May 20, 2024

CNXN.TV

Kuwait News (കുവൈറ്റ് വാർത്തകൾ .Get the Latest Malayalam news in Kuwait & Today's Breaking News (ബ്രേക്കിങ് വാർത്ത) headlines in Malayalam .CNXN TV has the most recent Malayalam Gulf news and updates from Kuwait.

നിനയാതെ മടങ്ങിയവർ


റീന സാറ വർഗീസ്

കഴിഞ്ഞ വാരദിനങ്ങൾ ദുഃഖാലസ്യം നിറഞ്ഞതായിരുന്നു. നിങ്ങളിൽ ഒരാളെങ്കിലും ഇതുപോലെയുള്ള അവസ്ഥയിൽ കൂടി കടന്നു പോയിട്ടുണ്ടാവാം. അത്തരം കാരണങ്ങളിൽ ഒന്നാണ് ഇതെഴുതാൻ പ്രേരകമായത്.

നല്ല ചങ്ങാത്തങ്ങളും വർണ്ണാഭമായ യൗവനവും എല്ലാറ്റിനുമുപരി ഇഷ്ടങ്ങളും ഹോമിക്കുന്നു ഓരോ പ്രവാസിയും. ജീവിതം കരുപ്പിടിപ്പിക്കാൻ പലതും മ:നപൂർവം വേണ്ടെന്നു വയ്ക്കുന്നു. ഏതവസ്ഥയിലും ജീവിക്കാനുള്ള കരുത്തു നേടിവരെന്നാൽ അത് ജന്മനാടും വീടും ഉപേക്ഷിച്ച് കഴിയുന്നവരെന്ന് അക്ഷരം തെറ്റാതെ പറയാം.

തൊട്ടടുത്തുണ്ടായിട്ടും സഹപാഠിയും ഒരേ നാട്ടുകാർ ആയിരുന്നിട്ടും അറിയാതെപോയ ഒരുവനെ ചരമക്കോളത്തിൽ കാണേണ്ടിവന്നത് തികച്ചും നിർഭാഗ്യകരമെന്നേ പറയേണ്ടൂ. കണ്ടമാത്രയിൽ വൈദ്യുതാഘാതമേറ്റതു പോലെ, അക്ഷരാർത്ഥത്തിൽ തരിച്ചിരുന്നു.

നാടും പേരും കണ്ടിട്ടും അവൻ തന്നെയോ എന്ന് ഒരുവേള സംശയിച്ചു. കാരണം മറ്റൊന്നല്ല.
പാതിവഴിവരെയെത്തി ലക്ഷ്യം പൂർത്തീകരിക്കാനാകാതെ കടന്നുപോയ സതീർത്ഥ്യൻ്റെ അന്നത്തെ സുന്ദരമായ വദനം പാടേ മാറിയിരുന്നു.

ഇനിയും എത്രയോ ആണ്ടുകൾ ആയുസ്സ് ഉണ്ടാകുമായിരുന്നു.
ദേവാലയ കാര്യങ്ങളിലും പ്രാർത്ഥനയിലും മുൻപന്തിയിൽ നിന്നവൻ. ദുശ്ശീലങ്ങളൊന്നുമില്ലാതെ ഊർജ്ജസ്വലതയോടയ ബാല്യകൗമാരയൗവനം പിന്നിട്ടവൻ. സുസ്മേരവദനത്തോടെ അപരിചിതരോടു വരെ മിണ്ടിപ്പറഞ്ഞു പോയവൻ. പരിചിതർക്കെല്ലാം ശാന്തതയോടെ വാരിവിതറിയത് കരുണയും ദയയും സ്നേഹവും.

ഇന്നും ആർക്കും ഒട്ടും വിപരീതഭിപ്രായം ഇല്ലാത്ത അവൻ്റെ നന്മനിറഞ്ഞ ഹൃദയം എങ്ങനെ പണിമുടക്കി? അത് ചോദ്യചിഹ്നമായി അവശേഷിക്കുന്നു.

കൃത്രിമശ്വാസപ്രദാനസാമഗ്രിയുടെ സഹായത്താൽ നിലനിർത്തിയിരുന്ന ശ്വാസോച്ഛ്വാസ ഗതിവിഗതികൾ. തീവ്രമായ മരുന്നുകളുടെ മയക്കത്തിൽ ജീവൻ തിരിച്ചുപിടിക്കാൻ ഉള്ളം പിടയുന്നുണ്ടായിരിക്കണം. തീവ്രപരിചരണവിഭാഗത്തിനുള്ളിലെ ഭിഷഗ്വരൻമാരുടെയും ശുശ്രൂഷക വൃന്ദങ്ങളുടെയും
ആത്മാർത്ഥയുടെ ചിലമ്പിച്ച
ശബ്ദധാരകൾ ബോധാബോധത്തിടയിൽ അറിഞ്ഞിട്ടുണ്ടാവണം. “തിരികെ വന്നേ മതിയാകൂ” എന്ന് ഉള്ളിൽ വിതുമ്പിയിട്ടുണ്ടാവണം.

എല്ലാ തീവ്രശ്രമങ്ങൾക്കും ഒടുവിൽ, ഒരിക്കലും ഉണരാത്ത ഉറക്കത്തിലേക്ക്
തണുപ്പു മൂടിയ ശരീരവും
നിലച്ച ഹൃദയവുമായി മടങ്ങുമ്പോൾ നാടും വീടും സ്വന്തബന്ധങ്ങളേയും കാണാൻ തീർച്ചയായും ആഗ്രഹം ഉണ്ടായിരുന്നിരിക്കണം. പിച്ചവെച്ചു നടന്ന വീടിനുമുന്നിൽ ഇങ്ങനെയെത്തും വരെ, വളർത്തി വലുതാക്കിയ മാതാപിതാക്കൾ അതറിഞ്ഞിരുന്നില്ല എന്നത് രാകിമിനുക്കിയ വാൾ കൊണ്ടെന്നപോലെ ഹൃദയ ഭിത്തികൾ വരഞ്ഞു കീറുന്നുണ്ട്!

നിഷ്കളങ്കരായ രണ്ടു പിഞ്ചുകുഞ്ഞുങ്ങളെയും കണ്ണീരുണങ്ങാത്ത പ്രിയതമയേയും വിട്ട് ജീവിച്ചു കൊതിതീരാതെ അടഞ്ഞപെട്ടിക്കുള്ളിൽ മൃതനായി! വയ്യ, ഓർക്കാനേ വയ്യ!

ദിനേന ചരമകോളങ്ങളിൽ നിറയുന്ന പടങ്ങളിൽ ഒന്ന് നിൻ്റേതായിരിക്കുമെന്ന് സ്വപ്നേപി വിചാരിച്ചിരുന്നില്ല. മരണവക്രമെന്ന കൊടുംക്രൗര്യത്തിൽ നിനയാതെ അകപ്പെട്ടപ്പോൾ അത് ചിരപരിചിതർക്ക് തീരാനൊമ്പരമായി. അടഞ്ഞ പെട്ടിക്കുള്ളിലെ പ്രവാസ മടക്കങ്ങളെല്ലാം ആത്മാവിലെ ഒരിക്കലും ഉണങ്ങാത്ത മുറിവാണ്.

റീന സാറ വർഗീസ്

https://chat.whatsapp.com/EM3JJuHtBEh1sm3y2mMBgn