കുവൈറ്റ് സിറ്റി: രാജ്യത്തിന് നേരെയുണ്ടായ ഇറാൻ്റെ അധിനിവേശത്തെ തുടർന്ന് തകരാറിലായ വൈദ്യുത ശൃംഖല പൂർണ്ണ ശേഷിയിലാക്കാനുള്ള അറ്റകുറ്റപ്പണികൾ പുരോഗമിക്കുന്ന പശ്ചാത്തലത്തിൽ, രാജ്യത്തെ വൈദ്യുതി ഉപഭോഗം പരമാവധി കുറയ്ക്കാൻ സ്വദേശികളോടും വിദേശികളോടും കുവൈറ്റ് വൈദ്യുതി, ജലം, പുനരുപയോഗ ഊർജ്ജ മന്ത്രാലയം ആവശ്യപ്പെട്ടു. പ്രത്യേകിച്ച് പകൽ 11:00 മണി മുതൽ വൈകുന്നേരം 5:00 മണി വരെയുള്ള പീക്ക് സമയങ്ങളിൽ ജനങ്ങൾ പൂർണ്ണമായും സഹകരിക്കണമെന്ന് മന്ത്രാലയം ശനിയാഴ്ച പുറത്തിറക്കിയ അടിയന്തര പ്രസ്താവനയിൽ വ്യക്തമാക്കി. ഉപഭോഗം കുറയ്ക്കുന്നത് ദേശീയ പവർ ഗ്രിഡിൻ്റെ സമ്മർദ്ദം ലഘൂകരിക്കാനും അറ്റകുറ്റപ്പണികൾ നടത്തുന്ന സാങ്കേതിക വിഭാഗത്തിന് വേഗത്തിൽ ജോലി പൂർത്തിയാക്കാനും സഹായിക്കും.
നിലവിലെ പ്രതിസന്ധി മറികടക്കാൻ പൊതുജനങ്ങൾക്കായി ചില പ്രധാന മുൻകരുതൽ നിർദ്ദേശങ്ങളും മന്ത്രാലയം മുന്നോട്ടുവെച്ചിട്ടുണ്ട്. എയർ കണ്ടീഷണറുകളുടെ താപനില 24 ഡിഗ്രി സെൽഷ്യസായി ക്രമീകരിക്കുക, ആളില്ലാത്ത മുറികളിലെയും സ്ഥലങ്ങളിലെയും എയർ കണ്ടീഷണറുകളും ലൈറ്റുകളും പൂർണ്ണമായി ഓഫ് ചെയ്യുക, അത്യാവശ്യമല്ലാത്ത മറ്റ് വൈദ്യുതോപകരണങ്ങളുടെ ഉപയോഗം പീക്ക് സമയങ്ങൾക്ക് ശേഷമുള്ള സമയങ്ങളിലേക്ക് മാറ്റിവെക്കുക എന്നിവയാണ് പ്രധാന നിർദ്ദേശങ്ങൾ. രാജ്യത്തെ ഊർജ്ജ ശൃംഖലയെ എത്രയും വേഗം പൂർണ്ണ സജ്ജമാക്കാൻ മന്ത്രാലയത്തിൻ്റെ ഔദ്യോഗിക നിർദ്ദേശങ്ങളോട് എല്ലാവരും പൂർണ്ണമായി സഹകരിക്കണമെന്ന് അധികൃതർ അഭ്യർത്ഥിച്ചു.





More Stories
കുവൈറ്റ് ഹവല്ലി, മുബാറക് അൽ കബീർ മേഖലകളിൽ സാങ്കേതിക തകരാറിനെ തുടർന്ന് വൈദ്യുതി മുടങ്ങി : പുനഃസ്ഥാപിക്കാൻ അടിയന്തര നടപടി
അപകടകരമായും അശ്രദ്ധമായും വാഹനമോടിച്ചയാളെ അറസ്റ്റ് ചെയ്ത് കുവൈറ്റ് ജനറൽ ട്രാഫിക് ഡിപ്പാർട്ട്മെന്റ് ; വാഹനം പിടിച്ചെടുത്ത് പൊളിച്ചുനീക്കി
കുവൈറ്റ് സിറ്റിയിൽ പാർപ്പിട സമുച്ചയത്തിൽ ഡ്രോൺ ആക്രമണത്തെ തുടർന്നുണ്ടായ തീപിടുത്തം നിയന്ത്രണവിധേയമാക്കിയതായി ഫയർ ഫോഴ്സ് ; ആളപായമില്ല