May 18, 2024

CNXN.TV

Kuwait News (കുവൈറ്റ് വാർത്തകൾ .Get the Latest Malayalam news in Kuwait & Today's Breaking News (ബ്രേക്കിങ് വാർത്ത) headlines in Malayalam .CNXN TV has the most recent Malayalam Gulf news and updates from Kuwait.

തടവിലാക്കപ്പെട്ടവരുടെ വിലാപങ്ങൾ

റീന സാറാ വർഗീസ്


കടലുകൾ താണ്ടിയെത്തിയ കിരീടവിഷാണു. അവൻ കാരാഗൃഹത്തിൽ, തടങ്കലിൽ പാർപ്പിച്ചിരിക്കുന്നവരുടെ അതിജീവനസഹവർത്തന സഹിഷ്ണുതയുടെ നാളുകൾ.

കാഴ്ചകൾക്കും വിളികൾക്കും അപ്പുറം മാഞ്ഞു പോയവർ അവശേഷിപ്പിച്ച ഉണങ്ങാത്ത മുറിവുകൾ. അവരുടെ ഓർമകൾ പേറി  ഇന്നും ജീവിക്കുന്നവർ.

മൂന്നുപതിറ്റാണ്ടു പോലെ  അതികഠിനമായ മൂന്ന് ആണ്ടുകൾ. എങ്ങനെയൊക്കെയോ കഴിഞ്ഞു പോയിരിക്കുന്നു.

ശതാബ്ദങ്ങൾക്കിപ്പുറം പ്രാപഞ്ചികബോധത്തിനും യുക്തിക്കും പിടിതരാതെ,  വ്യാധി, വ്യാളിയായി പിടിമുറുക്കി ഭയജനകമായി അരങ്ങുവാഴുന്നു.

തടഞ്ഞു നിർത്താനുള്ള ശ്രമങ്ങൾ വിഫലമാകുകയാണെന്ന് തിരിച്ചറിഞ്ഞപ്പോൾ, ഉദ്ഭവത്തിൻ്റെ വഴിത്താരകൾ തിരഞ്ഞു നടന്നപ്പോഴെങ്കിലും, ന്യൂനപക്ഷത്തിൽ നിന്ന് ഭൂരിപക്ഷത്തിലേക്ക് വരാതിരിക്കാൻ മുൻകരുതൽ എടുക്കേണ്ടതായിരുന്നു.

കഴിഞ്ഞ രാത്രിയിലെ സ്വപ്നം,  രാവിലെയും വിടാതെ പിന്തുടരുന്നുണ്ടായിരുന്നു. വർഷങ്ങൾക്കു മുമ്പ് കണ്ടു മറന്ന, സമീപകാലത്തെങ്ങും ഓർമയുടെ അരികിൽ പോലും വന്നിട്ടില്ലാത്ത മുഖം.

ഒരിക്കൽ കൂടി ഓർത്തെടുക്കാൻ ശ്രമിച്ച്, വെളിയിലേക്ക് ഏറെ നേരം നോക്കി നിന്നു. ചെറിയ നാലുച്ചക്രശകടങ്ങൾ മൂന്നുവരി പാതയിലൂടെ ഉറുമ്പുകളെ പോലെ ഇഴഞ്ഞു നീങ്ങുന്നത്, നാലാം നിലയിലെ ജാലകദർപ്പണത്തിലൂടെ അവ്യക്തമായി കാണാമായിരുന്നു.

ശക്തിയും ചൂടുമേറിയ  വീശിയടിക്കുന്ന മണൽക്കാറ്റ്  കുശാഗ്രബുദ്ധിയുള്ള ആരെയോ പോലെ പുറത്തെ കാഴ്ചകളെ
മറച്ചിരിക്കുന്നു. ട്രക്കുകളും, വലിയ ചരക്ക് വാഹനങ്ങളും രാത്രിയിൽ മാത്രമേ നിരത്തിൽ ഓടിയിരുന്നുള്ളൂ.

“എന്നാണ് വന്നത്?”

ചെറുപ്പക്കാരനായ ചോദ്യകർത്താവിനെ
അഗാധമായ നിദ്രാണത്തിന് ഇടയിലെപ്പോഴോ ഉൾബോധം തിരിച്ചറിഞ്ഞിരുന്നു.

“ഇന്നെനിക്ക് ഓട്ടം ഇല്ലായിരുന്നു. കൊറോണയല്ലേ ചേച്ചി”.

മറുപടിക്കു കാത്തു നിൽക്കാതെ, കൂടുതലൊന്നും പറയാതെ, വെളുത്ത ഇന്നോവകാറിൽ, മൂടൽമഞ്ഞ് നിറഞ്ഞുനിൽക്കുന്ന വീഥിയിലൂടെ പുഞ്ചിരിക്കുന്ന മുഖവുമായി അവൻ മടങ്ങി.

വർഷങ്ങൾക്കു മുൻപ് ടാക്സി ഓടിച്ച്, നിത്യവൃത്തി നടത്തിയിരുന്ന കഠിനാധ്വാനിയായ ചെറുപ്പക്കാരൻ. ഭർത്താവ് ഉപേക്ഷിച്ചുപോയ സ്ത്രീയുടെ ഏക ആശ്രയമായിരുന്നവൻ. അച്ഛനില്ലാത്ത വീട്ടിൽ അമ്മയ്ക്ക് തണലായിരുന്നു അവൻ.

കാലങ്ങളോളം അമ്മയെ കാണാതെ, അച്ഛനൊപ്പം വളർന്നു. മുതിർന്നപ്പോൾ അമ്മയെത്തേടിപ്പിടിച്ച് ഒപ്പംനിർത്തി സംരക്ഷിച്ചു. അപ്പോഴേക്കും അച്ഛനെന്നു പറയുന്നയാൾ, മറ്റൊരു തണൽ തേടി പോയിരുന്നു.

വിനയം മുഖമുദ്ര ആയിരുന്ന അവനെക്കുറിച്ച് നാട്ടുകാർക്ക് നല്ലതു മാത്രമേ പറയാൻ ഉണ്ടായിരുന്നുള്ളൂ. യാതൊരുതരത്തിലും ആരോപണവിധേയൻ ആയിട്ടില്ലാത്തവൻ.

വീട്ടുമുറ്റത്തെ മാവിൽ നീലൻമാങ്ങ നിറഞ്ഞു കായ്ച്ചുനിൽക്കുന്ന സമയം. ഒരെണ്ണം പോലും ബാക്കിവയ്ക്കാതെ, അണ്ണാനും കിളികളും മാഞ്ചുവട്ടിൽ മാമ്പഴങ്ങൾ പാതിയാക്കിയിട്ടിരുന്നു .

നീളമേറിയ മുളയുടെകോൽ തോട്ടിയാക്കി, അഗ്രഭാഗത്ത് ചെറിയ തുണി സഞ്ചി കെട്ടി, ചെനച്ചു തുടങ്ങിയ മാങ്ങകൾ ഉയരമേറിയ മാവിൻ്റെ മുകളിൽ നിന്നു് പറിച്ച് സുരക്ഷിതമായി താഴെ എത്തിച്ചു.

മതിലിനോട് ചേർന്നുള്ള പുരയിടത്തിൽ, കുട്ടികൾ മദ്ധ്യവേനലവധിയുടെ ആഘോഷത്തിമർപ്പിൽ ആയിരുന്നു.

ചുറ്റുമുള്ള വീടുകളിലേക്കും, കളിക്കാരായ കുട്ടികളേയും നോക്കിയിരിക്കുന്ന, അവനെ അപ്പോഴാണ് ശ്രദ്ധിച്ചത്.
മാമ്പഴങ്ങൾ ചണച്ചാക്കിൻ്റെ ഉള്ളിലാക്കി അരിപ്പെട്ടിയിൽ സൂക്ഷിച്ചു വയ്ക്കാൻ ഏറെ സമയമെടുത്തു.

അപ്പോഴും അവൻ അതേ ഇരിപ്പ് തുടർന്നു..

“ഇവനിതെന്തു പറ്റി”?

ഞങ്ങൾ പരസ്പരം ചോദിച്ചു. സന്ധ്യ മയങ്ങിയപ്പോൾ തഴപ്പായയിൽ നെല്ല് ഉണക്കാൻ ഇട്ടിരുന്നത് എടുത്ത്, മടങ്ങി.

ഓട്ടം ഇല്ലായിരുന്നോയെന്ന് താഴത്തെ വീട്ടിലെ ചേച്ചി ചോദിച്ചതിന്, ഇല്ലായെന്ന് ആംഗ്യഭാഷയിൽ തലയാട്ടി പുരയക്ക്കത്തേക്ക് കയറിപ്പോയി.

വീടിൻ്റെ മുൻവാതിലിൽ ശക്തമായ മുട്ട് കേട്ടായിരുന്നു പിറ്റേന്ന് നേരം പുലർന്നത്. തിടുക്കത്തിൽ വാതിൽ തുറന്നപ്പോൾ കേട്ട വാർത്ത ഞങ്ങൾ എല്ലാവരെയും അക്ഷരാർത്ഥത്തിൽ ഞെട്ടിച്ചു!!

രണ്ടു വീടുകൾക്കപ്പുറമുള്ള ഓടിട്ട വീടിൻ്റെ ഉത്തരത്തിൽ തൂങ്ങിയാടുന്ന, ഉത്തരമില്ലാത്ത  നിർജ്ജീവമായ ദേഹത്തിൻ്റെ ഉടമയെ ബാക്കിയുള്ളവരെല്ലാം കാണാൻ പോയെങ്കിലും, കാണാൻ ധൈര്യമില്ലാത്തതുകൊണ്ട് പോയില്ല.

പിന്നീടു് കുറച്ചുകാലം അവൻ്റെ അമ്മ അവിടെ ഉണ്ടായിരുന്നു. നാളുകൾക്കു ശേഷം സ്ഥലം ആർക്കോ വിറ്റ്, അവരും അവിടെ നിന്നു് പോയി. 

കാട്ടുപ്പുല്ലുകൾ നിറഞ്ഞു നിൽക്കുന്ന, നാമാവശേഷമായ നികടഭുവിൽ, ഓർമയുടെ ബാക്കിപത്രമായി ഇന്ന് ഒരു പൊട്ടക്കിണർ മാത്രം
അവശേഷിക്കുന്നു.

നിരപരാധികളായി തടവിലാക്കപ്പെട്ടവരുടെ വിലാപങ്ങൾ പോലെ വിക്ഷുബ്ധമായ മനസ്സിൻ്റെ കോണിലെ വേദനകൾ,
എവിടെയൊക്കെയോ പ്രതിധ്വനിച്ചു ഉടഞ്ഞിരിക്കണം. കാരണങ്ങൾ അടക്കിവെച്ചത് അപമാനിതനാകും എന്നു് ഭയന്നിട്ടായിരിക്കാം. അന്നും ഇന്നും കാര്യകാരണങ്ങൾ അറിയാതെ സഹജീവിവ്യക്തിഭേദനം പൊതുസമൂഹത്തിൽ നിലനിൽക്കുന്നു.

മദ്യപനോ, സമൂഹത്തിന് ഉപദ്രവകാരിയോ അല്ലാതിരുന്നയാൾ എന്തിനിതു ചെയ്തുവെന്നത് ഇന്നും അജ്ഞാതം.

മരണാനന്തര ജീവിതത്തെക്കുറിച്ച്, ഭൗതികവും ദൈവികവും ലൗകികവും മൗലികവുമായ ഒരുപാട് വാദങ്ങൾ  നിലനിൽക്കുന്നുണ്ടെങ്കിലും,  മറവിയുടെ അഗാധഗർത്തത്തിൽ ആണ്ടുപോയ ഒരുവൻ എങ്ങനെയാണ് മറവിയുടെ മാറാമ്പൽ നീക്കി കഴിഞ്ഞ നിശാസ്വപ്നത്തിൽ വന്നുവെന്നുള്ളത് ഈ നിമിഷം വരെ ചിന്തിക്കുകയായിരുന്നു. ഉപബോധമനസ്സിൻ്റെ വിക്രിയകൾ തികച്ചും അദ്ഭുതം!!!

ആത്മഹത്യ ഒന്നിനും പരിഹാരമല്ല. മാനസിക വിഷമങ്ങൾ അടുത്ത സുഹൃത്തുക്കളോടോ, ബന്ധുക്കളോടോ പങ്കുവെക്കുക. അതിനും പറ്റിയില്ലെങ്കിൽ കൗൺസിലിങ്ങിന് വിധേയരാവുക. മന:ശാസ്ത്രജ്ഞൻ്റെ സഹായം തേടുക.

സ്നേഹത്തോടെ
റീനാ സാറാ.