July 25, 2026

CNXN.TV

Kuwait News (കുവൈറ്റ് വാർത്തകൾ .Get the Latest Malayalam news in Kuwait & Today's Breaking News (ബ്രേക്കിങ് വാർത്ത) headlines in Malayalam .CNXN TV has the most recent Malayalam Gulf news and updates from Kuwait.

സാമൂഹിക-ക്ഷേമ രംഗത്ത് ‘നാഫോ മാതൃക’ അനുകരണീയം: ജസ്റ്റിസ് എം. ആർ. ഹരിഹരൻ നായർ

കാരുണ്യത്തിന്റെയും സേവനത്തിന്റെയും ആഗോള ഐക്യത്തിന്റെയും സന്ദേശം ഉയർത്തിപ്പിടിച്ച് നാഫോ ഗ്ലോബൽ സോഷ്യോ വെൽഫെയർ സൊസൈറ്റി സംഘടിപ്പിച്ച ഏഴാമത് വാർഷിക പൊതുയോഗവും ഗ്ലോബൽ കൗൺസിൽ മീറ്റും കോട്ടയം ഹോട്ടൽ ഐഡയിൽ വിപുലമായ ജനപങ്കാളിത്തത്തോടെ നടന്നു. ഇന്ത്യയിലെയും വിദേശരാജ്യങ്ങളിലെയും പ്രതിനിധികൾ, വിശിഷ്ടാതിഥികൾ, പുതുതായി രൂപീകരിച്ച ഗ്ലോബൽ കൗൺസിൽ അംഗങ്ങൾ, സാമൂഹിക പ്രവർത്തകർ, നാഫോ ഭാരവാഹികൾ എന്നിവർ പങ്കെടുത്ത ചടങ്ങിൽ ഗ്ലോബൽ കൗൺസിലിന്റെ ഔദ്യോഗിക പ്രഖ്യാപനവും, സ്മാരക പ്രസിദ്ധീകരണത്തിന്റെ പ്രകാശനവും, വിവിധ പുരസ്‌കാര സമർപ്പണങ്ങളും നടന്നു.

ചടങ്ങ് ഉദ്ഘാടനം ചെയ്ത് സംസാരിച്ച കേരള ഹൈക്കോടതി മുൻ ജഡ്ജിയും നാഫോ ഗ്ലോബൽ രക്ഷാധികാരിയുമായ ജസ്റ്റിസ് എം. ആർ. ഹരിഹരൻ നായർ സാമൂഹിക-ക്ഷേമ പദ്ധതികളുടെ ആവിഷ്‌കരണത്തിലും നടത്തിപ്പിലും നാഫോ ഗ്ലോബൽ സ്വീകരിച്ച മാതൃക സർക്കാർ സംവിധാനങ്ങൾക്കുപോലും അനുകരിക്കാവുന്നതാണെന്ന് അഭിപ്രായപെട്ടു.

ജാതി-മത-വർഗ്ഗ ഭേദമന്യേ കേരളത്തിന്റെ വിവിധ ഭാഗങ്ങളിൽ ഒരു കോടിയോളം രൂപയുടെ ജീവകാരുണ്യ-സാമൂഹിക ക്ഷേമ പദ്ധതികൾ നാഫോ വിജയകരമായി നടപ്പാക്കിയിട്ടുണ്ടെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. സമൂഹത്തിൽ സന്തോഷം വിതറി സന്തോഷം കൊയ്യുന്ന മികച്ച മാതൃകയാണ് നാഫോ ഗ്ലോബലിന്റെ ആശ്വാസ പദ്ധതികളെന്നും അദ്ദേഹം പറഞ്ഞു.

നാഫോ ലൈഫ് ടൈം അച്ചീവ്മെന്റ് അവാർഡ് 2026 ഏറ്റുവാങ്ങിയ പ്രശസ്ത സാംസ്കാരിക പ്രവർത്തകൻ ശ്രീ സൂര്യ കൃഷ്ണമൂർത്തി മുഖ്യപ്രഭാഷണം നടത്തി. സാമൂഹിക ഉന്നമനത്തിന് ക്ഷേമ പ്രവർത്തനങ്ങൾ മാത്രം മതിയാകില്ലെന്നും, സമൂഹത്തിൽ മാറ്റം സൃഷ്ടിക്കുന്ന ധീരമായ ചോദ്യങ്ങളും ഉയരണമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. അദ്ദേഹത്തിനുള്ള നാഫോ ലൈഫ് ടൈം അച്ചീവ്മെന്റ് അവാർഡ് ജസ്റ്റിസ് എം. ആർ. ഹരിഹരൻ നായർ സമ്മാനിച്ചു.

നാഫോ ഗ്ലോബൽ പ്രസിഡന്റ് വി. ആർ. വിജയൻ നായർ അധ്യക്ഷത വഹിച്ച യോഗത്തിൽ പ്രശസ്ത ചലച്ചിത്ര സംവിധായകൻ ശ്രീ ജയരാജ് മുഖ്യാതിഥിയായിരുന്നു. മറ്റുള്ളവരുടെ ദുഃഖം നമ്മുടെ ദുഃഖമായും, മറ്റുള്ളവരുടെ സന്തോഷം നമ്മുടെ സന്തോഷമായും കാണാൻ നമ്മെ പഠിപ്പിക്കുന്നതാണ് നാഫോ പോലുള്ള സംഘടനകളെന്നും, അത്തരത്തിലുള്ള കൂട്ടായ്മകളിലൂടെ മനുഷ്യരാശിയെ മുഴുവൻ ഉൾക്കൊള്ളുന്ന മനോഭാവമാണ് വളരുന്നതെന്നും അദ്ദേഹം പറഞ്ഞു.

കോട്ടയം മുനിസിപ്പാലിറ്റിയുടെ മുൻ ചെയർമാനും എൻ.എസ്.എസ്. താലൂക്ക് യൂണിയൻ പ്രസിഡന്റുമായ ശ്രീ ബി. ഗോപകുമാർ വിശിഷ്ടാതിഥിയായി പങ്കെടുത്തു.

ലോകത്തെ ഇരുപതോളം രാജ്യങ്ങളിലായി നാഫോയുടെ സാന്നിധ്യവും പ്രവർത്തനങ്ങളും രേഖപ്പെടുത്തുന്ന സ്മാരക പ്രസിദ്ധീകരണം ചടങ്ങിൽ പ്രകാശനം ചെയ്തു. ലോകമെമ്പാടുമുള്ള അംഗങ്ങളെ ഏകോപിപ്പിച്ച് നാഫോയുടെ ആഗോള ശൃംഖല കൂടുതൽ ശക്തിപ്പെടുത്തുന്നതിനായി രൂപീകരിച്ച നാഫോ ഗ്ലോബൽ കൗൺസിലിന്റെ ഔദ്യോഗിക പ്രഖ്യാപനവും ചടങ്ങിന്റെ പ്രധാന ആകർഷണമായി.

പ്രവാസി സമൂഹത്തിലെ ശ്രദ്ധേയനായ സാമ്പത്തിക വിദഗ്ധനും അൽ റാഷിദ് ഇന്റർനാഷണൽ ഷിപ്പിംഗ് കമ്പനി, കുവൈറ്റിന്റെ ചീഫ് ഫിനാൻസ് ഓഫീസറുമായ ശ്രീ പ്രദീപ് മേനോന് നാഫോ രത്ന അവാർഡ് 2026 സമ്മാനിച്ചു. ആഗോള ഷിപ്പിംഗ് മേഖലയിലെ ശ്രദ്ധേയമായ സംഭാവനകൾക്കും, മികച്ച കോർപ്പറേറ്റ് നേതൃത്വത്തിനും, സാമൂഹിക പ്രതിബദ്ധതയ്ക്കുമുള്ള അംഗീകാരമായാണ് അദ്ദേഹത്തെ ആദരിച്ചത്. ചടങ്ങിൽ വിവിധ മേഖലകളിൽ മികവ് തെളിയിച്ച പ്രമുഖരെയും മികച്ച പഠനമികവ് നേടിയ വിദ്യാർത്ഥികളെയും ആദരിച്ചു.

നാഫോ ശ്രീ അവാർഡ് ശ്രീ അനീഷ് നായർക്ക് സമ്മാനിച്ചു.

നാഫോ ടൈറ്റാൻ അവാർഡ് ശ്രീ വിജയകൃഷ്ണൻ, ശ്രീ നവീൻ സി. പി., ശ്രീ രാജീവ് മേനോൻ സി. പി. എന്നിവർക്ക് നൽകി.

നാഫോ സ്റ്റാൾവാർട്ട് ബഹുമതി ശ്രീ മധുസൂദൻ ജി. മേനോൻ, ശ്രീ പ്രേംരാജ് നമ്പ്യാർ, ശ്രീ ആനന്ദ് മേനോൻ, ശ്രീ ജയചന്ദ്രൻ നായർ എന്നിവർക്ക് സമ്മാനിച്ചു.

നാഫോ ഭാരവാഹികളായ സി. കൃഷ്ണകുമാർ, അനീഷ് നായർ, കൃഷ്ണൻ കെ. പിള്ളൈ എന്നിവർ വിശിഷ്ടാതിഥികളെ സദസിന് പരിചയപ്പെടുത്തി.

ബാലസുന്ദരൻ നായർ, രജനി മേനോൻ, ശ്രീനി സി. നായർ, ഹരീഷ് കുമാർ എന്നിവർ ആശംസകൾ നേർന്നു.

മാളവിക നായർ അവതാരകയായ ചടങ്ങിന്റെ വിവിധ പരിപാടികൾ വിജയകുമാർ പി. നായർ, പ്രദീപ് കുമാർ, ഗൗതം കൃഷ്ണ എന്നിവർ നിയന്ത്രിച്ചു.

നാഫോ ഗ്ലോബൽ ജനറൽ സെക്രട്ടറി മുരളി എസ്. നായർ സ്വാഗതവും ട്രഷറർ പി. എസ്. കൃഷ്ണകുമാർ നന്ദിയും രേഖപ്പെടുത്തി.

സേവനവും സഹകരണവും മാനവിക മൂല്യങ്ങളും ഉയർത്തിപ്പിടിച്ച ഈ മഹാസംഗമം, നാഫോ ഗ്ലോബലിന്റെ സാമൂഹിക പ്രതിബദ്ധതയുടെയും ആഗോള കാഴ്ചപ്പാടിന്റെയും മറ്റൊരു സുപ്രധാന നാഴികക്കല്ലായി മാറി. ഗ്ലോബൽ കൗൺസിലിന്റെ രൂപീകരണവും, സമൂഹത്തിന് മാതൃകയായ വ്യക്തികളെ ആദരിച്ചതും, ലോകമെമ്പാടുമുള്ള അംഗങ്ങളുടെ പുതുക്കിയ പ്രതിബദ്ധതയും നാഫോ ഗ്ലോബലിന്റെ സേവനയാത്രയ്ക്ക് പുതിയ കരുത്തും ദിശാബോധവും പകരുന്നതായി സമ്മേളനം വിലയിരുത്തി.

error: Content is protected !!