May 20, 2024

CNXN.TV

Kuwait News (കുവൈറ്റ് വാർത്തകൾ .Get the Latest Malayalam news in Kuwait & Today's Breaking News (ബ്രേക്കിങ് വാർത്ത) headlines in Malayalam .CNXN TV has the most recent Malayalam Gulf news and updates from Kuwait.

  ഇരുട്ടിൽ നിന്ന് വെളിച്ചത്തിലേക്ക്


റീന സാറാ വർഗീസ്

ഓർമ്മയുടെ വെള്ളിവെളിച്ചത്തിലേക്ക് ഒരമ്മയും പെൺകുഞ്ഞും ഇടയ്ക്ക് മിന്നിമറയാറുണ്ട്. യാഥാർഥ്യം തെളിയിക്കാൻ കഴിയാതെ വരിക എന്നത് മഞ്ഞുമലയിൽ അകപ്പെട്ട് തണുത്തുറഞ്ഞ് രക്തംകട്ടിയായി ചലനശേഷി നഷ്ടപ്പെട്ടതു പോലെയാണ്.
അതിഭീകര ഗർത്തത്തിൽ പതിച്ച് പുറത്തിറങ്ങാൻ പറ്റാതായാൽ എങ്ങനെയോ അങ്ങനെയാണ് അവനവൻ്റെ ഭാഗം
ശരിയെന്ന് മറ്റുള്ളവരെ ബോധ്യമാക്കാൻ പറ്റാത്ത സാഹചര്യങ്ങളെല്ലാം. രണഭൂമിയിൽ പൊരുതുന്ന യോദ്ധാവിനെ പോലെ ജയിച്ചു കയറാനുള്ള തീവ്രമായ ത്വരക്കൊടുവിൽ അത് സംഭവ്യമാകാതെ നിശ്ചലമാകുന്ന അവസ്ഥ.

കുറെയേറെ പുറകോട്ട് പോകുകയാണ്. അന്ന് ശിശുരോഗ പരിചരണ മുറിയിൽ വലിയ തിരക്കുണ്ടായിരുന്നില്ല. തികച്ചും ശാന്തമായി ആരംഭിച്ച ജോലി. വൈകീട്ട് നാലു മണിയോടെയാണ് മൂന്നുവയസ്സുള്ള പെൺകുഞ്ഞിനെയും കൂട്ടി ആ അമ്മ വരുന്നത്. പ്രഥമദൃഷ്ട്യാ കുട്ടിയുടെ കൺപോളക്ക് മുറിവ് പറ്റിയിട്ടുണ്ടെന്ന് മനസ്സിലായി. കാരണം കുട്ടിയുടെ വലതുവശത്തെ കൺപോള തടിച്ചു വീർത്തിരുന്നു. എല്ലാ വിശദാംശങ്ങളും ചോദിച്ചറിഞ്ഞ് രേഖപ്പെടുത്തി.

കുട്ടി വീണപ്പോൾ ഉണ്ടായ മുറിവിന്റെ ആഴം വലുതായിരുന്നതിനാൽ വളരെ ചെറിയതുന്നലുകൾ കൺപോളയുടെ മുകളിൽ ഉണ്ടായിരുന്നു. അവ നീക്കംചെയ്യാൻ വന്നതായിരുന്നു അവരിരുവരും. അമ്മയോട് എല്ലാ കാര്യങ്ങളും വിശദീകരിച്ച്, കുട്ടിയെ പരിശോധന കിടക്കയിൽ കിടത്തി. ശേഷം തുന്നിക്കെട്ടലുകൾ അഴിക്കേണ്ട നടപടിക്രമത്തിലേക്ക് കടന്നു.

അതിസൂക്ഷ്മമായി ചെയ്യേണ്ട പ്രവൃത്തി. പ്രത്യേകിച്ച് കൺപോള. തൊലിക്കട്ടി തീരെയില്ലാത്ത ഭാഗം. പറഞ്ഞു മനസ്സിലാക്കാൻ പറ്റാത്ത പ്രായമായതുകൊണ്ട് തന്നെ കുട്ടിയൊന്ന് കൺചിമ്മിയാൽ എല്ലാം തകിടം മറിയും. മനസ്സിൽ പ്രാർഥനയോടെ ഒന്നൊന്നായി കുത്തിക്കെട്ടുകൾ അഴിക്കാൻ തുടങ്ങി. സാധാരണ കൊച്ചുകുട്ടികൾ വെള്ളക്കുപ്പായം കാണുമ്പോൾ ഉറക്കെ കരഞ്ഞു കൊണ്ടാണ് വരാറ് പതിവ്. അവൾ ആദ്യമൊന്ന് പരുങ്ങിയെങ്കിലും പതിവിനു വിപരീതമായി നന്നായി സഹകരിച്ചു. ഒരു തരത്തിൽ പറഞ്ഞാൽ ആശ്ചര്യം തന്നെയായിരുന്നു! ഞങ്ങളെ സംബന്ധിച്ച് കുത്തിക്കെട്ടഴിക്കുക എന്ന നടപടിക്രമത്തിലേക്ക് കടക്കാൻ എളുപ്പവും.

ഇടയ്ക്ക് നേരിയതോതിൽ രക്തം പൊടിഞ്ഞു. നേർത്ത തൊലിയായതുകൊണ്ട് സ്വാഭാവികമായി സംഭവിക്കുന്നതാണ്. അമ്മയെ വെളിയിൽ നിർത്തിയിരുന്നുവെങ്കിലും ഞൊടിയിടയിൽ അകത്തേക്ക് കയറി വന്നു. അമ്മമനസ്സ് പട്ടത്തിൻ്റെ ചരട് പൊട്ടിപ്പോകും പോലെ നിയന്ത്രണം വിട്ടു. നീ എൻ്റെ കൊച്ചിൻ്റെ കണ്ണ് മുറിച്ചുകളഞ്ഞുവെന്ന് ആക്രോശിച്ച് എനിക്ക് നേരെ പാഞ്ഞടുത്തു. മനസ്സ് ഉഴറി, ചിന്തകൾ പിടിവിട്ട് പലവഴി ചിതറി. എന്തുചെയ്യണമെന്നറിയാതെ ഒരു നിമിഷം സ്തബ്ധയായി. വിചാരധാരകൾ അമ്മയെ അറിയിക്കണമെന്നുണ്ടെങ്കിലും മിണ്ടാൻ പോയിട്ട് വായ തുറക്കാൻ അവർ അനുവദിച്ചില്ല.

ക്ഷണനേരത്തിനുള്ളിൽ ആത്മസംയമനം വീണ്ടെടുത്തു. മുഴുവൻ തുന്നിക്കെട്ടികളും അഴിച്ചതിനു ശേഷം മാത്രമാണ് കുട്ടിയെ എഴുന്നേൽപ്പിച്ചത്. അപ്പോഴും അമ്മയ്ക്ക് മുന്നിൽ ഏതോ വലിയ പാതകം ചെയ്തവളെ പോലെ നിൽക്കേണ്ടി വന്നു.

വളരെ കൃത്യതയോടെ അതിസൂക്ഷ്മമായി ചെയ്ത പ്രവൃത്തി മറ്റൊരാൾക്ക് മനസ്സിലാക്കാൻ സാധിച്ചില്ല എന്ന നൊമ്പരം ഇടയ്ക്കിടെ അലട്ടി. ഊണിലും ഉറക്കത്തിലും സ്വാസ്ഥ്യം കെടുത്തി. അവർ അതൊന്നു തിരിച്ചറിഞ്ഞിരുന്നെങ്കിലെന്ന് പലപ്പോഴും തീവ്രമായി ആഗ്രഹിച്ചു.

ഒരാഴ്ച കഴിഞ്ഞ് അവരിരുവരും മുറിവ് വൃത്തിയാക്കാൻ വീണ്ടുമെത്തി. അപ്പോഴേക്കും കണ്ണ് സാധാരണ നിലയിലായിരുന്നു. മുറിവ് പൂർണ്ണമായി ഉണങ്ങിയിരുന്നു. അന്ന് സംഭവിച്ചതിന് ക്ഷമാപണം അറിയിച്ചു. അപ്പോഴത്തെ മാനസികാവസ്ഥയിൽ അങ്ങനെ സംഭവിച്ചതാണെന്നും ദൈവം നിങ്ങളെ അനുഗ്രഹിക്കട്ടെയെന്നും പറഞ്ഞ് സന്തോഷത്തോടെ യാത്ര പറഞ്ഞു.

ജീവിതം ഇങ്ങനെയാണ്. മനസ്സറിയാത്ത കാര്യങ്ങൾക്ക് അധിക്ഷേപങ്ങൾ കേൾക്കേണ്ടി വരുമ്പോൾ, തഴപ്പെടുമ്പോൾ അവ ഭാവിയിൽ തലയുയർത്തി നിൽക്കാനുള്ള കരുതൽധനവും മുതൽക്കൂട്ടുമാണ്. സ്ഥിരതയില്ലാത്ത ഇരുട്ടാണ് രാത്രി, ഉറപ്പായും വെളിച്ചമാകുക തന്നെ ചെയ്യും. ഇന്ന് എന്നൊരു ദിനം നാളെയാകുമെന്നത് പരമമായ സത്യമാണ്.

നിറഞ്ഞ സ്നേഹത്തോടെ,
റീന സാറാ വർഗീസ്..

https://chat.whatsapp.com/EM3JJuHtBEh1sm3y2mMBgn