May 20, 2024

CNXN.TV

Kuwait News (കുവൈറ്റ് വാർത്തകൾ .Get the Latest Malayalam news in Kuwait & Today's Breaking News (ബ്രേക്കിങ് വാർത്ത) headlines in Malayalam .CNXN TV has the most recent Malayalam Gulf news and updates from Kuwait.

എന്തുകൊണ്ട് സ്ത്രീകളേക്കാൾ കൂടുതൽ പുരുഷന്മാർ ആത്മഹത്യ ചെയ്യുന്നു?

ജോബി ബേബി

ചില വാർത്തകൾ നമ്മെ ഒന്ന് അലോസരപ്പെടുത്തി കടന്നുപോകും,പിന്നീട് ആ വാർത്ത മെല്ലെ വിസ്മൃതിയിലുമാകും.അത്തരത്തിലൊന്നാണ് പുരുഷന്മാർ ആത്മഹത്യ ചെയ്യുന്ന വാർത്തകൾ.സംസ്ഥാനത്ത്‌ ആത്മഹത്യ ചെയ്യുന്നവരിൽ കൂടുതൽ പുരുഷന്മാരെന്ന്‌ കണക്ക്‌. 2021 ജനുവരി മുതൽ ജൂൺവരെ 3022 പുരുഷന്മാർ ജീവനൊടുക്കിയതായാണ്‌ പൊലീസിന്റെ കണക്ക്‌. ഈ കാലയളവിൽ സ്‌ത്രീ ആത്മഹത്യ 863 ആണ്‌.2159ന്റെ വ്യത്യാസം.ആത്മഹത്യാപ്രവണത സ്‌ത്രീകളിലാണ്‌ കൂടുതലെങ്കിലും മരണം പുരുഷന്മാരിലാണ്‌.2017 ജനുവരിമുതൽ 2021 ജൂൺവരെ 25,700 പുരുഷന്മാർ സംസ്ഥാനത്ത്‌ ജീവനൊടുക്കി.സ്‌ത്രീകൾ 7463 ആണ്‌.18,237ന്റെ വ്യത്യാസം.ഇത്തരം ഒരു സാഹചര്യത്തിലാണ് ഈ വർഷത്തെ ലോക ആത്മഹത്യാ പ്രതിരോധദിനം നാം ആഘോഷിക്കുന്നത്.”പ്രവർത്തിയിലൂടെ പ്രതീക്ഷ സൃഷ്ടിക്കുക”എന്നതാണ് ഇത്തവണത്തെ മുദ്രാവാക്യം.ഒരാളുടെ ദുഃഖത്തിന്റെ അവസാനം കുറേപ്പേരുടെ ദുഃഖത്തിന്റെ തുടക്കമാകുന്ന കഥയാണ് ഓരോ ആത്മഹത്യയും.അത് മറ്റ് ആത്മഹത്യകൾക്കുപോലും കാരണമായേക്കാം;അല്ലെങ്കിൽ മരണതുല്യമായ ജീവിതങ്ങൾക്ക്.

എന്താണ് പുരുഷ ആത്മഹത്യയ്ക്ക് പിന്നിലെ കാരണങ്ങൾ

എപ്പോഴെങ്കിലും ഒരു നിമിഷത്തിൽ മരിച്ചാലോ എന്ന് ചിന്തിച്ചുപോയിട്ടില്ലാത്ത പുരുഷന്മാർ വിരളമാണ്.അത്തരമൊരു ചിന്തയെ മറികടക്കുന്നവരാണ് ഭൂരിഭാഗവും.അതിന് കഴിയാതെ പോകുന്നവരുടെ എണ്ണം കൂടിവരികയെന്നതാണ് ഓരോ ദിവസത്തേയും പുരുഷാത്മഹത്യാ വാർത്തകൾ.മരണസാധ്യത കൂടുതലുള്ള വഴികൾ പുരുഷന്മാർ തെരഞ്ഞെടുക്കുന്നതാണ്‌ പ്രധാന ഒരു കാരണമായി ചൂണ്ടിക്കാണിക്കപ്പെടുന്നത്.പലതരത്തിലുള്ള സംഘർഷങ്ങളുടെയും വേദനകളുടെയും ഒറ്റപ്പെടലിന്റേയും മധ്യേജീവിതം വഴിമുട്ടുന്ന അവസ്ഥയിലാണ് പുരുഷന്മാർ ആത്മഹത്യയ്ക്ക് തുനിയുന്നത്.അവ എന്തെന്ന് നമ്മുക്ക് നോക്കാം.

പുരുഷന്മാരുടേതായ ജീവശാസ്ത്രം,മനഃശാസ്ത്രം,സാമൂഹിക ശാസ്ത്രം എന്നിവയ്ക്ക് ആത്മഹത്യയുമായി അടുത്തബന്ധമുണ്ട്.അവരുടെ പൗരുഷം അഥവാ പുരുഷമേധാവിത്വം ചെറിയ ആത്മഹത്യ ചിന്തയെപ്പോലും തീവ്രമാക്കി മാറ്റാം.അത്‌ കൊണ്ട് തന്നെ ചെറിയ പ്രശ്നങ്ങൾ ഉണ്ടായാൽ പോലും കൂടുതൽ ഗുരുതരമായ ആത്മഹത്യാരീതി പുരുഷന്മാർ തിരഞ്ഞെടുക്കുന്നു.മാത്രമല്ല പുരുഷന്മാരിൽ എടുത്തുചാട്ടവും കൂടുതലാണ്.ചെറിയ പ്രശ്നങ്ങൾ ഉണ്ടായാൽ പോലും മറ്റ് പരിഹാരങ്ങളെക്കുറിച്ചു ചിന്തിക്കാതെ അതിഗുരുതരമായ ആത്മഹത്യാരീതി അവലംബിച്ചു രക്ഷപ്പെടാനാകാതെ മരിച്ചുപോകുന്നതാണ് ഒട്ടുമിക്ക പുരുഷ ആത്മഹത്യകളിലും നാം കാണുന്നത്.മാത്രമല്ല ആത്മഹത്യ ചെയ്യാൻ തീരുമാനിച്ചാൽ അതിന് വേണ്ടി ഏതുതരത്തിലുള്ള വേദനയും ബുദ്ധിമുട്ടും സഹിക്കാൻ പുരുഷന്മാർക്ക് സ്ത്രീകളെക്കാൾ താത്‌പര്യം കൂടുതലാണ്.ആത്മഹത്യാ ശ്രമം കണ്ട് പിടിച്ചു രക്ഷപെടാതിരിക്കാനായി അതിരഹസ്യമായ സ്ഥലങ്ങളിൽ പോയി മരിക്കുന്നതും പുരുഷന്മാരിൽ കൂടുതലാണ്.അത്‌ കൊണ്ട് ആത്മഹത്യ ചിന്ത ഉടലെടുത്താൽ മരണം സുനിശ്ചിതമായ മാർഗ്ഗവും,സാഹചര്യവും പുരുഷന്മാർ തിരഞ്ഞെടുക്കുന്നു.

പുരുഷന്മാരുടെ ആത്മഹത്യയ്ക്ക് ആക്കം കൂട്ടുന്ന മറ്റൊരു വസ്തുത സ്വന്തം പ്രശ്നങ്ങൾ മറ്റുള്ളവരോട് പങ്കുവയ്ക്കാനുള്ള വിമുഖതയാണ്.നമ്മുടെ പ്രശ്നങ്ങൾ ആരോടും തുറന്ന് പറയാതെ മൂടിവെച്ചു സമ്മർദ്ദം കൂടി ആത്മഹത്യയിൽ കലാശിക്കുന്നു.പുരുഷന്മാരിൽ തനിക്ക് എല്ലാം അറിയാം,സഹായത്തിനു ആരുടേയും ആവശ്യമില്ല എന്ന അഹന്ത പൊതുവേ കൂടുതലാണ്.സാമ്പത്തിക പ്രതിസന്ധി,തൊഴിലില്ലായ്മ,ആർജ്ജിച്ച വിദ്യാഭ്യാസത്തിനനുസരിച്ച ജോലി ലഭിക്കായ്മ എന്നിവയും പുരുഷന്മാരിൽ സമ്മർദ്ദം ഏറെയുണ്ടാക്കുന്നു.പങ്കാളിയുടെ മരണം,വിവാഹമോചനം എന്നിവയുണ്ടാക്കുന്ന മാനസീക സംഘർഷം സ്ത്രീകളെക്കാൾ കൂടുതൽ ബാധിക്കുന്നത് പുരുഷന്മാരെയാണ്.അത്തരം സഹചര്യങ്ങളിൽ പുരുഷന്മാർ തികച്ചും ഒറ്റപ്പെട്ടുപോകുമ്പോൾ സ്ത്രീകൾക്ക് ബന്ധുക്കളിൽ നിന്നും സഹപ്രവർത്തകരിൽ നിന്നും വൈകാരികവും സാമ്പത്തികവുമായ പിന്തുണ ലഭിക്കുന്നു.

പുരുഷന്മാരെ ആത്മഹത്യയിലേക്ക് തള്ളിവിടുന്ന മറ്റൊരുപശ്ചാത്തലം അവരുടെ മദ്യപാനവും മറ്റ് ലഹരി ഉപയോഗ ശീലങ്ങളുമാണ്.മദ്യം തലച്ചോറിൽ നാഡീകോശങ്ങൾ പരസ്പരം ആശയവിനിമയം ചെയ്യാൻ ഉപയോഗിക്കുന്ന സിറാടോണിന്റെ അളവ് കുറക്കുന്നു.സിറാടോണിന്റെ അളവ് കുറയുന്നത് ആത്മഹത്യാ പ്രവണത ഉണ്ടാക്കുന്നതോടൊപ്പം കൂടുതൽ ഗുരുതരമായ മാർഗ്ഗങ്ങൾ തിരഞ്ഞെടുക്കാൻ വ്യക്തിയെ പ്രേരിപ്പിക്കുന്നു.സിറടോണിന്റെ അളവ് തലച്ചോറിൽ കുറയുന്നത് വിഷാദരോഗമുണ്ടാക്കാൻ കാരണമാകുന്നു.ഇങ്ങനെയുണ്ടാകുന്ന വിഷാദാവസ്ഥയും മദ്യപാനവും മൂലം ജീവിതത്തിന്റെ സമസ്തമേഖലയിലും സംഭവിക്കുന്ന പരാജയങ്ങളും,പ്രത്യഘാതങ്ങളും പുരുഷന്മാരെ ആത്മഹത്യയിലേക്കുള്ള ഏറ്റവും അനുകൂലമായ സാഹചര്യം ഒരുക്കുന്നു.

പരിഹാരം

എന്തായാലും ഓരോ ആത്മഹത്യയും ശേഷിക്കുന്ന ബന്ധുമിത്രാദികളിൽ ബാക്കി വൈക്കുന്നത് അണയാത്ത ചിതകളാണ്.സമരാത്മകമായ ജീവിതം ധൈര്യപൂർവം അഭിമുഖീകരിക്കാൻ കഴിയാത്ത ദുർബലരാണ് ആത്മഹത്യ ചെയ്യുന്നവർ.ആത്മഹത്യയ്ക്ക് കാരണമാകുന്ന ഭയം,വിഷാദം,ഒറ്റപ്പെടൽ തുടങ്ങിയവയെല്ലാം കാരണം പാരമ്പര്യത്തോടൊപ്പം ചുറ്റുപാടുകളാണ്.ജീവിതസാഹചര്യം അനുകൂലമാണെങ്കിൽ ആത്മഹത്യയിൽ നിന്നും പിന്തിരിപ്പിക്കാൻ സാധിക്കും.കെട്ടുറപ്പില്ലാത്ത സമൂഹങ്ങളിൽ ആത്മഹത്യനിരക്ക് കൂടുതലായിരിക്കും.വിടരാത്ത പൂമൊട്ടുകളെപ്പോലും തല്ലിക്കൊഴിച്ചു കൊണ്ട് ആത്മഹത്യാനിരക്ക് വർദ്ധിക്കുന്നത്,നമ്മുടെ സമൂഹം ഒട്ടുംതന്നെ ജീവിക്കാൻ അനുകൂലമല്ലെന്ന സ്ഥിതിയിലേക്ക് നീങ്ങുന്നു എന്നത്‌ ആശങ്കയോടെയാണ് കാണുന്നത്.സുദൃഡവും ആരോഗ്യകരവുമായ മനുഷ്യബന്ധങ്ങൾ ആശയറ്റവർക്കു പോലും സുരക്ഷിതത്വം നൽകുന്നതാണ്.ഗാഡമായ കുടുംബബന്ധങ്ങൾ കുടുംബാംഗങ്ങളിൽ വൈകാരിക സ്ഥിരതയും ഓരോരുത്തരുടെയും ജീവിതം വിലപ്പെട്ടതാണെന്ന ചിന്തവർദ്ധിപ്പിക്കാനും സാധിക്കും.കുടുംബത്തിന്റെ കെട്ടുറപ്പും സമൂഹത്തിന്റെ അംഗീകാരവും ജീവിക്കാനുള്ള ആഗ്രഹം വർദ്ധിപ്പിക്കുന്നു.ആരോഗ്യകരമായ ബന്ധങ്ങളുടെ പുനഃസ്ഥാപനം വഴി ദുർബലരെ ചേർത്തുനിർത്താൻ സമൂഹം മുഖ്യപരിഗണന നൽകണം.നാം ഓരോരുത്തരും എന്താണ് ചെയ്‌യേണ്ടത്?കുറച്ചുസമയം പ്രീയപ്പെട്ടവർക്കായി കാത്തുവയ്ക്കാൻ കഴിയുമോ?നാം ഇടപെഴുകുന്നവരിലെ ചെറിയ മാറ്റം പോലും ശ്രദ്ധിക്കുക.അവരുമായി സംവദിക്കുക,നല്ല കേൾവിക്കാരാവുക,ആത്മഹത്യയ്ക്ക് ശ്രമിക്കുകയോ അതിനെക്കുറിച്ചു സംസാരിക്കുകയോ ചെയ്യുന്നവരെ അവഗണിക്കാതിരിക്കുക.വിഷാദ കടലിൽ നിങ്ങൾ ഒറ്റക്കാവില്ലെന്ന് ധൈര്യം കൊടുക്കാൻ നമുക്ക്‌ സാധിക്കണം.പരസ്പരം ചേർത്ത് പിടിക്കാം.പ്രത്യാശയയോടെ മുന്നോട്ടു പോകാം.