കുവൈറ്റ് സിറ്റി, മെയ് 21: കുവൈറ്റിൽ മയക്കുമരുന്ന് വിപണനക്കാർക്കെതിരെ ആഭ്യന്തര മന്ത്രാലയം നടത്തുന്ന ശക്തമായ പ്രതിരോധ നടപടികളുടെ ഭാഗമായി വിവിധയിടങ്ങളിൽ നടത്തിയ റെയ്ഡുകളിൽ ഇന്ത്യക്കാർ ഉൾപ്പെടെ ഏഴ് പേർ പിടിയിലായി. ക്രിമിനൽ സെക്യൂരിറ്റി വിഭാഗവും ഹവല്ലി സുരക്ഷാ ഡയറക്ടറേറ്റും നടത്തിയ വ്യത്യസ്ത ഓപ്പറേഷനുകളിലാണ് വൻതോതിൽ മയക്കുമരുന്നുകളും വിദേശമദ്യവും പിടികൂടിയത്.
ക്രിമിനൽ സെക്യൂരിറ്റി വിഭാഗത്തിന് കീഴിലുള്ള മയക്കുമരുന്ന് വിരുദ്ധ ജനറൽ വകുപ്പ് നടത്തിയ രണ്ട് പ്രത്യേക റെയ്ഡുകളിലാണ് നാല് പേർ പിടിയിലായത്. വില്പനയ്ക്കായി സൂക്ഷിച്ച വലിയ തോതിലുള്ള ലഹരിവസ്തുക്കളാണ് ഇവരിൽ നിന്ന് കണ്ടെടുത്തത്.
രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ നടത്തിയ ആദ്യ പരിശോധനയിൽ രണ്ട് പ്രതികളെ അറസ്റ്റ് ചെയ്തു. ഇവരിൽ നിന്ന് 207 കുപ്പി വിദേശമദ്യവും 1 ഗ്രാം ഹെറോയിനും സുരക്ഷാസേന പിടിച്ചെടുത്തു.
രണ്ടാമത് നടന്ന ഓപ്പറേഷനിൽ പിടിയിലായ മറ്റ് രണ്ട് പേരിൽ നിന്ന് 2 കിലോഗ്രാം ഹാഷിഷ്, കാൽ കിലോ മരിജുവാന, അര കിലോ ഷാബു (ക്രിസ്റ്റൽ മെത്ത്) എന്നിവ കണ്ടെടുത്തു. കൂടാതെ ലഹരി ഗുളികകളായ 1500 ലിറിക്ക കാപ്സ്യൂളുകൾ, 100 മെത്താഡോൺ ഗുളികകൾ, മയക്കുമരുന്ന് അളന്നു തിരിക്കാൻ ഉപയോഗിക്കുന്ന 2 ഇലക്ട്രോണിക് ത്രാസുകൾ എന്നിവയും ഇവരിൽ നിന്ന് പിടിച്ചെടുത്തിട്ടുണ്ട്.
ഹവല്ലി ഗവർണറേറ്റിൽ സുരക്ഷാ പട്രോളിംഗിനിടെ സംശയാസ്പദമായ സാഹചര്യത്തിൽ കണ്ടെത്തിയ മൂന്ന് ഏഷ്യൻ സ്വദേശികളെയാണ് ഹവല്ലി സെക്യൂരിറ്റി ഡയറക്ടറേറ്റ് വിഭാഗം പിടികൂടിയത്.
ഹവല്ലിയിൽ നടന്നുപോകുന്നതിനിടെ പോലീസ് പട്രോളിംഗ് സംഘത്തെ കണ്ട് ഓടിരക്ഷപ്പെടാൻ ശ്രമിച്ച ബംഗ്ലാദേശ് സ്വദേശിയെ ഉദ്യോഗസ്ഥർ ബലംപ്രയോഗിച്ച് കീഴ്പ്പെടുത്തുകയായിരുന്നു. ലഹരി ഉപയോഗിച്ച നിലയിലായിരുന്ന ഇയാളെ പരിശോധിച്ചപ്പോൾ 25 പാക്കറ്റ് മയക്കുമരുന്ന് (18 എണ്ണം ഹെർബൽ ഇനവും 7 എണ്ണം ക്രിസ്റ്റൽ മെത്തും) കണ്ടെടുത്തു.
മറ്റൊരു സംഭവത്തിൽ, ഹവല്ലിയിലെ ഒരു തുറസ്സായ സ്ഥലത്ത് മണ്ണ് തുരന്ന് ഒളിപ്പിക്കുന്ന രീതിയിൽ കണ്ടെത്തിയ രണ്ട് ഇന്ത്യൻ സ്വദേശികളെ പട്രോളിംഗ് സംഘം പിടികൂടി. ഇവർ ഒളിപ്പിക്കാൻ ശ്രമിച്ച 12 സുതാര്യമായ ബാഗുകളിലാക്കിയ ക്രിസ്റ്റൽ മെത്ത് പോലീസ് കണ്ടെടുത്തു.
പിടിയിലായ ഏഴ് പ്രതികളെയും പിടിച്ചെടുത്ത കോടിക്കണക്കിന് രൂപ വിലമതിക്കുന്ന തൊണ്ടിമുതലുകളും തുടർ നിയമനടപടികൾക്കായി ബന്ധപ്പെട്ട പ്രോസിക്യൂഷൻ ജനറലിന് കൈമാറി. സമൂഹത്തെ മയക്കുമരുന്ന് എന്ന വിപത്തിൽ നിന്ന് സംരക്ഷിക്കുന്നതിനായി രാജ്യവ്യാപകമായി പരിശോധനകളും ഫീൽഡ് ഓപ്പറേഷനുകളും കൂടുതൽ കർശനമായി തുടരുമെന്ന് ആഭ്യന്തര മന്ത്രാലയം വാർത്താക്കുറിപ്പിൽ അറിയിച്ചു.





More Stories
കുവൈറ്റിലെ ജലീബ് അൽ ശുയൂഖ് മേഖലയിലുണ്ടായ തീപിടിത്തത്തിൽ അഞ്ച് പേർ മരണപ്പെട്ടു
കേരള എഞ്ചിനീയേഴ്സ് അസോസിയേഷൻ (KEA) വാർഷിക ജനറൽ ബോഡി യോഗം പ്രൗഢമായി നടന്നു
സത്യപ്രതിജ്ഞാ ചടങ്ങ് ആഘോഷമാക്കി ഒഐസിസി കുവൈറ്റ്