May 20, 2024

CNXN.TV

Kuwait News (കുവൈറ്റ് വാർത്തകൾ .Get the Latest Malayalam news in Kuwait & Today's Breaking News (ബ്രേക്കിങ് വാർത്ത) headlines in Malayalam .CNXN TV has the most recent Malayalam Gulf news and updates from Kuwait.

ആശങ്കകളുമായി തുടർക്കഥയാകുന്ന കുവൈത്തിലെ ഇന്ത്യാക്കാർക്കിടയിലെ ആത്മഹത്യകൾ

ജോബി ബേബി,നഴ്സ്,കുവൈറ്റ്

കുടുംബം പോറ്റാന് വേണ്ടി നാടും വീടും വിട്ട് വിദേശത്ത് എത്തിയവര്, മാതാപിതാക്കളും ഭാര്യയും മക്കളും അടങ്ങുന്നവര് ഉള്ളവര്,പ്രതീക്ഷയോടെ കാത്തിരിക്കുന്നവര്ക്ക് മുന്നില് അത്താണിയാകേണ്ടവരുടെ മൃതദേഹം കൊണ്ടുവന്ന് വെക്കേണ്ടി വരുമ്പോഴുണ്ടാകുന്ന ദൈന്യത പലപ്പോഴും വിവരണാതീതമാണ്.ഈ അടുത്ത കുറേ വർഷങ്ങളിലായി കുവൈത്തിലെ ഇന്ത്യാക്കാർക്കിടയിൽ ആത്മഹത്യ ഇത്രയധികം വര്ധിച്ചു കാണുന്നത്.എന്തുകൊണ്ടാണിങ്ങനെ നമ്മുടെ ആളുകൾക്ക് സംഭവിക്കുന്നത്?കുറേയധികം നഷ്ടസ്വപനങ്ങളുമായി ഗള്ഫില് അന്ത്യശ്വാസം വലിക്കേണ്ടി വരുന്നത്?അതിന് മാത്രം ഉത്തരം കണ്ടെത്തിയാല് മതിയാകില്ല.കാരണം,ശ്രമം വിജയിച്ച് മരിച്ചുപോകുന്നവരെക്കാള് ഇരട്ടിയാണ് ഈ പ്രവണത മനസില് കൊണ്ടുനടക്കുന്നവരും ആത്മഹത്യക്ക് ശ്രമിച്ച് പരാജയപ്പെടുന്നവരും.ഏഴുവർഷത്തിനിടെ കുവൈത്തിൽ 342 ഇന്ത്യക്കാർ ആത്മഹത്യ ചെയ്തു.2015 തുടക്കം മുതൽ 2021 നവംബർ വരെയുള്ള കണക്കാണിത്.ആകെ 620 ആത്മഹത്യകളാണ് ഇക്കാലയളവിൽ രാജ്യത്ത് നടന്നത്.ഇതിൽ 55 ശതമാനവും ഇന്ത്യക്കാരുടേതാണ്.54കുവൈത്തികളും 53 ബംഗ്ലാദേശികളുമാണ് ജീവനൊടുക്കിയത്.ചെറുപ്രായക്കാരാണ് കൂടുതലും ജീവനൊടുക്കുന്നത്.ആകെ ആത്മഹത്യയിൽ 60 ശതമാനം 19നും 35നും ഇടയിൽ പ്രായമുള്ളവരാണ്.കഴിഞ്ഞ രണ്ടുവർഷമായി ആത്മഹത്യ നിരക്കിൽ 50 ശതമാനത്തിന്റെ വർധനവുണ്ട്.രാജ്യത്ത് ആത്മഹത്യശ്രമങ്ങളും വർധിച്ചിട്ടുണ്ട്.ഇത്തരം കേസുകളിൽ വിദേശികളെ നാടുകടത്തുകയാണ് ചെയ്യുന്നത്.നിരവധി ആത്മഹത്യശ്രമങ്ങൾ അധികൃതർ ഇടപെട്ട് തടഞ്ഞിട്ടുണ്ട്.കുവൈത്ത് ഉൾപ്പെടുന്ന ഗള്ഫ് രാജ്യങ്ങളിൽ സ്വയം ജീവിതം അവസാനിപ്പിക്കുന്ന ഇന്ത്യക്കാരുടെ എണ്ണം കൂടിയിരിക്കുന്നു.ഇവരില് ഭൂരിപക്ഷവും മലയാളികളാണ്.സ്വാഭാവിക മരണനിരക്കും തുടരെത്തുടരെ റിപ്പോര്ട്ട് ചെയ്യപ്പെടുന്ന അപകടത്തില് പൊലിയുന്നവരുടെ എണ്ണത്തിനും പുറമേയാണിത്.വിവിധതരം സമ്മര്ദങ്ങള്ക്ക് നടുവില് പിടിച്ച് നില്ക്കുന്നവരാണ് പ്രവാസികള് എന്ന് ആവര്ത്തിച്ച് പറയുമ്പോഴും,ഇത്തരം വിശേഷണങ്ങളെ വൃഥാവിലാക്കുന്ന വാര്ത്തകളാണ് നാം അറിഞ്ഞുകൊണ്ടിരിക്കുന്നത്.

ആത്മഹത്യയുടെ കാരണങ്ങൾ

കോവിഡ് മൂലം,ഉള്ള ജീവനോപാധിയും നഷ്ടപ്പെട്ടതിനാല് നേരിടേണ്ടി വരുന്ന കടുത്ത വരുമാന-തൊഴില് നഷ്ടവും കടക്കെണിയും നിരാശയും പേടിയും അത്രമേല് ഭീകരമാണെന്നും ഓരോ പ്രവാസിയും നേരിട്ടനുഭവിക്കുന്നതാണ്.ആത്മഹത്യക്ക് കാരണമായി സാധാരണയില് എണ്ണുന്ന സകല ഘടകങ്ങളും മേളിച്ച ഒരു പ്രതിസന്ധി ഘട്ടമാണ് കോവിഡ് കാലം എന്ന വിലയിരുത്തലും ഉണ്ടാകുന്നു.ഏതു കാലത്തും നടക്കുന്ന 60 ശതമാനത്തിലധികം ആത്മഹത്യകളും മാനസിക അസ്വാസ്ഥ്യം കാരണം സംഭവിക്കുന്നതാണെന്നാണ് കണക്ക്.കോവിഡ് നേരിട്ട് വരുത്തിവച്ച മനസികാഘാതം ഏല്ക്കാത്തവര്,പ്രത്യേകിച്ച് പ്രവാസ ലോകത്ത് തുലോം കുറവാണ്.ആത്മാഭിമാനത്തിനേല്ക്കുന്ന ക്ഷതം,പല തരത്തിലൂടെയും കടന്നുപോകുന്ന ആത്മസംഘര്ഷങ്ങള്,സാമൂഹിക മാധ്യമങ്ങളുടെ ദുരുപയോഗം എല്ലാം ചേരുമ്പോള് ആത്മഹത്യാ പ്രവണത ഒരു മനോവൈകല്യം എന്നതിനപ്പുറം പ്രവര്ത്തിക്കുന്നതിന്റെ സ്ഥിതിഗതികളാണുള്ളത്.

ഒറ്റപ്പെടൽ, സാമ്പത്തികപ്രശ്നങ്ങൾ തുടങ്ങിയവയാണ് പ്രവാസികളുടെ ആത്മഹത്യാപ്രവണതയുടെ പ്രധാനകാരണങ്ങൾ.പ്രായഭേദമന്യേ ഒട്ടേറെപ്പേരാണ് ജീവിതം ഹോമിച്ചത്.മെച്ചപ്പെട്ട ജീവിത സാഹചര്യം തേടി ഗൾഫിലേക്കെത്തുന്ന പ്രവാസികളിൽ എല്ലാവർക്കും മികച്ച ജോലി സാഹചര്യങ്ങൾ ലഭിക്കാറില്ല. ജോലിയുടെ അസ്ഥിരതകൾക്കിടയിൽ നാട്ടിലെ ബന്ധുക്കളും പ്രിയപ്പെട്ടവരും കൈമാറുന്ന സമ്മർദ്ദം പ്രവാസികളിൽ പലർക്കും തലവേദനയാകുന്നു.ക്രെഡിറ്റ് കാർഡ് എടുത്തു പണം ചിലവഴിച്ച ശേഷം തിരികെ അടയ്ക്കാൻ സാഹചര്യമില്ലാതിരിക്കുക, ജോലിയിലെ സമ്മർദ്ദവും അസ്ഥിരതയും, വീട്ടിലെ സാമ്പത്തിക ബുദ്ധിമുട്ടുകൾ, ഒറ്റപ്പെടലുകൾ തുടങ്ങിയവയെല്ലാം ഈ അടുത്തകാലത്തു നടന്ന ആത്മഹത്യകളുടെ കാരണങ്ങളായിരുന്നു.നാടും വീടും വിട്ട് ഗൾഫ് നാടുകളിലെത്തുന്ന പ്രവാസികളിൽ പലരും സങ്കടങ്ങൾ ഉള്ളിലൊതുക്കുന്നവരാണെന്നു മനശാസ്ത്രജ്ഞരും ഡോക്ടർമാരും ഒരേ സ്വരത്തിൽ പറയുന്നു. ഇവിടത്തെ സങ്കടങ്ങളെക്കുറിച്ചു ബന്ധുക്കളോട് പങ്കുവയ്ക്കുന്നതു കുറച്ചിലായി കരുതുന്നവരും ഏറെ. ഇതറിയാതെ സ്വജനങ്ങളിൽ നിന്നും കടുത്ത സമ്മർദ്ദം നേരിടുന്നത് പലർക്കും തിരിച്ചടിയായിട്ടുണ്ട്. അതിനാൽ തന്നെ നാട്ടിലെ ബന്ധുക്കളുടെ പിന്തുണ എല്ലാ പ്രവാസികൾക്കും ഏറെ ആവശ്യമുള്ളതും വിലപ്പെട്ടതുമാണ്.ഏറെ പ്രത്യേകിച്ച് ഒറ്റയ്ക്കു ജീവിക്കുന്ന പ്രവാസികൾക്ക്.

ഗൾഫിലെ അസ്ഥിരമായ ജോലി നഷ്ടപ്പെടുകയോ സാമ്പത്തിക ബുദ്ധിമുട്ടുകളുണ്ടാവുകയോ ചെയ്താലും കൂടെയുണ്ടാകുമെന്നുറപ്പ് നൽകാൻ നാട്ടിലെ കുടുംബാംഗങ്ങൾക്കാവണം. ഒരു ജീവനേക്കാൾ വലുതല്ല സാമ്പത്തിക നഷ്ടവും അഭിമാനപ്രശ്നങ്ങളുമെന്ന തിരിച്ചറിവിലെത്തേണ്ട സമയം അതിക്രമിച്ചിരിക്കുന്നു.പ്രവാസികളായ വിദ്യാർഥികളിൽ പോലും വലിയ തോതിൽ ആത്മഹത്യാപ്രവണത വർധിക്കുന്നത് ആശങ്കയുളവാക്കുന്നു. പഠനത്തിലെ സമ്മർദ്ദങ്ങളും വീട്ടിലെ സാഹചര്യങ്ങളും പൊരുത്തപ്പെടാത്തതാണ് പ്രധാന കാരണങ്ങൾ. മാതാപിതാക്കളും അധ്യാപകരും ചില കാര്യങ്ങൾ ശ്രദ്ധിക്കേണ്ടതായിട്ടുണ്ട്.

പ്രവാസികളായ വിദ്യാർഥികളിലും ആത്മഹത്യാപ്രവണത കൂടുന്നതും ആശങ്കാ ജനകമാണ്. മാതാപിതാക്കൾ ജോലി ചെയ്യുന്ന സാഹചര്യത്തിൽ കുട്ടികൾക്കു വീടുകളിൽ വേണ്ടത്ര ശ്രദ്ധ ലഭിക്കാത്തതു കുട്ടികളിലെ ഒറ്റപ്പെടലിനു വഴിയൊരുക്കുമെന്നു ഈ രംഗത്ത് കൌൺസിലിങ്ങും ബോധവൽക്കരണവും നടത്തുന്ന ഡോക്ടർമാരടക്കമുള്ളവർ അഭിപ്രായപ്പെടുന്നു. ജോലി സമ്മർദ്ദം കുട്ടികളിലേക്ക് അടിച്ചേൽപ്പിക്കുന്ന മാതാപിതാക്കൾ, കുട്ടികളോടു ചെയ്യുന്ന വലിയ പാതകമാണതെന്നു തിരിച്ചറിയാത്തതാണ് കാരണം. വീട്ടിലെ ഒറ്റപ്പെടലുകളിൽ നിന്നു രക്ഷപെടാൻ സൈബർ ഇടങ്ങളെ തേടിപ്പോകുന്ന വിദ്യാർഥികളുടെ എണ്ണവും നാട്ടിലേതെന്നപോലെ ഇവിടെയും വർധിക്കുന്നുണ്ട്.പരീക്ഷാ സമയങ്ങളിലെ ആശങ്കകളാണ് മറ്റൊരു പ്രധാനകാരണം. പരീക്ഷാപ്പേടി ഇത്തരത്തിൽ വളർത്തുന്നതിൽ മാതാപിതാക്കൾക്കും വലിയ പങ്കുണ്ട്. ഏതൊരു പരീക്ഷയെക്കാളും ഏറ്റവും ഉയരത്തിലാണ് ജീവന്റെ മൂല്യമെന്ന തിരിച്ചറിവ് കുട്ടികൾക്കു പകരണം. പരീക്ഷകളിലെ ജയപരാജയങ്ങൾ മനസിലാക്കി കുട്ടികൾക്കൊപ്പം അതിനു പരിഹാരം കണ്ടെത്താനാണ് മാതാപിതാക്കൾ ശ്രമിക്കേണ്ടത്.ഇന്ത്യയിൽ ആത്മഹത്യനിരക്ക് ഏറ്റവും കൂടുതലുള്ള സംസ്ഥാനം കേരളമാണ്.കുവൈത്തിലെ ഇന്ത്യൻ സമൂഹത്തിൽ 60 ശതമാനത്തിന് മേൽ മലയാളികളാണ്. ഏജന്റുമാരുടെ മോഹനവാഗ്ദാനങ്ങളിൽ കുടുങ്ങി കുവൈത്തിലെത്തി തൊഴിൽതട്ടിപ്പിന് ഇരയായി മാനസിക സമ്മർദവും മറ്റു ബുദ്ധിമുട്ടുകളും അനുഭവിക്കുന്ന നിരവധി വിദേശികളാണ് രാജ്യത്തുള്ളത്.ആത്മഹത്യ ചെയ്യുന്നവരിൽ വലിയൊരു വിഭാഗം ഇത്തരമാളുകളാണ്.

പരിഹാര നിർദ്ദേശങ്ങൾ

ആത്മഹത്യ പ്രവണതയും ചിന്തകളും ചികിത്സിക്കപെടേണ്ടതാണ്.കൃത്യമായി ഇടപെട്ടില്ല എങ്കില് ജീവിതം തന്നെ നഷ്ടമായേക്കാവുന്ന ഒരു അത്യാഹിതമാണ്.ഈ ആത്മഹത്യകളെ പ്രതിരോധിക്കാന് തീര്ച്ചയായും നമുക്ക് സാധിക്കും.ഒരല്പം കരുതലും ശ്രദ്ധയുമാണ് ഇതിനാവശ്യം.നമ്മുടെ ഒരു നിമിഷം ചിലപ്പോള് ഒരാളുടെ ജീവന് രക്ഷിച്ചേക്കാം.ഒരാളില് ആത്മഹത്യാപ്രവണത ഉണ്ടെന്നു തോന്നിയാല് അവരോടു അത് നേരിട്ടു ചോദിക്കാന് ഒട്ടും വിഷമിക്കരുത്.ഒരുപക്ഷേ ആരോടെങ്കിലും മനസ്സു തുറന്ന് സംസാരിച്ചാല് തീരാവുന്ന പ്രശ്നമായിരിക്കും അയാളുടേത്.നമ്മുടെ സാമിപ്യവും കരുതലും ഒരാള്ക്ക് ആശ്വാസമാകുമെങ്കില്,ഒരാളെ ജീവിതത്തിലേക്ക് തിരിച്ചു കൊണ്ടുവരുമെങ്കില്, അതിന് ഒരിക്കലും നമ്മള് മടിക്കരുത്.തുറന്നുള്ള സംസാരങ്ങള്ക്ക് ഒരുപരിധി വരെ ആത്മഹത്യകളെ തടയാന് സാധിക്കുമെന്ന് വിദഗ്ധര് പറയുന്നു.ജോലിചെയ്യുന്ന ഇടങ്ങളിലെ തൊഴിലാളികളില് പ്രശ്നങ്ങള് തുറന്നു പറയുന്നതിനുള്ള ആത്മവിശ്വാസവും ധൈര്യവും ഉണ്ടാക്കുക എന്നത് തൊഴിലുടമയുടെ ഉത്തരവാദിത്വവും പ്രതിരോധ പ്രവര്ത്തനങ്ങളില് പ്രധാനവുമാണ്.

വ്യക്തിപരമായ ബുദ്ധിമുട്ടുകള് കൊണ്ടും മാനസിക പ്രയാസങ്ങള് കൊണ്ടും പ്രശ്നങ്ങള് അനുഭവിക്കുന്നവരും ആത്മഹത്യാ പ്രവണത കാണിക്കുന്നവരുമായ ആളുകളെ അതില് നിന്നും പിന്തിരിപ്പിക്കുക എന്നത് ഒരു സാമൂഹിക ഉത്തരവാദിത്വമാണ്. ഒരു സുരക്ഷിത സമൂഹം രൂപപ്പെടാന് ഇത് ആവശ്യമാണ്.ആത്മഹത്യയുടെ വിവിധ തലങ്ങള് ജനങ്ങള്ക്കു മുന്നില് കൊണ്ട് വന്ന് ചര്ച്ച ചെയ്യാനും പ്രതിരോധ മാര്ഗങ്ങള് ആര്ജിക്കാനും നടപടികൾ സ്വീകരിക്കണം.മാത്രമല്ല, ജീവിതത്തിലെ തിരിച്ചടികളെ നേരിടാനും അതിജീവിക്കാനും വീടുകളില്നിന്ന് കുട്ടികളെ പഠിപ്പിക്കണം.കുടുംബങ്ങളില് തന്നെ സുതാര്യമായ ആശയവിനിമയം നടക്കണം.നോര്ക്ക, പ്രവാസി കമ്മീഷന്, ലോക കേരള സഭ, സാമൂഹ്യ പ്രവര്ത്തകര്, വിവിധ സ്ഥാപനങ്ങള് എന്നിവരുമായി സഹകരിച്ച് ബുദ്ധിമുട്ട് അനുഭവിക്കുന്ന പ്രവാസികൾക്ക് സഹായങ്ങൾ നൽകുന്നത് പലപ്പോഴും ഉചിതമായിരിക്കും.ഒരാളുടെ ആത്മഹത്യ അയാളെ മാത്രം ബാധിക്കുന്ന ഒന്നല്ല.ജീവിതത്തിലെ ഒറ്റപ്പെടലുകളും തിരിച്ചടികളും താങ്ങാനാകാതെ ആത്മഹത്യയില് അഭയം കണ്ടെത്തുന്ന പ്രവാസികളെ, ജീവിത വിരക്തിയായിരിക്കില്ല ഇവരെ ഇങ്ങനെ ഒരു നിമിഷത്തെ മഹാഅബദ്ധത്തിന് പ്രേരിപ്പിക്കുന്നത്.

ആത്മഹത്യ ചെയ്യാന് ഒരു കരണമുണ്ടായേക്കാം.അതേസമയം ജീവിച്ചിരിക്കാന് ഇപ്പുറത്ത് നൂറായിരം കരണങ്ങളുണ്ടെന്ന് വെറുതെ ഒന്ന് ഓര്മപ്പെടുത്താന് ഒരു സഹജീവി സാന്നിധ്യം മതി ഇത്തരക്കാര്ക്കെല്ലാം ജീവിതത്തിലേക്ക് തിരിച്ചുനടക്കാന്.താന് ഇനി ഭൂമിയില് ജീവിച്ചിരുന്നിട്ട് എന്ത് പ്രയോജനം എന്ന മട്ടില് മറ്റുള്ളവരുടെ ജീവിതം സുഖകരമാക്കാനാണ് മിക്കപേരും ആത്മഹത്യ തിരഞ്ഞെടുക്കുന്നത്.അവര് തീര്ന്നാല് ആകെ പ്രശ്നങ്ങള് തീരുമെന്ന ധാരണയിലാണ് ഈ കടുംകൈക്ക് മുതിരുന്നത്.തനിക്കോ കുടുംബത്തിനോ ഏല്ക്കുന്ന നഷ്ടവും ഉറ്റവരില് ആരുടെയെങ്കിലും മരണവും എല്ലാം ആത്മഹത്യക്ക് കാരണമാക്കുന്ന ദുര്ബലരുണ്ട്.ഒപ്പം പ്രതികാരത്തിനും പകരം വീട്ടാനും മറ്റുള്ളവരെ തോല്പിക്കാനും സ്വയം തോറ്റ് ഒളിച്ചോടുന്നവരുടെ പട്ടികയും നീണ്ടതാണ്.ബാഹ്യമായ പെരുമാറ്റവും പുറമെയുള്ള വേഷവും ഒരാളുടെ മാനസിക നില അളക്കാന് പര്യാപ്തമല്ല എന്നതാണ് വസ്തുത. പ്രകടിപ്പിക്കാന് സന്ദര്ഭവും ആളും ഒത്തുവരാതെ കെട്ടിക്കിടക്കുന്ന വികാരങ്ങളാണ് ഒരു ദുര്ബല സ്വകാര്യ നിമിഷത്തില് കയറിലേക്ക് ഇരച്ചു കയറി കഴുത്തില് മുറുകുന്നത്. അല്ലെങ്കില് മറ്റെന്തു മാര്ഗവുമായി പരിണമിക്കുന്നത്. എത്ര സന്തോഷത്തോടെ കഴിഞ്ഞുകൂടുന്നവരെങ്കിലും അവരുടെ ഉള്ളിലെ തീ കാണാന് കഴിയുക എന്നതാണ് പ്രധാനം.അത് തിരിച്ചുള്ള പെരുമാറ്റത്തിലൂടെയാണ് സാധ്യമാകുക എന്നതും പ്രധാനമാണ്.അവരവരിലെ വിശ്വാസം നഷ്ടമാകുകയും നിരാശയും നിസഹായതയും അനുഭവപ്പെടുകയും ചെയ്യുന്നതാണ് ഇത്തരം പ്രവണതകളുടെ കാതല്. ഇങ്ങനെ സംശയിക്കുന്ന ഒരാളെ തിരിച്ചറിയാനായാല് അയാള്ക്ക് മനസ് തുറക്കാനുള്ള അവസരം തന്ത്രപൂര്വം ഒരുക്കാന് കഴിയണം. ശുഭാപ്തി വിശ്വാസം പകരാനും അവര് ഉന്നയിക്കുന്ന പ്രശ്നങ്ങള്ക്ക് മുന്വിധികളില്ലാതെ പരിഹാരം കാണാനും കഴിഞ്ഞാല് ഒരു പരിധിവരെ അവരെ മോചിപ്പിക്കാന് കഴിയും എന്നത് അനുഭവപാഠങ്ങളാണ്. ആരെങ്കിലും ഇത്തരം പിന്തിരിപ്പിക്കല് നടത്തുമോ എന്ന ആധിയില് പുറത്ത് ഒരു അടയാളവും പ്രകടമാക്കാതെ കൃത്യത്തിലേക്ക് നടന്നടുക്കുന്നവരെ തിരിച്ചറിയുക എന്ന ദൗത്യം ശ്രമകരമാണ്.
പരസ്പരം കൂടിയിരിക്കാനും ഉള്ളുതുറന്ന് സംസാരിക്കാനും സാമൂഹികമായി കൂടിയാടാനും അവസരം ഇല്ലാത്തവരുടെ ജീവിതാവസ്ഥ പരിതാപകരമാണെന്ന് പറയേണ്ടതില്ലല്ലോ.

മനസിലെ നൊമ്പരങ്ങള് പരസ്പരം പങ്കുവെക്കാന് കഴിയാതെ പോകുന്നിടത്താണ് ആത്മഹത്യപോലുള്ള വഴികളിലേക്ക് ആളുകള് എത്തിപ്പെടുന്നത്. ജീവിത വഴിയില് ഒരുപാട് സുഖങ്ങളും സന്ദേഹങ്ങളും നേരിടേണ്ടി വരും.അതെല്ലാം അര്ഹിക്കുന്ന പ്രാധാന്യത്തോടെ കൈകാര്യം ചെയ്യണം.അതിന് കഴിയാത്തവര് നല്ല സുഹൃത്തുക്കളുടെ സഹായം തേടണം.അല്ലാതെ ഉറ്റവരെയും ഉടയവരെയും തീരാദുഃഖത്തിലാക്കി യാത്രയാകാന് ശ്രമിക്കരുത്.ആത്മഹത്യ ചെയ്യാന് ചിലപ്പോള് ഒരു കാരണമുണ്ടായേക്കാം,പക്ഷെ അതിലെല്ലാമുപരി ജീവിച്ചിരിക്കാന് ആയിരം കാരണങ്ങളാണുളളത്.ആ ഒരു നിമിഷത്തെ മറികടക്കാനായാല് മുന്നിലുളളത് സുന്ദരമായ ജീവിതമാണ്.

(കുവൈത്തിൽ മിനിസ്ട്രി ഓഫ് ഹെൽത്തിന്റെ കീഴിൽ കെ.ഒ.സി ഹോസ്പിറ്റലിൽ രെജിസ്റ്റേർഡ് നഴ്സായി ജോലി നോക്കുന്നു ലേഖകൻ ).