May 20, 2024

CNXN.TV

Kuwait News (കുവൈറ്റ് വാർത്തകൾ .Get the Latest Malayalam news in Kuwait & Today's Breaking News (ബ്രേക്കിങ് വാർത്ത) headlines in Malayalam .CNXN TV has the most recent Malayalam Gulf news and updates from Kuwait.

ക്രിസ്തുമസ് പങ്കുവയ്ക്കപ്പെടേണ്ട സുവിശേഷം


ജോബി ബേബി

സഭയുടെ സുവിശേഷം ക്രിസ്തുവാണ്.ക്രിസ്താനുഭവത്തിന്റെ പങ്കിടലാണ് സുവിശേഷീകരണം.ക്രിസ്തുവിൽ ലോകം കണ്ടത്‌ മാനവികതയുടെ പൂത്തുലയലാണ്.നീതിയുടെയും തുല്യതയുടെയും സമഗ്രതയുടെയും ദൈവരാജ്യഅനുഭവത്തിലേക്കുള്ള വരവേൽപ്പാണ് ക്രിസ്തുമസിന്റെ സുവിശേഷം.ഭൂലോകത്തിന്റെ ഏതാണ്ടെല്ലായിടങ്ങളിലും ഈ സുവാർത്ത ഘോഷിക്കപ്പെടുകയും ജനസമൂഹങ്ങൾ ജീവിതത്തെക്കുറിച്ചുള്ള നവദർശനങ്ങളിലേക്ക് ആനയിക്കപ്പെടുകയും ചെയ്യ്തിട്ടുണ്ട്.അതു കൊണ്ട് തന്നെ ക്രിസ്തുമസ് നൽകുന്ന വെളിച്ചം സഭകളുടെ ജന്മ രഹസ്യവും ജീവശ്വാസവുമാണ്.

എന്നാൽ വിശ്വാസപ്രസ്ഥാനങ്ങൾ വ്യവസ്ഥാപിത മതഘടനകളായി മാറിയപ്പോൾ ക്രിസ്തുവിന്റെ സുവിശേഷീകരണം കേവലം മതപരിവർത്തനമായി മാത്രം വ്യാഖ്യാനിക്കപ്പെട്ടു.മാത്രവുമല്ല ചില ക്രൈസ്തവ വിഭാഗങ്ങളെങ്കിലും അത്തരത്തിൽ സുവിശേഷീകരണത്തെ ദുരുപയോഗപ്പെടുത്തുകയും ചെയ്യ്തു.ഇന്ത്യയെപ്പോലെയുള്ള ബഹുസ്വരാത്മക സമൂഹങ്ങളിൽ സുവിശേഷീകരണം പരസ്പര ആദരവിന്റേയും ഉൾക്കൊള്ളലിന്റെയും രീതികൾ സൂക്ഷിക്കേണ്ടതുണ്ട്.ദാരിദ്യം വർദ്ധിപ്പിക്കുന്ന സാമ്പത്തികക്രമങ്ങളുടെയും വിദ്വേഷവും വെറുപ്പും വളർത്തുന്ന മത-സാംസ്‌കാരിക പ്രവണതകളുടെയും സമകാലിക പശ്ചാത്തലത്തിൽ ക്രിസ്തുമസ് നൽകുന്ന സന്ദേശം വളരെ വലുതാണ്.നിരാലംബരോടും,ബഹിഷ്‌കൃതരോടും പീഡിതരോടുമുള്ള ഐക്യദാർഢ്യത്തിന്റെ ക്രിസ്തുഭവമാണ് ക്രിസ്തുമസ് പങ്കുവയ്ക്കുന്നത്.അതുമൂലം ക്രിസ്തു സുവിശേഷീകരണത്തിന്റെ പക്ഷം ചേരൽ രീതിയാണുണ്ടാവുക.ഒരു പക്ഷേ സഭയുടെ തന്നെ സ്വതബോധത്തിന്റെ പരിവർത്തനമായിട്ടായിരിക്കും അത്‌ സംഭവിക്കുക.