കുവൈറ്റ് സിറ്റി: രാജ്യത്തെ ഫാർമസ്യൂട്ടിക്കൽ മേഖലയിൽ കർശന നിയന്ത്രണം ഏർപ്പെടുത്തുന്നതിന്റെ ഭാഗമായി നിയമലംഘനം നടത്തിയ രണ്ട് സ്വകാര്യ ഫാർമസികളുടെ ലൈസൻസ് കുവൈറ്റ് ആരോഗ്യ മന്ത്രാലയം റദ്ദാക്കി. മറ്റൊരു ഫാർമസിയുടെ പ്രവർത്തനം ആറുമാസത്തേക്ക് താൽക്കാലികമായി സസ്‌പെൻഡ് ചെയ്യാനും മന്ത്രാലയം ഉത്തരവിട്ടു. ആരോഗ്യ മന്ത്രി ഡോ. അഹമ്മദ് അബ്ദുൾ വഹാബ് അൽ-അവാധിയാണ് ഇതുസംബന്ധിച്ച മന്ത്രിതല തീരുമാനങ്ങൾ പുറപ്പെടുവിച്ചത്.
ലൈസൻസിംഗ് ചട്ടങ്ങളും മരുന്നുകളുടെ വിതരണവുമായി ബന്ധപ്പെട്ട 2025-ലെ 237-ാം നമ്പർ മന്ത്രിതല പ്രമേയം ലംഘിച്ചതിനാണ് രണ്ട് ഫാർമസികൾക്കെതിരെ നടപടിയെടുത്തത്. മന്ത്രാലയത്തിന്റെ മുൻകൂർ അനുമതിയില്ലാതെ ആറുമാസത്തിലേറെയായി പ്രവർത്തനം നടത്താതെ ലൈസൻസ് ദുരുപയോഗം ചെയ്തുവെന്ന് കണ്ടെത്തിയതിനെ തുടർന്നാണ് ഇവയുടെ ലൈസൻസ് സ്ഥിരമായി റദ്ദാക്കിയത്.
ഡോക്ടറുടെ കുറിപ്പടി (Prescription) ഇല്ലാതെ മരുന്നുകൾ വിറ്റതിനും, മരുന്നുകളുടെ സ്റ്റോക്ക് രേഖകളും യഥാർത്ഥ സ്റ്റോക്കും തമ്മിൽ പൊരുത്തക്കേടുകൾ കണ്ടെത്തിയതിനുമാണ് മൂന്നാമത്തെ ഫാർമസിക്കെതിരെ നടപടിയെടുത്തത്. ഈ ഫാർമസി ആറുമാസത്തേക്ക് അടച്ചുപൂട്ടാൻ അധികൃതർ നിർദ്ദേശം നൽകി.
പൊതുജനാരോഗ്യം സംരക്ഷിക്കുന്നതിനും മരുന്നുകളുടെ സുരക്ഷിതമായ വിതരണം ഉറപ്പാക്കുന്നതിനും പരിശോധനകൾ ശക്തമായി തുടരുമെന്ന് മന്ത്രാലയം വ്യക്തമാക്കി. നിയമങ്ങൾ ലംഘിക്കുന്ന സ്ഥാപനങ്ങൾക്കെതിരെ വിട്ടുവീഴ്ചയില്ലാത്ത നടപടികൾ സ്വീകരിക്കുമെന്നും അധികൃതർ മുന്നറിയിപ്പ് നൽകി.





More Stories
കുവൈറ്റ് ഹവല്ലി, മുബാറക് അൽ കബീർ മേഖലകളിൽ സാങ്കേതിക തകരാറിനെ തുടർന്ന് വൈദ്യുതി മുടങ്ങി : പുനഃസ്ഥാപിക്കാൻ അടിയന്തര നടപടി
അപകടകരമായും അശ്രദ്ധമായും വാഹനമോടിച്ചയാളെ അറസ്റ്റ് ചെയ്ത് കുവൈറ്റ് ജനറൽ ട്രാഫിക് ഡിപ്പാർട്ട്മെന്റ് ; വാഹനം പിടിച്ചെടുത്ത് പൊളിച്ചുനീക്കി
കുവൈറ്റ് സിറ്റിയിൽ പാർപ്പിട സമുച്ചയത്തിൽ ഡ്രോൺ ആക്രമണത്തെ തുടർന്നുണ്ടായ തീപിടുത്തം നിയന്ത്രണവിധേയമാക്കിയതായി ഫയർ ഫോഴ്സ് ; ആളപായമില്ല