കുവൈറ്റ് സിറ്റി: കുവൈറ്റ് ചരിത്രത്തിലെ ആദ്യത്തെ 15 വർഷത്തെ ‘ഗോൾഡൻ റസിഡൻസി’ മലയാളികളുടെ അഭിമാനമായ ലുലു ഗ്രൂപ്പ് ഇന്റർനാഷണൽ ചെയർമാൻ എം.എ. യൂസഫലിക്ക് സമ്മാനിച്ചു. കുവൈറ്റ് ഒന്നാം ഉപപ്രധാനമന്ത്രിയും ആഭ്യന്തര മന്ത്രിയുമായ ഷെയ്ഖ് ഫഹദ് യൂസഫ് സൗദ് അൽ-സബാഹ് ആണ് രാജ്യത്തിന്റെ പ്രഥമ ഗോൾഡൻ റസിഡൻസി പെർമിറ്റ് യൂസഫലിക്ക് കൈമാറിയത്. വിദേശ നിക്ഷേപകരെയും മികച്ച സംരംഭകരെയും രാജ്യത്തേക്ക് ആകർഷിക്കുന്നതിനായി കുവൈറ്റ് പുതുതായി നടപ്പിലാക്കിയ ദീർഘകാല റെസിഡൻസി നിയമപ്രകാരമാണ് ഈ ബഹുമതി.
സുരക്ഷാ സേവന വിഭാഗം ആക്ടിങ് അസിസ്റ്റന്റ് അണ്ടർസെക്രട്ടറി ബ്രിഗേഡിയർ ജനറൽ ഫവാസ് അൽ-റൂമി ഉൾപ്പെടെയുള്ള പ്രമുഖരുടെ സാന്നിധ്യത്തിലായിരുന്നു ചരിത്രപരമായ ചടങ്ങ്. കുവൈറ്റിന്റെ ദേശീയ സമ്പദ്‌വ്യവസ്ഥയ്ക്ക് ശക്തമായ പിന്തുണ നൽകുന്നതിനും നിക്ഷേപ സൗഹൃദ അന്തരീക്ഷം കൂടുതൽ മെച്ചപ്പെടുത്തുന്നതിനുമുള്ള സർക്കാരിന്റെ പുതിയ നയങ്ങളുടെ ഭാഗമാണ് ഈ നീക്കമെന്ന് ആഭ്യന്തര മന്ത്രാലയം പ്രസ്താവനയിലൂടെ വ്യക്തമാക്കി.
കുവൈറ്റിനെ മേഖലയിലെ പ്രമുഖ സാമ്പത്തിക ഹബ്ബാക്കി മാറ്റുകയെന്ന ലക്ഷ്യത്തോടെയാണ് പുതിയ റസിഡൻസി സ്കീം വിഭാവനം ചെയ്തിരിക്കുന്നതെന്ന് മന്ത്രി ഷെയ്ഖ് ഫഹദ് അൽ-യൂസഫ് പറഞ്ഞു. രാജ്യത്ത് നിക്ഷേപങ്ങൾ കൊണ്ടുവരുന്ന പ്രമുഖ സംരംഭകർക്ക് സുരക്ഷിതവും സ്ഥിരതയുള്ളതുമായ ബിസിനസ്സ് അന്തരീക്ഷം നൽകാൻ രാജ്യം പ്രതിജ്ഞാബദ്ധമാണ്. കുവൈറ്റ് ഡയറക്ട് ഇൻവെസ്റ്റ്‌മെന്റ് പ്രൊമോഷൻ അതോറിറ്റി (KDIPA), പബ്ലിക് അതോറിറ്റി ഫോർ സിവിൽ ഇൻഫർമേഷൻ (PACI) എന്നിവയുമായി സംയോജിപ്പിച്ചാണ് ആഭ്യന്തര മന്ത്രാലയം പുതിയ നിയമനിർമ്മാണത്തിന് രൂപം നൽകിയിട്ടുള്ളത്. കുവൈറ്റിലെ ആദ്യത്തെ ഗോൾഡൻ റസിഡൻസി ഒരു ഇന്ത്യൻ സംരംഭകന് ലഭിച്ചത് ആഗോള തലത്തിൽ തന്നെ പ്രവാസി സമൂഹത്തിന് വലിയ അഭിമാനമായി മാറി.





More Stories
കേരള അസോസിയേഷൻ കുവൈറ്റിന്റെ ‘കിക്ക് 2026’ ചാമ്പ്യന്മാരായി ഫോക് കണ്ണൂർ
കുവൈറ്റ് എയർവേയ്സ് യാത്രാ ടിക്കറ്റുകൾ ഇനി മുതൽ പലിശരഹിത തവണ വ്യവസ്ഥയിൽ ലഭ്യമാകും
രാജ്യത്തിനു നേരെയുണ്ടായ മിസൈൽ-ഡ്രോൺ ആക്രമണ ശ്രമം ശക്തമായി നേരിട്ടതായി കുവൈറ്റ് പ്രതിരോധ മന്ത്രാലയം