May 20, 2024

CNXN.TV

Kuwait News (കുവൈറ്റ് വാർത്തകൾ .Get the Latest Malayalam news in Kuwait & Today's Breaking News (ബ്രേക്കിങ് വാർത്ത) headlines in Malayalam .CNXN TV has the most recent Malayalam Gulf news and updates from Kuwait.

സ്വയം ജീവിക്കാതെ ജീവിച്ചവർ


റീന സാറാ വർഗീസ്

പ്രവാസികളുടെ ത്യാഗോജ്വലമായ ജീവിതംകൊണ്ട് കുടുംബത്തിന്റെ ജീവിത നിലവാരം ഉയർന്നു. അതോടൊപ്പം ദൈവത്തിൻ്റെ സ്വന്തം നാടിന്റെ പുരോഗതിക്കും കാരണമായി. ആ കാലഘട്ടങ്ങളിൽ ഗ്രാമഫോണിനു ശേഷം വന്ന ടേപ്പ് റെക്കോർഡർ മിക്ക പ്രവാസ കുടുംബങ്ങളിലേയും സ്വീകരണ മുറികളെ അലങ്കരിച്ചു. സംഗീതം, കഥാപ്രസംഗം, അങ്ങനെ പലതും വീടുകളുടെ ഉൾത്തളങ്ങളെ ചെറിയ കാസറ്റുകളിലൂടെ മുഖരിതമാക്കി. പ്രത്യേകതരം ലുങ്കികൾ പ്രവാസികളുടെ മാത്രം പ്രത്യേകതയായിരുന്നു. സ്പ്രേ എന്ന അപരനാമത്തിൽ അറിയപ്പെട്ടിരുന്ന മനുഷ്യനിർമ്മിത വാസന തൈലങ്ങൾ പൂശിയ അവരെ
അദ്ഭുതത്തോടെ ഗ്രാമീണർ വിളിച്ചു. “പേർഷ്യക്കാർ.”

ആ കാലഘട്ടങ്ങളിൽ വിമാനയാത്ര എന്നത് സാധാരണക്കാരെ സംബന്ധിച്ച് ബാലികേറാമല ആയിരുന്നു. ഭാര്യയേയും കുഞ്ഞുങ്ങളേയും തനിച്ചാക്കി വിമാനം കയറേണ്ടിവന്നു ഭൂരിഭാഗത്തിനും. തൊഴിലില്ലായ്മയുടെ ഒരു കാലത്തിലൂടെ കടന്നുപോയപ്പോൾ പ്രവാസം ഒരു പരിധിവരെ പലരേയും രക്ഷിച്ചു എന്നുള്ളതാണ് വാസ്തവം. അവരുടെ പൂർവികരിൽ പലരും കടൽമാർഗ്ഗം വന്ന് പ്രവാസജീവിതം ആരംഭിച്ചവരായിരുന്നു.

കുറച്ചു വർഷങ്ങൾക്കു മുൻപ് കണ്ട മാദ്ധ്യമ വാർത്തയും ദൃശ്യവും വല്ലാതെ നൊമ്പരമുളവാക്കി. വർഷങ്ങളോളം പ്രവാസ ജീവിതം നയിച്ചിരുന്ന ഒരു വ്യക്തി അടച്ചിട്ട വലിയ വീടിൻ്റെ ഗേറ്റിനു മുന്നിൽ ദീനതയുടെ മുഖഭാവവും പേറി, രോഗങ്ങൾക്ക് അടിമപ്പെട്ട്, അനാഥനെ പോലെ നിൽക്കുന്ന രംഗം മനസ്സിൽ നിന്നു് മായുന്നില്ല.

വിവാഹജീവിതം വേണ്ടെന്നുവച്ച് സ്വന്തം കൂടെപ്പിറപ്പുകൾക്കായി ഹോമിച്ച ജീവിതമായിരുന്നു അദ്ദേഹത്തിന്റേത്. തീക്ഷ്ണയൗവനത്തിൽ അയാൾ ഒഴുകിയ വിയർപ്പിന്റെ ഫലം വാർദ്ധക്യത്തിലെങ്കിലും ലഭിക്കുമെന്ന് അന്ധമായി വിശ്വസിച്ച് ഒടുവിൽ ഒന്നുമില്ലാത്തവനായി. കാരണം ആ വീടും പറമ്പും, അയാളറിയാതെ എന്നേ അന്യമായിരുന്നു. പിന്നീട് മനുഷ്യത്വം മരിച്ചിട്ടില്ലാത്ത കുറച്ചുപേർ രക്ഷക്കെത്തി മറ്റൊരു ആശ്രയ കേന്ദ്രത്തിലേക്ക് മാറ്റി. സ്വയം ജീവിക്കാതെ മറ്റുള്ളവർക്കായി ജീവിച്ചവരാണ് പ്രവാസികളിൽ ഏറെയും.

മറ്റുള്ളവർക്ക് വേണ്ടി ജീവിക്കുന്നതിനൊപ്പം സ്വയം ജീവിക്കാൻ മറക്കരുത് എന്നുകൂടി ഇതുപോലെയുള്ള പല ജീവിതാനുഭവങ്ങളും ആവർത്തിച്ച് പറഞ്ഞു വയ്ക്കുന്നുണ്ട്. നിങ്ങളുടെ സ്വപ്നങ്ങളും ജീവിതവും നിങ്ങളുടേത് മാത്രമാണ്. സ്വയം സ്നേഹിക്കുക, ജീവിക്കുക, അവനവനു വേണ്ടി കൂടി അധ്വാനിക്കുന്നതിൻ്റെ ഒരു പങ്ക് മിച്ചം വയ്ക്കുക. ഒന്നും മിച്ചം വയ്ക്കാൻ സാധിക്കുന്നില്ല എന്ന് പറയുന്നവരാകും ചിലരെങ്കിലും. നോക്കൂ .പലതുള്ളി ആണ് പെരുവെള്ളമാകുന്നത്.

ഒരു തട്ടിൽ തുട്ടുകൾ കൂടുമ്പോൾ അടുത്ത തട്ടിൽ നമ്മോടൊപ്പം നിൽക്കുന്ന ആളുകളുടെ തൂക്കവും കൂടും. എന്നാൽ അത് ഇല്ലാതാകുമ്പോൾ അടുത്ത തട്ട് ശൂന്യമായിരിക്കും. അത് പണ്ടായിരുന്നു എന്നു പറയാൻ വരട്ടെ. എല്ലാ കാലങ്ങളിലും അതങ്ങനെ തന്നെയാണ്. വലിയ മാറ്റങ്ങളൊന്നും ഉണ്ടായിട്ടില്ല.

പല അനുഭവങ്ങളും ഓർമ്മപ്പെടുത്തുന്നതും പഠിപ്പിക്കുന്നതും പവറില്ലാത്ത പ്രവാസി എന്ന പരിവേഷത്തിൽ അകപ്പെടാതിരിക്കുക എന്നാണ്. ഒരു ആംഗലേയ പഴമൊഴി സൂചിപ്പിക്കുന്നതുപോലെ “Think twice before you act.”

കൂടെയുള്ളവരും ആരോഗ്യവും തള്ളിപ്പറയുന്ന കാലം വിദൂരമല്ല എന്നത് എപ്പോഴും ഓർമ്മയിൽ വയ്ക്കേണ്ട ഒന്നാണ്. രണ്ടോ അതിലധികമോ പ്രാവശ്യം ചിന്തിച്ച്, ഉചിതമായ തീരുമാനങ്ങളെടുക്കുകയും അതിനനുസരിച്ച് പ്രവർത്തിക്കുകയും ചെയ്യുക.

സ്നേഹത്തോടെ
റീന സാറാ