കുവൈറ്റ് സിറ്റി: രാജ്യത്തെ ഡിജിറ്റൽ പരിവർത്തനത്തിന്റെ ഭാഗമായി ഗാർഹിക ഡ്രൈവർ വിസകൾ ഓൺലൈനായി അനുവദിക്കുന്ന പുതിയ സംവിധാനം കുവൈറ്റ് ആഭ്യന്തര മന്ത്രാലയം നടപ്പിലാക്കി. ഏകീകൃത സർക്കാർ ആപ്ലിക്കേഷനായ ‘സഹൽ’ (Sahel) വഴി ഇനി മുതൽ സ്വദേശികൾക്ക് പുതിയ ഡ്രൈവർമാർക്കുള്ള എൻട്രി വിസകൾക്കായി അപേക്ഷിക്കാം.
നേരത്തെ സർവീസ് സെന്ററുകളിൽ നേരിട്ടെത്തി പൂർത്തിയാക്കേണ്ടിയിരുന്ന ഈ നടപടിക്രമം ഇനിമുതൽ വിരൽത്തുമ്പിൽ ലഭ്യമാകും. ആഭ്യന്തര മന്ത്രാലയത്തിലെ ഹ്യൂമൻ റിസോഴ്‌സ് – ഇൻഫർമേഷൻ ടെക്നോളജി വിഭാഗവും റെസിഡൻസി അഫയേഴ്‌സ് സെക്ടറും സംയുക്തമായാണ് ഈ ഓൺലൈൻ സേവനം ഒരുക്കിയിരിക്കുന്നത്.
പൊതുജനങ്ങൾക്ക് സർക്കാർ സേവനങ്ങൾ വേഗത്തിലും ലളിതമായും ലഭ്യമാക്കുക എന്നതാണ് പുതിയ നീക്കത്തിലൂടെ മന്ത്രാലയം ലക്ഷ്യമിടുന്നത്. സേവന കേന്ദ്രങ്ങളിലെ തിരക്ക് കുറയ്ക്കാനും ഉപയോക്താക്കളുടെ സമയവും അധ്വാനവും ലാഭിക്കാനും ഈ സംവിധാനം സഹായിക്കും. കുവൈറ്റിന്റെ സംയോജിത ഡിജിറ്റൽ ഗവൺമെന്റ് വിഷന്റെ ഭാഗമായാണ് ഇത്തരം കൂടുതൽ സേവനങ്ങൾ ഓൺലൈൻ പ്ലാറ്റ്‌ഫോമുകളിലേക്ക് മാറ്റുന്നത്.
പുതിയ ഗാർഹിക ഡ്രൈവർമാരെ കൊണ്ടുവരാൻ ആഗ്രഹിക്കുന്ന കുവൈറ്റ് പൗരന്മാർക്ക് സഹൽ ആപ്പിലെ റെസിഡൻസി സേവനങ്ങളുടെ ഭാഗമായി ഈ സൗകര്യം ഉപയോഗപ്പെടുത്താം. സുരക്ഷാ മാനദണ്ഡങ്ങൾ പാലിച്ചുകൊണ്ട് തന്നെ നടപടികൾ വേഗത്തിൽ പൂർത്തിയാക്കാൻ ഇതിലൂടെ സാധിക്കുമെന്ന് അധികൃതർ വ്യക്തമാക്കി.





More Stories
കേരള അസോസിയേഷൻ കുവൈറ്റിന്റെ ‘കിക്ക് 2026’ ചാമ്പ്യന്മാരായി ഫോക് കണ്ണൂർ
കുവൈറ്റ് എയർവേയ്സ് യാത്രാ ടിക്കറ്റുകൾ ഇനി മുതൽ പലിശരഹിത തവണ വ്യവസ്ഥയിൽ ലഭ്യമാകും
ചരിത്ര നിമിഷം ; ലുലു ഗ്രൂപ്പ് ചെയർമാൻ എം.എ. യൂസഫലിക്ക് കുവൈറ്റിൻറെ ആദ്യത്തെ ഗോൾഡൻ റസിഡൻസി