May 20, 2024

CNXN.TV

Kuwait News (കുവൈറ്റ് വാർത്തകൾ .Get the Latest Malayalam news in Kuwait & Today's Breaking News (ബ്രേക്കിങ് വാർത്ത) headlines in Malayalam .CNXN TV has the most recent Malayalam Gulf news and updates from Kuwait.

കോവിഡും ചില മത ചിന്തകളും


ജോബി ബേബി

കോവിഡെന്ന മഹാവ്യാധി മനുഷ്യന്റെ എല്ലാ ഇടങ്ങളേയും ബാധിച്ചു കഴിഞ്ഞു .സാമ്പത്തിക സാമൂഹിക സാംസ്‌കാരിക രാഷ്ട്രീയ മേഖലകൾ അതിജീവന തന്ത്രങ്ങൾ ദിനംപ്രതി ആവിഷ്കരിക്കുന്നു .ആധുനിക മനുഷ്യൻ (ഹോമോസാപ്പിയൻസ് )ഇന്നത്തെ നിലയിലേക്ക് പുരോഗമിച്ചത് സാമൂഹിക ജീവിതവും ബന്ധങ്ങളും കൊണ്ടാണ് .ഒറ്റയ്ക്ക് തുരുത്തുകളായി ജീവിക്കുന്നതിനേക്കാൾ മെച്ചം കൂട്ടമായി ജീവിക്കുകയും കൂട്ടമായി ഇര തേടുകയുമാണെന്ന തിരിച്ചറിവ് ആധുനിക മനുഷ്യനെ ഭൂമിയിലെ ഏറ്റവും പ്രധാന ജീവിവർഗ്ഗമായി മാറ്റി .പ്രസ്തുത സാമൂഹിക ജീവിതത്തിന്റെ അടിസ്ഥാനത്തിനേറ്റ കനത്ത പ്രഹരമാണ് കോവിഡ് 19.

മനുഷ്യന്റെ കൂടിവരവുകളുടെ ഇടങ്ങളിൽ മത കേന്ദ്രങ്ങൾ പ്രധാനമാണ് .തന്റെ കഴിവിനപ്പുറമുള്ള പരിഹാര ഇടങ്ങളായാണ് മത കേന്ദ്രങ്ങളെ മനുഷ്യൻ കണ്ടത്‌ .മനുഷ്യന്റെ പ്രശ്നങ്ങളിൽ കൈത്താങ്ങായി വർത്തിക്കേണ്ടുന്നവ മനുഷ്യന്റെ ജീവിതത്തിനെ അടിമുടി നിയന്ത്രിച്ചു സ്വതന്ത്ര ചിന്ത പോലും അവന് അന്യമാക്കി തീർത്തു .മതം മനുഷ്യനെ മയക്കുന്ന കറുപ്പായി .കൂട്ടം ചേരലുകൾ ലഹരിയായി .പല മത കൂട്ടങ്ങളും വിദ്വേഷവും മതഭ്രാന്തും പ്രചരിപ്പിക്കാനുള്ള മാർഗങ്ങളായി മാറി .മതാധിഷ്ഠിത സമൂഹങ്ങളിൽ മത കൂട്ടങ്ങളിലെ പങ്കാളിത്തം മനുഷ്യന്റെ ഉത്തമ ഗുണങ്ങളിലൊന്നായി .

വാക്സിന്റെ അഭാവത്തിൽ വൈറസ് വ്യാപനത്തിനെതിരെയുള്ള ഏക മാർഗ്ഗം കൂട്ടം ചേരലുകൾ ഒഴിവാക്കുകയെന്നതാണ് .മനുഷ്യന്റെ എല്ലാ പ്രശ്നങ്ങൾക്കും പരിഹാരമെന്ന രീതിയിൽ അവതരിപ്പിക്കപ്പെട്ട മത കേന്ദ്രങ്ങൾ ശൂന്യമാകുമ്പോൾ കോവിഡ് കാലത്തു മനുഷ്യൻ വല്ലതെ വീർപ്പുമുട്ടുന്നു .തന്നിലേക്ക് തന്നെ തിരിയുവാൻ പ്രേരിതരാകുന്നു .

ശാസ്‌ത്ര സാങ്കേതിക വിദ്യയുടെ വളർച്ച വെർച്യുൽ ഇടങ്ങളേയും സാമൂഹിക മാധ്യമങ്ങളെയും പൊതുജീവിതത്തിന്റെ ഒഴിച്ചുകൂടാനാവാത്ത ഭാഗമാക്കി .നവീന മത രീതികളിൽ ഇവയിലെ ഇടപെടലുകൾക്ക് സാധ്യതയുണ്ടെങ്കിലും സാബ്രദായിക മതങ്ങൾ അവയെ അധികം പ്രാത്സാഹിപ്പിച്ചില്ല .എന്നാൽ കോവിഡ് കാലത്തു നിലനിൽപ്പിന്റെ ഭാഗമായി ടി .വി .യ്ക്കും സ്മാർട്ട്ഫോണിനുപോലും അയിത്തം കല്പിച്ചിരുന്ന സാബ്രദായിക മതങ്ങൾ അവയെ സസന്തോഷം സ്വീകരിക്കുന്നു .വിശ്വാസികൾ കേവല പ്രക്ഷകരായി .കല്ലിൽ എഴുതപ്പെട്ടവയും നിത്യവുമായി കണക്കാക്കപ്പെട്ട ,മനുഷ്യനെ ശ്വാസം മുട്ടിച്ച ,ആചാരാനുഷ്ഠാനങ്ങൾ ഇന്ന് യഥേഷ്ടം മാറ്റാവുന്നവയായി .വിവാഹ ചടങ്ങുകൾ ,താലികെട്ട് പോലും ഓൺലൈനിൽ നടക്കുന്നു .പരസ്പര യോചിപ്പും വിശ്വാസവുമാണ് പ്രധാനമെന്ന് ചിലരെങ്കിലും മനസ്സിലാക്കുകയാണ് .

കൂടി വരവിന്റെ അനിവാര്യത മതത്തിന്റെ നിലനിൽപ്പിനായി ചിത്രീകരിച്ചവർ തന്നെ ഈശ്വരാരാധന അവനവന്റെ ഇടങ്ങളിലാവട്ടെയെന്ന് ആശംസിക്കുന്നു .മതാചാരങ്ങളിൽ കുടുങ്ങി കിടന്നിരുന്ന വലിയൊരു വിഭാഗം ജനങ്ങൾക്ക് പ്രസ്തുത അനുഭവങ്ങൾ പുതിയതും ആചാരങ്ങൾക്കപ്പുറത്തുള്ള ഈശ്വരചൈതന്യത്തിന്റെ കണ്ടെത്തലുമാകും .

1300 കളിൽ യൂറോപ്പിൽ പടർന്ന് പിടിച്ച പ്ലേഗിന് മത നവീകരണത്തിനും ശുദ്ധികലശത്തിനും വഴിമരുന്നിടുവാൻ സാധിച്ചു .മധ്യകാല യൂറോപ്പിനെ ഗ്രസിച്ചിരുന്ന ഇരുണ്ട കാലഘട്ടത്തിനു അറുതി വരുത്തി നവൊത്ഥാന ചിന്തകളെ അത് ഉണർത്തി .കോവിഡ് 19 മതത്തിനെ സ്വകാര്യഇടങ്ങളിലേക്ക് ചുരുക്കിയിരിക്കുന്നു .കോവിഡ് വ്യാപനത്തെ വരുതിയിലാക്കുവാൻ സ്വീകരിച്ച ലോക്ഡൗണും ,സാമൂഹിക അകലം പാലിക്കലും മനുഷ്യന്റെ സ്വഭാവരീതികളിൽ കാതലായ മാറ്റമുണ്ടാക്കുമെന്നു ബിഹേവിയറൽ സയന്റിസ്റ്റുകൾ കണക്ക് കൂട്ടുന്നു .കണ്ണിനു മുൻപിൽ വരുന്നവ ആഗ്രഹമനുസരിച്ചു വാങ്ങികൂട്ടുന്ന കമ്പോള സംസ്‌കാരം ആവശ്യമുള്ളവ മാത്രം വാങ്ങുന്ന രീതിയിലേക്ക് മാറുമെന്ന് സാമ്പത്തിക വിദഗ്ധർ അഭിപ്രായപ്പെടുന്നു .കണ്ണിന് മുന്നിലെ പൊടുന്നനെയുള്ള മരണങ്ങളും അതുളവാക്കുന്ന ഭീതിയും മരവിപ്പും മനുഷ്യ മനസ്സുകളെ മാറ്റിയെടുക്കും .കൊവിഡെന്ന മഹാവ്യാധി അതിനാൽ തന്നെ മനുഷ്യരിൽ കാതലായ സ്വഭാവവ്യതിയാനം സൃഷ്ടിച്ചേക്കാം .

വർഗ്ഗ വിദ്വേഷ മാത്സര്യ ബോധങ്ങൾ യഥേഷ്ടം വിഹരിച്ച കൂട്ടായ്മകൾ ഇന്ന് അന്യം നിന്നുപോയി .മനുഷ്യന്റെ അരക്ഷിതാവസ്ഥയും അനശ്ചിതത്വവും ഭയവും മുതലെടുത്തു കച്ചവടo നടത്തി വന്ന കള്ളനാണയങ്ങൾക്ക്‌ കോവിഡ് -19ഷട്ടറിട്ടു .ഏതു കഠിന രോഗത്തിനെയും നിഷ്പ്രയാസം ഇല്ലാതാക്കുന്ന ജാലവിദ്യക്കാർക്ക്‌ കോവിഡ് രോഗത്തിന് ശാന്തി നൽകാൻ സാധിക്കുന്നില്ല .അവനവനിലേക്ക് നോക്കുവാനും ,ഈശ്വരാംശത്തെ തന്നിൽ കണ്ടെത്തി സ്വന്തം ഇടങ്ങളെ പ്രകാശിപ്പിക്കുവാനും കോവിഡ് കാലം നമ്മെ ഓർമ്മിപ്പിക്കുന്നു .എന്റെ ഉള്ളിലുള്ള ജീവാംശത്തെ ഞാൻ നിന്നിലും കാണുകയും മനുഷ്യരുടെ ഇടയിൽ ദൈവദർശനം സാധ്യമാവുകയും ചെയ്യ്‌യ്മ്പോൾ മതങ്ങൾക്ക് സാന്ദ്രത തിരികെ ലഭിക്കും .

കോവിഡ് വ്യാപന സാധ്യത ഇല്ലാതാകുമ്പോൾ സാമൂഹിക കൂടിവരവുകൾ വീണ്ടുമുണ്ടാകാം .ലോകം സാവധാനം നഷ്ടസമുദ്രങ്ങളിൽ നിന്നും കരകയറുകയും ചെയ്‌യും .പ്രശ്ന വിടുതലുകൾക്കായി ,ആശ്വാസത്തിനായി ,മനുഷ്യർ മതകേന്ദ്രങ്ങളിലേക്ക് തിരികെ വരും ,പക്ഷേ കോവിഡ് നൽകിയ പാഠഭേതങ്ങളോടെയെന്ന് മാത്രം .മനുഷ്യനെ മുൻ നിർത്തി സ്വയം നവീകരിക്കുകയും ആചാര ചട്ടക്കൂടുകൾ ഉടച്ചുവാർക്കുകയും ചെയ്യാതിരുന്നാൽ കോവിഡാനന്തര ലോകത്തിൽ മതങ്ങൾക്ക് നിലനിൽപ്പ് ബുദ്ധിമുട്ടാകും .

കോവിഡാനന്തര ലോകത്തിൽ ശാസ്‌ത്ര സാങ്കേതിക വിദ്യകൾക്ക് വളരെ വർദ്ധിച്ച ഉപയോഗവും സ്വീകരണവും ലഭിക്കും .സമൂഹിക അകലം ഒരു തുടർകഥയായേക്കാം .ശാസ്ത്രത്തിനോട് മുഖം തിരിഞ്ഞു നിൽക്കുമ്പോൾ അത്‌ നഷ്ടങ്ങൾക്ക് വഴിവയ്ക്കും .മതവും ,ശാസ്ത്രവും ,ആത്മീയതയും ഇവയുടെ സഹവർത്തിത്വമാണ് അഭികാമ്യം .മനുഷ്യ ജനിതക പദ്ധതിയുടെ ഉപഞ്ജാതാവ് ഫ്രാൻസിസ് കോളിൻസ് അഭിപ്രായപ്പെട്ടത് പോലെ “നമ്മുടെ കാലത്തിന്റെ ഏറ്റവും വലിയ ദുരന്തമെന്നത് ശാസ്ത്രവും മതവും തമ്മിൽ സദാ യുദ്ധത്തിലാണെന്ന ധാരണയാണ് “.സ്വന്തന്ത്രചിന്തയും ശാസ്‌ത്ര ബോധവും അന്ധത നീക്കും .മതാന്ധതയും മത മൗലിക വാദവും കൊടികുത്തി വാണിരുന്ന കോവിഡ് പൂർവ്വ ലോകത്തിന്റെ സ്ഥാനത്തു സ്വതന്ത്രചിന്തയും,ശാസ്‌ത്രബോധവും ,മതബോധവും സമഞ്ജസമ്മേളനം നടത്തുന്ന കോവിഡാനന്തരലോകം പുലരട്ടെ .

(കുവൈറ്റിൽ നഴ്‌സായി ജോലി നോക്കുന്നു ലേഖകൻ ).