കുവൈറ്റ് സിറ്റി: സാമൂഹിക മാധ്യമങ്ങളിലൂടെ കഞ്ചാവ് ഉപയോഗം പ്രോത്സാഹിപ്പിക്കുന്ന രീതിയിൽ വീഡിയോകൾ പ്രചരിപ്പിച്ച സോഷ്യൽ മീഡിയ ഇൻഫ്ളുവൻസറെ കുവൈറ്റ് ആഭ്യന്തര മന്ത്രാലയം അറസ്റ്റ് ചെയ്തു. രാജ്യത്ത് മയക്കുമരുന്നിനെതിരെയും ഓൺലൈൻ വഴിയുള്ള മയക്കുമരുന്ന് പ്രചാരണങ്ങൾക്കെതിരെയും തുടരുന്ന ശക്തമായ നടപടികളുടെ ഭാഗമായാണ് അറസ്റ്റ്. കുറ്റകൃത്യ സുരക്ഷാ വിഭാഗത്തിന് കീഴിലുള്ള ജനറൽ ഡയറക്ടറേറ്റ് ഫോർ ഡ്രഗ് കൺട്രോൾ ആണ് പ്രതിയെ പിടികൂടിയത്. കഞ്ചാവ് ദോഷകരമല്ലാത്ത പദാർത്ഥമാണെന്ന് വരുത്തിത്തീർക്കുന്ന തരത്തിലും, അതിൻ്റെ ഉപയോഗത്തെക്കുറിച്ച് തെറ്റിദ്ധാരണാജനകമായ അവകാശവാദങ്ങൾ ഉന്നയിക്കുന്നതുമായ ദൃശ്യങ്ങൾ അധികൃതർ നിരീക്ഷിച്ചതിനെ തുടർന്നാണ് നടപടി.
യുവാക്കൾ ഉൾപ്പെടെയുള്ള സോഷ്യൽ മീഡിയ ഫോളോവേഴ്‌സിനെ മയക്കുമരുന്ന് ഉപയോഗിക്കാൻ പ്രേരിപ്പിക്കുന്ന തരത്തിലാണ് ഇയാൾ വീഡിയോകൾ നിർമ്മിച്ചതെന്ന് ആഭ്യന്തര മന്ത്രാലയം അറിയിച്ചു. തുടർന്ന് നടത്തിയ അന്വേഷണത്തിൽ ഇയാളെ തിരിച്ചറിയുകയും അറസ്റ്റ് ചെയ്യുകയുമായിരുന്നു. തൻ്റെ സ്വന്തം സോഷ്യൽ മീഡിയ അക്കൗണ്ടിലൂടെയാണ് വീഡിയോകൾ പങ്കുവെച്ചതെന്ന് ചോദ്യം ചെയ്യലിൽ പ്രതി സമ്മതിച്ചിട്ടുണ്ട്. തുടർ നിയമനടപടികൾക്കായി പ്രതിയെ ബന്ധപ്പെട്ട നീതിന്യായ വിഭാഗത്തിന് കൈമാറി.
2025-ലെ ഡിക്രി നിയമം 159-ൻ്റെ ലംഘനമാണ് ഇയാൾ നടത്തിയിരിക്കുന്നത്. ഈ നിയമത്തിലെ ആർട്ടിക്കിൾ 51 പ്രകാരം സോഷ്യൽ മീഡിയയിലൂടെയോ മറ്റ് മാർഗ്ഗങ്ങളിലൂടെയോ മയക്കുമരുന്ന് ഉപയോഗം പ്രോത്സാഹിപ്പിക്കുകയോ പ്രേരിപ്പിക്കുകയോ ചെയ്യുന്നവർക്ക് മൂന്ന് വർഷം വരെ തടവും 5000 കുവൈറ്റ് ദിനാർ വരെ പിഴയും അല്ലെങ്കിൽ രണ്ട് ശിക്ഷകളും ഒരുമിച്ച് അനുഭവിക്കേണ്ടി വരും. മയക്കുമരുന്ന് പ്രചരിപ്പിക്കുന്നവർക്കെതിരെയും തെറ്റായ വിവരങ്ങൾ നൽകി പൊതുജനങ്ങളെ വഞ്ചിക്കുന്നവർക്കെതിരെയും കർശനമായ നിയമനടപടികൾ തുടരുമെന്ന് ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കി.





More Stories
കുവൈറ്റ് ഹവല്ലി, മുബാറക് അൽ കബീർ മേഖലകളിൽ സാങ്കേതിക തകരാറിനെ തുടർന്ന് വൈദ്യുതി മുടങ്ങി : പുനഃസ്ഥാപിക്കാൻ അടിയന്തര നടപടി
അപകടകരമായും അശ്രദ്ധമായും വാഹനമോടിച്ചയാളെ അറസ്റ്റ് ചെയ്ത് കുവൈറ്റ് ജനറൽ ട്രാഫിക് ഡിപ്പാർട്ട്മെന്റ് ; വാഹനം പിടിച്ചെടുത്ത് പൊളിച്ചുനീക്കി
കുവൈറ്റ് സിറ്റിയിൽ പാർപ്പിട സമുച്ചയത്തിൽ ഡ്രോൺ ആക്രമണത്തെ തുടർന്നുണ്ടായ തീപിടുത്തം നിയന്ത്രണവിധേയമാക്കിയതായി ഫയർ ഫോഴ്സ് ; ആളപായമില്ല