July 22, 2026

CNXN.TV

Kuwait News (കുവൈറ്റ് വാർത്തകൾ .Get the Latest Malayalam news in Kuwait & Today's Breaking News (ബ്രേക്കിങ് വാർത്ത) headlines in Malayalam .CNXN TV has the most recent Malayalam Gulf news and updates from Kuwait.

ഇറാൻ ആക്രമണങ്ങളെ ശക്തമായി അപലപിച്ച് കുവൈറ്റ് മന്ത്രിസഭ ; രാജ്യസുരക്ഷയ്ക്ക് സാധ്യമായ എല്ലാ നടപടികളും സ്വീകരിക്കും

കുവൈറ്റ് സിറ്റി : കുവൈത്തിലെ ജനവാസ മേഖലകളെയും വൈദ്യുതി, ജലശുദ്ധീകരണ നിലയങ്ങൾ, എണ്ണ മേഖലയിലെ പ്രമുഖ സ്ഥാപനങ്ങൾ ഉൾപ്പെടെയുള്ള നിർണായക അടിസ്ഥാന സൗകര്യങ്ങളെയും ലക്ഷ്യമിട്ട് ഇറാൻ നടത്തിയ മിസൈൽ-ഡ്രോൺ ആക്രമണങ്ങളെ കുവൈത്ത് മന്ത്രിസഭ ശക്തമായി അപലപിച്ചു. പ്രധാനമന്ത്രി ഷെയ്ഖ് അഹമ്മദ് അബ്ദുള്ള അൽ-അഹമ്മദ് അൽ-സബാഹിന്റെ അധ്യക്ഷതയിൽ ചേർന്ന പ്രതിവാര മന്ത്രിസഭാ യോഗത്തിലാണ് നയനിലപാട് വ്യക്തമാക്കി കാബിനറ്റ് പ്രസ്താവന പുറപ്പെടുവിച്ചത്.

ഈ ആക്രമണങ്ങൾ കുവൈത്തിന്റെ പരമാധികാരത്തിനും പ്രാദേശിക സുരക്ഷയ്ക്കും മേലുള്ള കടന്നുകയറ്റവും ഐക്യരാഷ്ട്രസഭയുടെ യുഎൻ ചാർട്ടർ, ജനീവ ഉടമ്പടികൾ, യുഎൻ രക്ഷാസമിതിയുടെ 2817 (2026) പ്രമേയം എന്നിവയുടെ ഗുരുതരമായ ലംഘനവുമാണെന്ന് കാബിനറ്റ് വിലയിരുത്തി. ആക്രമണങ്ങളുടെ പൂർണമായ നിയമപരവും ധാർമ്മികവുമായ ഉത്തരവാദിത്വം ഇറാനാണെന്ന് ചൂണ്ടിക്കാണിച്ച മന്ത്രിസഭ, യുഎൻ ചാർട്ടറിന്റെ 51-ാം അനുച്ഛേദം അനുസരിച്ച് സ്വയം പ്രതിരോധത്തിനും രാജ്യത്തിന്റെ പരമാധികാരം സംരക്ഷിക്കുന്നതിനുമായി ആവശ്യമായ എല്ലാ നടപടികളും സ്വീകരിക്കാൻ കുവൈത്തിന് അവകാശമുണ്ടെന്ന് വ്യക്തമാക്കി. കൂടാതെ ബഹ്‌റൈൻ, ഖത്തർ, ജോർദാൻ എന്നിവിടങ്ങൾക്ക് നേരെയുണ്ടായ ആക്രമണങ്ങളെ അപലപിച്ച കുവൈത്ത്, സൗദി അറേബ്യയ്ക്കും അന്താരാഷ്ട്ര കപ്പൽ ഗതാഗതത്തിനും എതിരായ ഹൂതി ഭീഷണികളെ തള്ളിക്കളയുകയും ജിസിസി സുരക്ഷയുടെ ഭാഗമായി സൗദിയോടൊപ്പം ഉറച്ചുനിൽക്കുമെന്ന് പ്രഖ്യാപിക്കുകയും ചെയ്തു.

സേനയുടെ സജ്ജീകരണങ്ങളെക്കുറിച്ച് പ്രതിരോധ മന്ത്രി ഷെയ്ഖ് അബ്ദുള്ള അലി അൽ-സബാഹും, അന്താരാഷ്ട്ര നയതന്ത്ര നീക്കങ്ങളെക്കുറിച്ച് വിദേശകാര്യ മന്ത്രി ഷെയ്ഖ് ജറാഹ് ജാബർ അൽ-അഹമ്മദ് അൽ-സബാഹും യോഗത്തിൽ വിശദീകരിച്ചു. ആക്രമണങ്ങളെത്തുടർന്ന് തന്ത്രപ്രധാന സേവനങ്ങൾ തടസ്സമില്ലാതെ നിലനിർത്താൻ സഹായിച്ച ‘വഫീർ’ (Waffir) എന്ന ദേശീയ ഊർജ്ജ-ജല സംരക്ഷണ പ്രചാരണത്തിൽ പങ്കാളികളായ പൗരന്മാർ, താമസക്കാർ, സർക്കാർ-സ്വകാര്യ സ്ഥാപനങ്ങൾ എന്നിവരെ കാബിനറ്റ് പ്രശംസിച്ചു. തുടർന്നും വിഭവങ്ങൾ മിതമായി ഉപയോഗിക്കാൻ ജനങ്ങളോട് അഭ്യർത്ഥിച്ചു. അതേസമയം, ആക്രമണങ്ങളിൽ പരിക്കേറ്റ് അൽ-അദാൻ ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്നവരെ പ്രധാനമന്ത്രി ഷെയ്ഖ് അഹമ്മദ് അബ്ദുള്ള നേരിട്ടെത്തി സന്ദർശിക്കുകയും, അവർക്ക് ആവശ്യമായ എല്ലാ വൈദ്യസഹായങ്ങളും ഉറപ്പാക്കുമെന്ന് ആരോഗ്യ മന്ത്രി ഡോ. അഹമ്മദ് അൽ-അവധിയുടെ സാന്നിധ്യത്തിൽ ഉറപ്പുനൽകുകയും ചെയ്തു.

error: Content is protected !!