May 9, 2024

CNXN.TV

Kuwait News (കുവൈറ്റ് വാർത്തകൾ .Get the Latest Malayalam news in Kuwait & Today's Breaking News (ബ്രേക്കിങ് വാർത്ത) headlines in Malayalam .CNXN TV has the most recent Malayalam Gulf news and updates from Kuwait.

ഊഞ്ഞാൽ പാട്ടുകളുടെ ഈരടികളിൽ ഓണം

റീന സാറ വർഗീസ്

കാലത്തിൻ്റെ കൈക്കുടന്നയിൽ നിന്നു് ആത്മാവിലേക്ക് അടർന്നുവീണ ഓർമ്മപൂക്കളുടെ സുഗന്ധം പരത്തുന്ന അനുഭൂതിയാണ് ഓണം. ഒരു ചെടിയെ അനുസ്മരിപ്പിക്കും വിധം നിറയെ തളിർത്തും മൊട്ടിട്ടും പൂവിട്ടും വാടിയും കൊഴിഞ്ഞും സമ്മോഹനമായ കാഴ്ചകൾ സമ്മാനിച്ചും ഒരോണക്കാലം കൂടി നമ്മെ തേടി എത്തിയിരിക്കുന്നു.
ജീവിതത്തിൻ്റെ അടരുകൾ ഒരോന്നും നിരത്തിയും അടുക്കിയും കാലം തീർത്ത വശ്യസുന്ദരമായ പൂക്കളം. ഒരു വസന്തം തൊട്ടു തലോടിയതുപോലെ.

ആദ്യമായി വള്ളംകളി കാണാൻ പോകുന്നത് ഒരു ഓണക്കാലത്താണ്. ചെറുതും വലുതുമായ വള്ളങ്ങളുടെ നീണ്ട നിര പുഴയുടെ ഓളപ്പരപ്പുകളിൽ ചാഞ്ചാടി നിൽക്കുന്ന മനോഹരമായ കാഴ്ച. പല സ്ഥലങ്ങളിൽ നിന്നെത്തുന്ന തുഴക്കാരും വള്ളങ്ങളും. ജയപരാജയങ്ങൾ കൃത്യമായി കാണാൻ പറ്റിയിട്ടില്ലെങ്കിലും ഉച്ചഭാഷിണിയിലൂടെ വിജയികളുടെ പേരുകൾ പുറത്തു വരുമ്പോഴാണ് അറിയുന്നത്. കഠിനാധ്വാനത്തിന്റെ മൂലധനമായ ട്രോഫികൾ ഉയർത്തിപ്പിടിച്ച് ആർപ്പോ.. ഇറോ.. എന്നാര്‍ത്തുവിളിച്ച് വിജയികൾ. ഓണം ഗ്രാമത്തെയും നഗരത്തെയും ഒരു പോലെ പുളകമണിയിക്കുന്നു. ഓലോലം ഒഴുകി വരുന്ന കാറ്റിന്റെ താളത്തിനൊത്ത് മാവിൻ കൊമ്പത്ത് ചക്കരക്കയറിൽ പാട്ടുകൾ പാടി ഊഞ്ഞാലാടി രസിക്കുന്ന കുട്ടിക്കൂട്ടങ്ങൾ. ഉച്ചയ്ക്ക് വിഭവസമൃദ്ധമായ സദ്യയും. കേരളത്തിൻ്റെ പരമ്പരാഗത വസ്ത്രശൈലിയായ കസവുസാരിയും മുണ്ടും ധരിച്ചും മനോഹരമായ ഓണപ്പൂക്കളമൊരുക്കിയും മാവേലി മന്നനെ എതിരേൽക്കുന്നു. ലോകമെമ്പാടും ശ്രദ്ധ നേടിയിട്ടുള്ള വസ്ത്രശൈലിയും കൂടിയാണത്.

പഞ്ഞകർക്കടകം പിന്നിട്ട് സമൃദ്ധിയുടെ ചിങ്ങമാസത്തിലേക്ക് കടക്കുമ്പോൾ ഏറെ ആഹ്ലാദമാണ്. തിരുവോണത്തെ വരവേൽക്കുന്നതും അങ്ങനെ തന്നെ. “നിന്നേക്കാൾ ഒരോണം കൂടുതൽ ഉണ്ടതാണ്” മുതിർന്നവർ തെല്ലൊരഹങ്കാരത്തോടെ സാധാരണ പറയാറുണ്ട്. കാരണം ഓണം എന്നത് മലയാളിക്ക് വെറുമൊരു ആഘോഷം മാത്രമല്ല അത്രയേറെ പ്രാധാന്യത്തോടെ നെഞ്ചോടു ചേർത്തു വെച്ച വികാരം കൂടിയാണ്. ‘കാണം വിറ്റും ഓണം ഉണ്ണണം’ എന്ന പഴമൊഴി വിളിച്ചോതുന്നതും മറ്റൊന്നല്ല.

ഇടയിൽ കോവിഡ് എല്ലാം മാറ്റിമറിച്ചെങ്കിലും അതിൽ നിന്നെല്ലാം ഒരുപാട് ദൂരം താണ്ടി പ്രതീക്ഷയുടെയും ആശ്വാസത്തിന്റെയും ചിങ്ങമാസമാണ് ഇക്കുറി നമ്മുക്കൊപ്പം ഉള്ളത്.

ഓണത്തെക്കുറിച്ച് കവികൾ
മലയാണ്മയുടെ അഴകാർന്ന സുവർണ്ണാക്ഷരങ്ങളിൽ കൊത്തിവെച്ചിരിക്കുന്നു. ഗൃഹാതുരതയുടെ ആഴങ്ങളിലേക്ക് ഒരോ ഓണവും കൂട്ടിക്കൊണ്ടു പോകുന്നു. അകലെയാണെങ്കിലും നാടിനൊപ്പം ചേർന്ന് ഏറെ ഗൃഹാതുരതയോടെ ഓണം ആഘോഷിക്കുന്നു ഓരോ പ്രവാസി മലയാളിയും.

“വെള്ളിക്കോലാദികൾ നാഴികളു-
മെല്ലാം കണക്കിന്നു തുല്യമത്രേ!
കള്ളപ്പറയും ചെറുനാഴിയും
കള്ളത്തരങ്ങൾ മറ്റൊന്നുമില്ല…”

നാവിൻ തുമ്പിൽ പാടിപ്പതിഞ്ഞ, പഴമക്കാർ പാടിത്തന്ന വരികൾ ചേർത്തുവച്ച് ഞങ്ങളുടെ എല്ലാ പ്രേക്ഷകർക്കും ഐശ്വര്യവും സമ്പൽസമൃദ്ധിയും നിറഞ്ഞ ഓണാശംസകൾ നേരുന്നൂ.