കുവൈറ്റ് സിറ്റി, ജൂൺ 1: കുവൈറ്റിനെ ലക്ഷ്യമിട്ട് വീണ്ടും മിസൈൽ, ഡ്രോൺ ആക്രമണങ്ങൾ. രാജ്യത്തിന് നേരെയുണ്ടായ വ്യോമാക്രമണ ശ്രമങ്ങളെ കുവൈറ്റ് വ്യോമപ്രതിരോധ സംവിധാനം (Air Defence Systems) സജീവമായി നേരിട്ടെന്ന് കുവൈറ്റ് അർമി ജനറൽ സ്റ്റാഫ് ഔദ്യോഗികമായി സ്ഥിരീകരിച്ചു. ആക്രമണ ഭീഷണിയെത്തുടർന്ന് രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ അടിയന്തര അപായ സൈറണുകൾ മുഴങ്ങി.
തിങ്കളാഴ്ച രാവിലെയാണ് കുവൈറ്റ് വ്യോമാതിർത്തി ലക്ഷ്യമാക്കി മിസൈലുകളും ഡ്രോണുകളും എത്തിയത്. വ്യോമപ്രതിരോധ സേന ഇവയെ ആകാശത്തുവെച്ചുതന്നെ തകർക്കുകയോ വഴിതിരിച്ചുവിടുകയോ ചെയ്തതായാണ് വിവരം. ജനങ്ങളുടെ സുരക്ഷ ഉറപ്പാക്കാൻ ആവശ്യമായ എല്ലാ മുൻകരുതലുകളും പ്രതിരോധ നടപടികളും രാജ്യം സ്വീകരിച്ചിട്ടുണ്ടെന്നും ജനങ്ങൾ പരിഭ്രാന്തരാകേണ്ട സാഹചര്യമില്ലെന്നും സൈനിക വൃത്തങ്ങൾ വ്യക്തമാക്കി.
മേഖലയിൽ കഴിഞ്ഞ കുറച്ചുദിവസങ്ങളായി നിലനിൽക്കുന്ന വൻ സൈനിക സംഘർഷങ്ങളുടെ തുടർച്ചയായാണ് പുതിയ ആക്രമണശ്രമം എന്നാണ് വിലയിരുത്തൽ. കഴിഞ്ഞ ദിവസങ്ങളിൽ കുവൈറ്റിലെ അലി അൽ സലേം വ്യോമതാവളത്തിന് (Ali Al Salem Base) നേരെയുണ്ടായ മിസൈൽ ആക്രമണത്തിൽ അമേരിക്കൻ റീപ്പർ ഡ്രോണുകൾക്ക് കേടുപാടുകൾ സംഭവിക്കുകയും ഏതാനും പേർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു.
സാഹചര്യം സൂക്ഷ്മമായി നിരീക്ഷിച്ചുവരികയാണെന്നും അടിയന്തര സാഹചര്യങ്ങൾ നേരിടാൻ വ്യോമസേനയും സുരക്ഷാ വിഭാഗങ്ങളും സജ്ജമാണെന്നും കുവൈറ്റ് സായുധ സേന അറിയിച്ചു. അടിയന്തര ഘട്ടങ്ങളിൽ ഔദ്യോഗിക സംവിധാനങ്ങൾ പുറപ്പെടുവിക്കുന്ന നിർദ്ദേശങ്ങളും വാർത്തകളും മാത്രം പൊതുജനങ്ങൾ പിന്തുടരണമെന്ന് അധികൃതർ അഭ്യർത്ഥിച്ചു.





More Stories
കേരള അസോസിയേഷൻ കുവൈറ്റിന്റെ ‘കിക്ക് 2026’ ചാമ്പ്യന്മാരായി ഫോക് കണ്ണൂർ
കുവൈറ്റ് എയർവേയ്സ് യാത്രാ ടിക്കറ്റുകൾ ഇനി മുതൽ പലിശരഹിത തവണ വ്യവസ്ഥയിൽ ലഭ്യമാകും
ചരിത്ര നിമിഷം ; ലുലു ഗ്രൂപ്പ് ചെയർമാൻ എം.എ. യൂസഫലിക്ക് കുവൈറ്റിൻറെ ആദ്യത്തെ ഗോൾഡൻ റസിഡൻസി