കുവൈറ്റ് സിറ്റി: മേഖലയിൽ നിലനിൽക്കുന്ന സംഘർഷാവസ്ഥയുടെ പശ്ചാത്തലത്തിൽ കുവൈറ്റിൽ സുരക്ഷാ നടപടികൾ ഊർജിതമാക്കി. കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നായി ലഭിച്ച 11 പരാതികളിൽ ആഭ്യന്തര മന്ത്രാലയത്തിന് കീഴിലുള്ള സ്ഫോടകവസ്തു നിർവീര്യീകരണ വിഭാഗം (EOD) പരിശോധന നടത്തിയതായി അധികൃതർ അറിയിച്ചു.
ഇറാനുമായി ബന്ധപ്പെട്ട പ്രാദേശിക സംഘർഷങ്ങൾ ആരംഭിച്ചതിന് ശേഷം ഇതുവരെ സ്ഫോടകവസ്തു വിഭാഗം കൈകാര്യം ചെയ്ത കേസുകളുടെ എണ്ണം 472 ആയി ഉയർന്നു. ശനിയാഴ്ച നടന്ന ഔദ്യോഗിക വാർത്താ സമ്മേളനത്തിൽ ആഭ്യന്തര മന്ത്രാലയ വക്താവ് ബ്രിഗേഡിയർ നാസർ ബൂസ്‌ലൈബ് ആണ് ഈ വിവരങ്ങൾ വ്യക്തമാക്കിയത്.
കഴിഞ്ഞ 24 മണിക്കൂറിനിടെ രാജ്യത്ത് ഒൻപത് തവണയാണ് വ്യോമാക്രമണ മുന്നറിയിപ്പ് നൽകുന്ന സൈറണുകൾ മുഴങ്ങിയത്. ഇതോടെ നിലവിലെ സാഹചര്യം തുടങ്ങിയതിന് ശേഷം ആകെ സൈറൺ മുഴങ്ങിയ തവണകളുടെ എണ്ണം 116 ആയി. ഡ്രോൺ, മിസൈൽ ആക്രമണ സാധ്യതകൾ കണക്കിലെടുത്താണ് പലപ്പോഴും സൈറണുകൾ പ്രവർത്തിപ്പിക്കുന്നത്.
രാജ്യത്തെ സുരക്ഷാ സ്ഥിതിഗതികൾ അധികൃതർ സൂക്ഷ്മമായി നിരീക്ഷിച്ചു വരികയാണ്. പൊതുജനങ്ങൾ പരിഭ്രാന്തരാകേണ്ടതില്ലെന്നും എന്നാൽ അതീവ ജാഗ്രത പാലിക്കണമെന്നും ആഭ്യന്തര മന്ത്രാലയം നിർദ്ദേശിച്ചു. ഔദ്യോഗിക മാധ്യമങ്ങളിലൂടെ നൽകുന്ന സുരക്ഷാ നിർദ്ദേശങ്ങൾ കർശനമായി പാലിക്കണമെന്നും സംശയാസ്പദമായ സാഹചര്യങ്ങളോ വസ്തുക്കളോ ശ്രദ്ധയിൽപ്പെട്ടാൽ ഉടൻ അധികൃതരെ വിവരം അറിയിക്കണമെന്നും ബ്രിഗേഡിയർ നാസർ ബൂസ്‌ലൈബ് അഭ്യർത്ഥിച്ചു.
വ്യോമ പ്രതിരോധ സംവിധാനങ്ങൾ സജ്ജമാണെന്നും ഏത് സാഹചര്യത്തെയും നേരിടാൻ രാജ്യം ഒരുങ്ങിയിട്ടുണ്ടെന്നും മന്ത്രാലയം വ്യക്തമാക്കി.





More Stories
പുതുതായി അനുവദിച്ച എൻട്രി വിസകൾക്ക് കാലാവധി നീട്ടി നൽകില്ല : കുവൈറ്റ് ആഭ്യന്തര മന്ത്രാലയം
കുവൈറ്റ് അറേബ്യൻ ഗൾഫ് സ്ട്രീറ്റിൽ ഏപ്രിൽ 23 മുതൽ മേയ് 3 വരെ രണ്ട് ഘട്ടങ്ങളിലായി ഗതാഗത നിയന്ത്രണം
തൊഴിലാളികളുടെ ശമ്പളം കൃത്യസമയത്ത് നൽകണം ; തൊഴിലുടമകൾക്ക് കർശന നിർദ്ദേശവുമായി കുവൈറ്റ് മാൻപവർ അതോറിറ്റി