May 20, 2024

CNXN.TV

Kuwait News (കുവൈറ്റ് വാർത്തകൾ .Get the Latest Malayalam news in Kuwait & Today's Breaking News (ബ്രേക്കിങ് വാർത്ത) headlines in Malayalam .CNXN TV has the most recent Malayalam Gulf news and updates from Kuwait.

ക്രിസ്തുമസ്:സ്വസ്ഥതയും അസ്വസ്ഥതയും

ജോബി ബേബി

ക്രിസ്തു ജനനം വിവരിക്കുന്ന രണ്ട് സുവിശേഷങ്ങളിൽ വി.മത്തായി മാത്രം രേഖപ്പെടുത്തുന്ന ഒരു സംഭവമാണ് വിദ്വാന്മാരുടെ സന്ദർശനം.വിദ്വാന്മാരിൽ നിന്ന് യേശുവിന്റെ ജനനം മനസിലാക്കുന്ന ഹെരോദാരാജാവ് ഭ്രമിച്ചതായി വി.മത്തായി 2:3ൽ പറയുന്നു.ക്രിസ്തു ജനനം സ്വസ്ഥത മാത്രമല്ല ചിലരിലെങ്കിലും അസ്വസ്ഥതയും സൃഷ്ടിക്കുന്നു.”സർവ മനുഷ്യർക്കുമുള്ള മഹാ സന്തോഷം”എന്നായിരുന്നു.ജനന വാർത്ത ഇടയന്മാരോട് വിളംബരം നടത്തിയ ദൂത ഗണത്തിന്റെ സുവിശേഷം.അതോടൊപ്പം സ്വർഗ്ഗീയ സൈന്യം ദൂതനോട് ചേർന്ന് ദൈവത്തെ പുകഴ്ത്തി പറഞ്ഞു.”അത്യുന്നതങ്ങളിൽ ദൈവത്തിനു മഹത്വം ഭൂമിയിൽ സന്മനസ്സുള്ളവർക്ക്(ദൈവപ്രാസാദം ഉള്ളവർക്ക്)സമാധാനം.”അപ്പോൾ ന്യായമായും സന്മനസ്സ് ഇല്ലാത്തവർക്ക് (ദൈവപ്രാസാദം ഇല്ലാത്തവർക്ക്)തിരുജനനം അസമാധാനം ഉണ്ടാക്കാം എന്ന് ഈ വാക്കുകൾ വ്യക്തമാക്കുന്നു.

ക്രിസ്തുമസിൽ രൂപപ്പെടുന്ന സ്വസ്ഥത: ക്രിസ്തുമസ് നൽകുന്ന ശാന്തി ഒരു പുതിയ മനുഷ്യ-ദൈവ ബന്ധത്തിന് തുടക്കം കുറിച്ചതും മനുഷ്യന്റെ ഭാവി രൂപം വ്യക്തമായതും മാത്രമല്ല,ഈ ജനനം മനുഷ്യ രക്ഷയുടെ ഒരു അടയാളം കൂടിയാണ്.പാപത്തിനും ജീർണ്ണതയ്ക്കും വിധേയമായിരുന്ന മനുഷ്യസ്വത്വം ക്രിസ്തുവിന്റെ ജനനത്തോടെ പനഃസൃഷ്ടിക്കപ്പെട്ടു.സാമ്പത്തീക-രാഷ്ട്രീയ-ധാർമീക രംഗങ്ങളിലെല്ലാം ക്രിസ്തു സംഭവം ഒരു പുനഃക്രമീകരണത്തിനു പ്രേരണ നൽകിയതായിട്ടാണ് ആദിമസഭ മനസ്സിലാക്കുന്നത്.മനുഷ്യനിലെ ദൈവീക സാന്നിധ്യം സൃഷ്ടിക്കപ്പെടുന്ന പുതിയ അവബോധം സമൂഹത്തിന്റെ പുനഃസൃഷ്ടിക്ക് പ്രേരകമാകും എന്നാണ് യേശുവിന്റെ മനുഷ്യാവതാരത്തിന്റെ സവിശേഷത.സമൂഹത്തിലെ സകല അനീതിയ്ക്കും ജീർണ്ണതയ്ക്കും എതിരെയുള്ള ചെറുത്തുനിൽപ്പിലൂടെ നീതി നിറഞ്ഞ സമൂഹസൃഷ്ടിക്ക് മാതൃകയും പ്രേരണയും നൽകാനുള്ള സഭയുടെ വിളിയാണ് ക്രിസ്തുവിന്റെ ജനനത്തിൽ അന്തർലീനമായി നാം ദർശിക്കുന്നത്.അപ്പോൾ അപ്രകാരമുള്ള ഒരു നീതി വ്യവസ്ഥയ്ക്കായി നോക്കിപ്പാർക്കുന്ന ഏവരെയും ഈ ജനനം സ്വസ്ഥതയിലേക്ക് നയിക്കുന്നു.

ക്രിയാത്മക അസ്വസ്ഥതയിലേക്ക് നയിക്കേണ്ട ക്രിസ്തുമസ്:

യേശുവിന്റെ ജനനവുമായി ബന്ധപ്പെട്ട് നടന്നതായി പരാമർശിക്കപ്പെടുന്ന ശിശുക്കളുടെ കൂട്ടക്കൊല രാഷ്ട്രീയമായ ഒരു പ്രതിക്രിയശ്രമമാണ്.നീതിലോകം സൃഷ്ടിക്കപ്പെടാൻ പോകുന്നു എന്നു ഭയപ്പെട്ട കിരാതനായ ഒരു ഭരണാധികാരിയുടെ കൊടും പ്രതികരമാണിത്.അനീതിയുടെ മേഖലയിൽ,അധമന്മാരായ ഭരണാധികാരികളിൽ ജനിപ്പിക്കുന്ന ഭയവും അരക്ഷിതബോധവും എത്ര വലുതാണ് എന്ന് ഈ സംഭവം വിളിച്ചോതുന്നു.ഹെരോദ്യ ചിന്തകൾ വെച്ചു പുലർത്തുന്ന ഏവർക്കും അന്നും ഇന്നും തിരുപ്പിറവി ഒരു ഭീഷണി തന്നെയാണ്.അധികാര വടംവലികളും അംഗീകാരത്തിനായുള്ള നെട്ടോട്ടവും ആഡംബര ജീവിത ശൈലിയും ക്രൈസ്തവ ജീവിതത്തെ അപകടകരമാം വിധം ഗ്രസിച്ചിരിക്കുന്നു.ഹെരോദാവിന്റെ ആത്മാവ് നമ്മിൽ ഏറിയും കുറഞ്ഞുമിരിക്കുന്നു.എന്നാൽ ഹെരോദാവിനുണ്ടായ ഭയമോ അസ്വസ്ഥതയോ ക്രിസ്തുമസ് നമ്മിൽ ഉണ്ടാക്കുന്നില്ലായെങ്കിൽ നമ്മുടെ മനസ്സ്‌ ഹെരോദാവിനെക്കാൾ കഠിനമായിരിക്കുന്നു എന്നാണ് അർത്ഥമാക്കേണ്ടത്.അതല്ലെങ്കിൽ നൂറ്റാണ്ടുകളോളം ക്രിസ്തുമസ് ആഘോഷിച്ചു ക്രിസ്തുമസിന്റെ അന്തസത്തയും മൂല്യങ്ങളും നമ്മുക്ക് നഷ്ടമായിരിക്കുന്നു.അങ്ങനെയെങ്കിൽ നാമൊരു അപകട മേഖലയിലാണ്.അപ്പോൾ വിശ്വാസികളായ നമ്മിൽ ദിവ്യമായ ഒരു അസ്വസ്ഥത രൂപപ്പെട്ടെങ്കിൽ മാത്രമേ അത്‌ ഒരു സ്വസ്ഥതയിലേക്ക് നമ്മെ നയിക്കുകയുള്ളൂ.

ദൈവവചനം നമ്മെ മുറിപ്പെടുത്തുകയും സൗഖ്യമാക്കുകയും ചെയ്യുന്നത് പോലെ സമൂഹത്തിൽ വ്യത്യസ്ത ചിന്തകൾ പുലർത്തുന്നവരിൽ ഒരേ പോലെ ഉയരേണ്ട ഒന്നാണ്‌ ക്രിസ്തുമസിൽ ഉയരുന്ന സ്വാസ്ഥതയും അസ്വസ്ഥതയും.അത്‌ പറയാൻ വിളിക്കപ്പെട്ട സമൂഹമാണ് സഭ.തിരുപ്പിറവിയുടെ അവർത്തിത അനുഷ്ഠാനവും അത്‌ നൽകുന്ന ആഹ്ലാദവും കൊണ്ട് അവസാനിക്കുന്ന ഒന്നല്ല ക്രിസ്തുമസ്.നാം ജീവിക്കുന്ന അനീതി നിറഞ്ഞ സാമൂഹീക-സാമ്പത്തിക-രാഷ്ട്രീയ ഘടനയ്ക്ക് വെല്ലുവിളി സൃഷ്ടിക്കുന്ന നീതി സമൂഹത്തിന്റെ കേട്ടുപണിക്ക് നിരന്തരമായ പ്രേരണ നൽകുന്ന അനുഭവമായി ക്രിസ്തുമസ് ആഘോഷം പരിണമിക്കേണ്ടതുണ്ട്.