കുവൈറ്റ് സിറ്റി: കുവൈറ്റ് ആകാശപരിധി ലംഘിച്ചെത്തിയ മൂന്ന് ബാലിസ്റ്റിക് മിസൈലുകളും നിരവധി ഡ്രോണുകളും പ്രതിരോധ സേന വിജയകരമായി തകർത്തു. രാജ്യത്തിന്റെ തെക്കൻ മേഖല ലക്ഷ്യമിട്ടെത്തിയ മിസൈലുകളെയാണ് കുവൈത്ത് വ്യോമപ്രതിരോധ സംവിധാനം ആകാശത്തുവെച്ച് തന്നെ തകർത്തതെന്ന് പ്രതിരോധ മന്ത്രാലയം വക്താവ് കേണൽ സൗദ് അൽ-അത്വാൻ അറിയിച്ചു. കഴിഞ്ഞ 24 മണിക്കൂറിനിടെയായിരുന്നു ആക്രമണങ്ങൾ.
രാജ്യത്തിന്റെ സുരക്ഷാ ചുമതല നിർവഹിക്കുന്നതിനിടെ ആഭ്യന്തര മന്ത്രാലയവുമായി ഏകോപിച്ച് പ്രവർത്തിച്ചിരുന്ന ലെഫ്റ്റനന്റ് കേണൽ അബ്ദുള്ള ഇമാദ് അൽ-ഷറഹ്, മേജർ ഫഹദ് അബ്ദുൽ അസീസ് അൽ-മുജമ്മദ് എന്നിവർ ആക്രമണത്തിനിടെ വീരമൃത്യു വരിച്ചു. ഇവരുടെ വിയോഗത്തിൽ പ്രതിരോധ മന്ത്രാലയം അനുശോചനം രേഖപ്പെടുത്തി.
മിസൈലുകളും ഡ്രോണുകളും തകർക്കപ്പെട്ടതിനെ തുടർന്ന് രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ അവശിഷ്ടങ്ങൾ പതിച്ചിട്ടുണ്ട്. ജനങ്ങൾ ഇത്തരം വസ്തുക്കളിൽ തൊടരുതെന്നും സംശയാസ്പദമായ സാഹചര്യത്തിൽ എന്തെങ്കിലും കണ്ടാൽ ഉടൻ തന്നെ എമർജൻസി ഹോട്ട്‌ലൈൻ നമ്പറായ 112-ൽ അറിയിക്കണമെന്നും അധികൃതർ നിർദ്ദേശിച്ചു.
അമീർ ഷെയ്ഖ് മിഷാൽ അൽ-അഹമ്മദ് അൽ-ജാബർ അസ്സബാഹിന്റെ നേതൃത്വത്തിൽ രാജ്യത്തിന്റെ പരമാധികാരം സംരക്ഷിക്കാൻ കുവൈത്ത് സായുധ സേന സർവ്വസജ്ജമാണെന്ന് കേണൽ സൗദ് അൽ-അത്വാൻ വാർത്താ സമ്മേളനത്തിൽ വ്യക്തമാക്കി. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ അപായ സൈറണുകൾ മുഴങ്ങിയതോടെ ജനങ്ങൾ വീടിനുള്ളിൽ തന്നെ തുടരണമെന്നും ഔദ്യോഗിക അറിയിപ്പുകൾ മാത്രം വിശ്വസിക്കണമെന്നും അധികൃതർ അഭ്യർത്ഥിച്ചു.





More Stories
ഡ്രോൺ ഭീഷണികളെ പ്രതിരോധിക്കാൻ കുവൈറ്റ് : 1.98 ബില്യൺ ഡോളറിന്റെ അത്യാധുനിക യുഎസ് നിർമ്മിത ഡ്രോൺ പ്രതിരോധ ആയുധങ്ങൾ വാങ്ങുന്നു
കുവൈറ്റ് സമുദ്രത്തിൽ മാലിന്യം തള്ളി ; സോഷ്യൽ മീഡിയയിൽ വീഡിയോ പ്രചരിച്ചതിന് പിന്നാലെ പ്രതിയെ പിടികൂടി കോസ്റ്റ് ഗാർഡും പരിസ്ഥിതി അതോറിറ്റിയും
കുവൈറ്റിൽ വീണ്ടും മിസൈൽ, ഡ്രോൺ ആക്രമണങ്ങൾ; വ്യോമപ്രതിരോധ സംവിധാനം സജീവം, രാജ്യത്തുടനീളം സൈറണുകൾ മുഴങ്ങി