കുവൈറ്റ് സിറ്റി: രാജ്യത്തെ സുരക്ഷാ സംവിധാനങ്ങൾ കൂടുതൽ ശക്തമാക്കുന്നതിന്റെ ഭാഗമായി വിവിധ സ്ഥാപനങ്ങളിലും വാണിജ്യ-താമസ സമുച്ചയങ്ങളിലും സിസിടിവി സെക്യൂരിറ്റി ക്യാമറകൾ സ്ഥാപിക്കുന്നത് നിർബന്ധമാക്കിക്കൊണ്ട് കുവൈറ്റ് ആഭ്യന്തര മന്ത്രാലയം പുതിയ നിയമം പുറപ്പെടുവിച്ചു. ചൊവ്വാഴ്ചയാണ് മന്ത്രാലയം ഇത് സംബന്ധിച്ച കർശന നിർദ്ദേശം നൽകിയത്. ക്യാമറകളിൽ നിന്നുളള നിരീക്ഷണ ദൃശ്യങ്ങൾ യാതൊരുവിധ തിരുത്തലുകളും വരുത്താതെ (unedited) കുറഞ്ഞത് 120 ദിവസത്തേക്ക് നിർബന്ധമായും സൂക്ഷിച്ചുവെക്കണമെന്ന് പ്രോപ്പർട്ടി ഉടമകളോട് മന്ത്രാലയം ആവശ്യപ്പെട്ടിട്ടുണ്ട്.
പുതിയ നിയമപ്രകാരം സുരക്ഷാ ക്യാമറകൾ സ്ഥാപിക്കാൻ ബാധ്യസ്ഥരായ സ്ഥാപനങ്ങളുടെ പട്ടികയും മന്ത്രാലയം പുറത്തുവിട്ടിട്ടുണ്ട്. ഹോട്ടലുകൾ, ഹോട്ടൽ അപ്പാർട്ട്മെന്റുകൾ, മാളുകൾ, വാണിജ്യ സമുച്ചയങ്ങൾ, കോപ്പറേറ്റീവ് സൊസൈറ്റികൾ, റെസിഡൻഷ്യൽ കോംപ്ലക്സുകൾ, ബാങ്കുകൾ എന്നിവടങ്ങളിൽ സിസിടിവി നിർബന്ധമാണ്. കൂടാതെ, യൂത്ത് സെന്ററുകൾ, സ്പോർട്സ്-സാംസ്കാരിക ക്ലബുകൾ, പെട്രോൾ പമ്പുകൾ, പള്ളികൾ ഉൾപ്പെടെയുള്ള ആരാധനാലയങ്ങൾ, വ്യവസായ മേഖലകൾ, ഡോക്കിംഗ് ഏരിയകൾ, ഷൂട്ടിംഗ് റേഞ്ചുകൾ, വെയർഹൗസുകൾ, വിലപിടിപ്പുള്ളതോ അപകടകരമായതോ ആയ വസ്തുക്കൾ സൂക്ഷിക്കുന്ന സംഭരണശാലകൾ എന്നിവയും ഈ നിയമത്തിന്റെ പരിധിയിൽ വരും.
സ്ഥാപിക്കുന്ന ക്യാമറകൾ കൃത്യമായ ഇടവേളകളിൽ അറ്റകുറ്റപ്പണികൾ നടത്തണമെന്നും സാങ്കേതികമായി നിരന്തരം അപ്ഡേറ്റ് ചെയ്യണമെന്നും മന്ത്രാലയം ഓർമ്മിപ്പിച്ചു. നിയമം കൃത്യമായി പാലിക്കപ്പെടുന്നുണ്ടെന്ന് ഉറപ്പാക്കാൻ സുരക്ഷാ വിഭാഗം പരിശോധനകൾ നടത്തും. ഈ പുതിയ സുരക്ഷാ നിയമവുമായി ബന്ധപ്പെട്ട സംശയങ്ങൾക്കും അന്വേഷണങ്ങൾക്കുമായി 25580888 എന്ന വാട്സ്ആപ്പ് നമ്പർ പൊതുജനങ്ങൾക്കായി ലഭ്യമാക്കിയിട്ടുണ്ടെന്നും ആഭ്യന്തര മന്ത്രാലയം അറിയിച്ചു.





More Stories
കുവൈറ്റ് സിറ്റിയിൽ പാർപ്പിട സമുച്ചയത്തിൽ ഡ്രോൺ ആക്രമണത്തെ തുടർന്നുണ്ടായ തീപിടുത്തം നിയന്ത്രണവിധേയമാക്കിയതായി ഫയർ ഫോഴ്സ് ; ആളപായമില്ല
ഒരിടവേളക്ക് ശേഷം കുവൈറ്റിനു നേരെ വീണ്ടും മിസൈൽ-ഡ്രോൺ ആക്രമണശ്രമം: പ്രതിരോധ സംവിധാനങ്ങൾ സജ്ജമെന്ന് സൈന്യം ; രാജ്യം അതീവ ജാഗ്രതയിൽ
കുവൈറ്റ് അബ്ദലി ഫാമിൽ സഹപ്രവർത്തകനെ കുത്തിക്കൊലപ്പെടുത്തി : ഇന്ത്യക്കാരൻ അറസ്റ്റിൽ