലും ജനൽപ്പാളികൾ തുറന്നു മേഘശകലങ്ങളെ കയ്യിലെടുക്കാമെന്ന് നിനച്ചിരുന്ന കാലമുണ്ടായിരുന്നു.

“ഈ വീമാന സഞ്ചാരം ഒന്നും അത്ര നല്ലതല്ല പുള്ളേ.”,
കാപട്യത്തിന്റെ പൊയ്മുഖമണിയാത്ത ശുദ്ധഗതിക്കാരിയായ നാട്ടിൻപുറത്തെ മറിയ ചേടത്തി സ്വതസിദ്ധമായ ശൈലിയിൽ നിരങ്കുശം പ്രസ്താവിച്ചു. പറഞ്ഞതിൽ തെറ്റൊന്നുമില്ലെന്ന് ഗൗരവ ഭാവങ്ങളുടെ അംഗവിക്ഷേപ ചടുചലനങ്ങളുടെ അകമ്പടിയോടെ ചുറ്റും കൂടിയിരുന്ന പെണ്ണാളുകളോട് ആവർത്തിച്ച് അരക്കിട്ടുറപ്പിച്ചു.

അതിനുള്ള പല കാരണങ്ങളിൽ ചിലത് നിരത്തിവയ്ക്കുകയും ചെയ്തു. യാത്രികരുടെ വിസർജ്ജ്യങ്ങൾ പുറംതള്ളാൻ കൃത്യമായ മറപ്പുരകൾ ഇല്ലെന്നും അവയെല്ലാം വീടുകളുടെ മുകളിലേക്കും, ചിലപ്പോൾ മുറ്റത്തും തൊടിയിലും കിണറ്റിലും വരെ വന്നു വീഴുമെന്ന് ഇടയ്ക്കിടെ പറഞ്ഞുകൊണ്ടിരുന്നു. ഇത്തരം വൃത്തിഹീനങ്ങളായ രീതികളുടെ സമാനപദമായിരുന്നു ആകാശ വാഹനമെന്ന് ധരിച്ചുവശായിരുന്നു അവർ. രൂഢമൂലമായിരുന്ന മൂഢവിശ്വസം തകർക്കാൻ ശ്രമം നടത്തിയെങ്കിലും അത്രകണ്ട് വിജയിച്ചില്ല. പറഞ്ഞു മനസ്സിലാക്കാൻ ശ്രമിക്കുമ്പോഴൊക്കെ

“അതിന് പുള്ള ഇതുവരെ കയറിയിട്ടില്ലല്ലോ. പിന്നെങ്ങനെ അറിയാ?”

വായിച്ചു മനസ്സിലാക്കിയിട്ടുണ്ടെന്ന വാദം അംഗീകരിക്കാൻ തയ്യാറായില്ലെന്നു മാത്രമല്ല കയറിയാൽ മാത്രമേ വാസ്തവം അറിയാൻ സാധിക്കുകയുള്ളുവെന്നും ഓർമിപ്പിച്ചു.

കടൽ കടക്കാൻ നാട്ടിൻ പുറത്തു നിന്ന് ബോംബെ നഗരത്തിലേക്കുള്ള ആദ്യ യാത്ര. ഭാരതത്തിൻ്റെ പ്രവേശനകവാടം. രാജ്യത്തെ ഏറ്റവും ജനസംഖ്യയും ജനസാന്ദ്രതയുമുള്ള മഹാനഗരമെന്ന് സാമൂഹ്യ പാഠത്തിൽ പഠിച്ചിട്ടുള്ളതിനെ അനുസ്മരിപ്പിക്കും വിധമായിരുന്നു പിന്നീടുള്ള ഓരോ കാഴ്ചയും. ചലച്ചിത്രങ്ങളിലെയും പത്രങ്ങളിലെയും പരിപ്രേക്ഷ്യങ്ങൾ മാത്രമായിരുന്നു മുൻപ് ഈ മഹാനഗരം. കൊങ്കൺ പാതയിലൂടെയുള്ള തീവണ്ടി യാത്ര ചെന്നു നിന്നത് ജനസാഗരങ്ങൾക്കു നടുവിൽ. എന്തൊക്കെയോ പറഞ്ഞൊപ്പിക്കും എന്നല്ലാതെ ഹിന്ദി സുഗമമായി സംസാരിക്കുക എന്നത് ബാലികേറാമല തന്നെയാണ്. ഇന്നും വലിയ മാറ്റമൊന്നും വന്നിട്ടില്ലെങ്കിലും പൊടിക്ക് ഭേദമായിട്ടുണ്ടെന്നു മാത്രം.

ഹിന്ദി എന്നാൽ അഞ്ചാം തരത്തിലെ “ഓണം കേരൾ കാ ദേശീയ ത്യോഹാർ ഹേ” എന്നു തുടങ്ങുന്ന മനഃപാഠ വാക്യങ്ങളിൽ ചിലതായിരുന്നു. പിന്നെ അർത്ഥമറിയാതെ പാടിയിരുന്ന ബോളിവുഡ് ചലച്ചിത്രഗാനങ്ങളുടെ ഈരടികളും.

യാത്രയാക്കാൻ വന്ന നല്ലപാതി മുൻപ് ബോംബെയിൽ ജോലി ചെയ്തിരുന്നതു കൊണ്ട് അധികം സംസാരിച്ച് ബുദ്ധിമുട്ടേണ്ടി വന്നില്ല. അതുകൊണ്ടു വലിയ ആശങ്കയും ഉണ്ടായിരുന്നില്ല.

മഹാനഗരത്തിൻ്റെ ആഴങ്ങളിലേക്ക് ഊളിയിട്ടിറങ്ങി ആൾക്കൂട്ടങ്ങളെ വകഞ്ഞു മാറ്റി, ആലസ്യമാർന്ന തെരുവോരങ്ങളിലൂടെ ഏറെ ദൂരം നടന്നു. അവിടെ കച്ചവടക്കാരും കൂണുമുളച്ചതു പോലെ അടുത്തടുത്തായി ചെറു വീടുകളും. വീടുകൾ എന്ന വിശേഷണം അവയ്ക്ക് ഒട്ടും ചേരാത്തതിനു കാരണം തടിക്കഷണങ്ങൾ കൊണ്ടും പ്ലാസ്റ്റിക് കൂടുകൾ കൊണ്ടും മറച്ച കുടിലുകളായതു കൊണ്ടുതന്നെ. നഗരത്തിൻ്റെ ഹൃദയഭാഗത്ത് അംബരചുംബി സൗധങ്ങളും വിവിധ വ്യാപാരശാലകളും തലയെടുപ്പോടെ നിൽക്കുന്നു. ഇതിനെല്ലാം ഇടയിലൂടെ ടാക്സികളും ഇരുനില ബസുകളും ഇതൊന്നും ബാധകമല്ലെയെന്ന മട്ടിൽ
ഇടതടവില്ലാതെ പായുന്നു.

ദിനേന കണ്ടിരുന്ന നാട്ടിൻപുറത്തെ പച്ചപ്പുനിറഞ്ഞ ഇടവഴികളുടെ ലാവണ്യത്തിൽ നിന്ന് തികച്ചും വ്യത്യസ്തം. ഒഴുകുന്ന വാഹന വ്യൂഹങ്ങളും മെട്രോ റെയിലും അതോടൊപ്പം ഓട്ടപ്രദക്ഷിണം നടത്തുന്ന മനുഷ്യരും ഒരു നാട്ടിൻപുറത്തുകാരിയെ സംബന്ധിച്ചിടത്തോളം മറ്റേതോ ലോകത്ത് എത്തപ്പെട്ട ഇദംപ്രഥമമായ കാഴ്ചകൾ തന്നെയായിരുന്നു.

ചുരുങ്ങിയ ദിവസങ്ങൾക്കുള്ളിൽ വിമാനം കയറേണ്ടതിനാൽ സാക്ഷ്യപത്രങ്ങളുടെ പകർപ്പുകൾ കൃത്യസമയത്ത് ഏജൻസിയിൽ ഏൽപ്പിക്കേണ്ടതുണ്ട്.
താമസയിടത്തു നിന്ന് മെട്രോ തീവണ്ടിയിൽ കയറി വേണം അവിടെ എത്താൻ. സാവധാനം സൂക്ഷിച്ച് കയറാമെന്ന് വിചാരിച്ച ഞങ്ങളെ ആരൊക്കെയോ ചേർന്ന് തീവണ്ടിക്കുള്ളിലേക്ക് തള്ളിക്കയറ്റി. അവ ഏല്പിച്ച് തിരികെ മടങ്ങുമ്പോഴും വ്യത്യസ്തമല്ലായിരുന്നു സ്ഥിതി. ഒരു രാജ്യത്തെ പല ഭാഷകൾ സംസാരിക്കുന്ന മനുഷ്യരുടെ ജീവിതപ്രയാണം സൂചികുത്താൻ ഇടമില്ലാത്ത ബോഗിക്കുള്ളിൽ കണ്ടു. അതിനിടയിൽ വീഴാതെ സവ്യസാചിയായി നിൽക്കുക എന്നത് ഏറെ ശ്രമകരമായിരുന്നു.

അന്നത്തെ യാത്ര ഓർമ്മയിൽ വരുമ്പോഴൊക്കെ ഗ്രാമീണ പശ്ചാത്തലം കവിതകളിലൂടെ മലയാളിക്ക് സമ്മാനിച്ച പ്രമുഖ കവി കുറ്റിപ്പുറത്ത് കേശവൻ നായരുടെ വരികൾ ചുണ്ടിലും മനസ്സിലും തത്തിക്കളിക്കുന്നു.

“ നാട്യപ്രധാനം നഗരം ദരിദ്രം നാട്ടിൻപുറം നന്മകളാൽ സമൃദ്ധം കാട്ടിനകത്തോ കടലിനകത്തോ കാട്ടിത്തരുന്നൂ വിധിരത്നമെല്ലാം ”

സ്നേഹത്തോടെ,
റീന സാറ വർഗീസ്്