May 20, 2024

CNXN.TV

Kuwait News (കുവൈറ്റ് വാർത്തകൾ .Get the Latest Malayalam news in Kuwait & Today's Breaking News (ബ്രേക്കിങ് വാർത്ത) headlines in Malayalam .CNXN TV has the most recent Malayalam Gulf news and updates from Kuwait.

ഉൾക്കൊള്ളലിന്റെ ഇടമാകേണ്ട കുടുംബം

ജോബി ബേബി

ദശകങ്ങളായി ദ്രുതഗതിയിൽ മാറ്റങ്ങൾക്ക് വിധേയമായിക്കൊണ്ടിരിക്കുന്ന സാമൂഹികസ്ഥാപനമാണ് കുടുംബം. ഘടനയിലും പ്രവർത്തനശൈലിയിലുമാണ് കൂടുതൽ മാറ്റമുണ്ടാകുന്നത്. ഈ മാറ്റങ്ങൾ കുടുംബബന്ധങ്ങളെയും സമൂഹത്തെയും കൂടുതൽ ശാക്തീകരിക്കുകയാണോ ദുർബലപ്പെടുത്തുകയാണോ ചെയ്യുന്നത് എന്നു വിലയിരുത്തുക പ്രയാസമാണ് -സമ്മിശ്രവാദഗതിക്കാണ് മുൻതൂക്കം.
സാമ്പ്രദായികമായി നാം തുടർന്നുപോന്നിരുന്നത് ആൺകോയ്മയിൽ അധിഷ്ഠിതമായ, നിർണായക തീരുമാനങ്ങൾ കൈക്കൊള്ളുന്നതിൽ സ്ത്രീകൾക്ക് പൊതുവേ നാമമാത്രമായ പങ്കുമാത്രമുള്ള കൂട്ടുകുടുംബ വ്യവസ്ഥിതിയായിുന്നു. ശാസ്ത്ര-സാങ്കേതിക രംഗം കൈവരിച്ച നേട്ടങ്ങളും തുടർന്നുണ്ടായ വ്യാവസായിക വളർച്ചയുമാണ് കൂട്ടുകുടുംബവ്യവസ്ഥയുടെ തകർച്ചയ്ക്ക് നാന്ദികുറിച്ചത്. നഗരങ്ങളിലേക്കുള്ള കുടിയേറ്റം കൂടിയതോടെ അണുകുടുംബങ്ങൾ രൂപപ്പെട്ടു. നഗരങ്ങളിലെ തൊഴിൽലഭ്യതക്കുറവും ജീവിതച്ചെലവും സമ്പാദിക്കാനുള്ള മനുഷ്യന്റെ ആർത്തിയും ജനങ്ങളെ അന്യസംസ്ഥാനങ്ങളിലേക്കും അന്യരാജ്യങ്ങളിലേക്കും തൊഴിൽതേടിപ്പോകാൻ പ്രേരിപ്പിച്ചു. ഇന്ന് കുടിയേറ്റം അതിന്റെ ഉച്ചസ്ഥായിയിലാണ്. പാശ്ചാത്യജീവിതശൈലിയോട് ധാരാളംപേർ ആകർഷിക്കപ്പെടുന്നു. മെച്ചപ്പെട്ട സമ്പാദ്യം പ്രധാനലക്ഷ്യമായിമാറി. മെച്ചപ്പെട്ട വിദ്യാഭ്യാസയോഗ്യതയുള്ളവർക്കും ഐ.ടി., ഇലക്ട്രോണിക് കമ്യൂണിക്കേഷൻ തുടങ്ങിയ രംഗത്ത് ഉപരിപഠനം നടത്തിയവർക്കുപോലും സ്വന്തം സംസ്ഥാനത്ത് ജോലിയും വേതനവും കിട്ടുന്നില്ല.

മാറ്റങ്ങൾ അനിവാര്യമാണെന്ന് പറയാം. പക്ഷേ, അത് സമൂഹത്തിന്റെ അടിസ്ഥാനഘടകമായ കുടുംബങ്ങളിലാകുമ്പോൾ വിവിധപ്രായത്തിലുള്ള ജനവിഭാഗത്തെ, പ്രത്യേകിച്ചും വൃദ്ധരായവരുടെയും കുട്ടികളുടെയും ജീവിതനിലവാരത്തെയും മാനസികാരോഗ്യത്തെയും കാര്യമായി സ്വാധീനിക്കാറുണ്ട്. കൂട്ടുകുടുംബ വ്യവസ്ഥയിൽനിന്ന് അണുകുടുംബത്തിലേക്കുള്ള മാറ്റത്തിനിടെ വീട്ടിലെ അധികാരകേന്ദ്രം മുതിർന്നവരാണെന്നതുമാറി ഭർത്താവിന് ആധിപത്യമുള്ള കുടുംബമായിമാറി. സ്ത്രീകൾ വിദ്യാഭ്യാസവും വരുമാനവും കൈവരിച്ചതോടെ ലിംഗസമത്വമുള്ള കുടുംബങ്ങളും വളർന്നുവന്നു. പല കുടുംബങ്ങളിലും സ്ത്രീകൾക്കും കുട്ടികൾക്കും കൂടുതൽ സ്വാതന്ത്ര്യം കിട്ടിത്തുടങ്ങി. പലപ്പോഴും മാതാപിതാക്കളുടെ തീരുമാനങ്ങളെ എതിർക്കാനും ചോദ്യംചെയ്യാനും കുട്ടികൾക്ക് ധൈര്യംവന്നു. കുട്ടികളെ പരിധിവിട്ട് ശിക്ഷിച്ചാൽ നിയമംമുഖേന തടുക്കാൻ പ്രേരകമായതും ഈ മാറ്റങ്ങളാണ്. കുടുംബവ്യവസ്ഥയിലുണ്ടായ മാറ്റം ഗുണപരമായ നേട്ടങ്ങൾക്ക് വഴിയൊരുക്കി. അത് വ്യക്തികളുടെ സമഗ്രവളർച്ചയ്ക്കും വ്യക്തിവികസനത്തിനും വഴിയൊരുക്കി. കുടുംബാംഗങ്ങൾക്കിടയിലുള്ള സ്നേഹബന്ധങ്ങളും ആശയവിനിമയവും ഊഷ്മളമായി.

ഇന്ന് കുടുംബങ്ങൾ വൈരുധ്യത്തിലൂടെയാണ് മുന്നേറുന്നത്. വലിയ വീടുകൾ, വാഹനങ്ങൾ, വീട്ടുപകരണങ്ങൾ, ആഭരണം, ആഘോഷങ്ങൾ, വിലയേറിയ ടി.വി., കംപ്യൂട്ടർ, മൊബൈൽ എന്നിവ വ്യക്തികളുടെ സമൂഹത്തിലെ സ്ഥാനമാനങ്ങളെ നിർണയിക്കുന്ന അളവുകോലായി. കുട്ടികൾക്ക് നല്ല ആഹാരവും വിലപിടിച്ച വസ്തുക്കളും മുന്തിയ വിദ്യഭ്യാസസൗകര്യവും നൽകുക എന്നതിനപ്പുറം ജീവിതനൈപുണി വളർത്താനോ സാമൂഹികപരിജ്ഞാനം നൽകാനോ ധാർമികതയെയും മൂല്യങ്ങളെയും കുറിച്ചുള്ള അവബോധം ഉണ്ടാക്കാനോ കുടുംബങ്ങളിൽ പരിശ്രമം നടക്കുന്നില്ല. പ്രായമായ മാതാപിതാക്കൾ ഒറ്റപ്പെട്ടുകൊണ്ടിരിക്കുന്നു. മദ്യത്തിന്റെയും ലഹരിപദാർഥങ്ങളുടെയും ലഭ്യത, മാധ്യമങ്ങളുടെ അതിപ്രസരം, ദിവസത്തിൽ 24 മണിക്കൂറും ലഭ്യമാകുന്ന ഇന്റർനെറ്റ് ഇതെല്ലാംതന്നെ ഒരു വിഭാഗം ചെറുപ്പക്കാരെ അമിതമായി സ്വാധീനിക്കുകയും അവുടെ മാനസികാരോഗ്യത്തെയും പെരുമാറ്റരീതികളെയും മാറ്റിമറിക്കുകയും ചെയ്യുന്നു.

ഇന്നത്തെ കുടുംബസംവിധാനത്തിന് ധാരാളം പരിമിതികളുണ്ട്. മാതാപിതാക്കൾക്ക് കുട്ടികളുടെ പരിപാലനത്തിനായി നീക്കിവെക്കാൻ കഴിയുന്ന സമയം കുറഞ്ഞിരിക്കുന്നു. കുടുംബവ്യവസ്ഥിതിയിൽവന്ന മാറ്റംമൂലം താങ്ങും തണലും എന്നരീതിയിൽ കുടുംബാംഗങ്ങൾ നിർവഹിച്ചുപോന്നിരുന്ന ചുമതലകളും പരസ്പരം നൽകിയിരുന്ന നിയന്ത്രണവും ഇല്ലാതായി. സമ്മർദങ്ങളെ അതിജീവിക്കാൻ നല്ല കുടുംബബന്ധം ആവശ്യമാണ്. അത് ഇല്ലാത്തവരിൽ വിഷാദവും ഉത്കണ്ഠയും കുടുതലാണെന്ന് പഠനങ്ങൾ വെളിവാക്കുന്നു.

ആത്മഹത്യകൾക്കും ഗാർഹികപീഡനങ്ങൾക്കും പ്രധാനപങ്കുവഹിക്കുന്നത് മദ്യപാനത്തിന്റെയും ലഹരിപദാർഥങ്ങളുടെയും ഉപയോഗമാണ്. ശിഥിലമായ കുടുംബസംവിധാനങ്ങളാണ് പലപ്പോഴും കുട്ടികളിൽ സമൂഹവിരുദ്ധ മനോഭാവവും പെരുമാറ്റവൈകല്യങ്ങളും ഉണ്ടാക്കുന്നത്. മാതാപിതാക്കൾക്ക് നിയന്ത്രണവും സ്വാധീനവും ഇല്ലാത്ത കുട്ടികളിലാണ് മൊബൈൽ/നെറ്റ് അഡിക്ഷൻ കൂടുതലുള്ളത്. മൂല്യങ്ങളെയും ധാർമികതയെയും കുറിച്ച് ശരിയായ അവബോധമില്ലാത്ത കുടുംബങ്ങളിലാണ് സ്ത്രീധനവുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ തലപൊക്കുന്നത്. ഇതു മറികടക്കണമെങ്കിൽ ജീവിതനൈപുണ്യം, സാമൂഹിക പരിജ്ഞാനം, വൈകാരിക സാക്ഷരത, മൂല്യാധിഷ്ഠിത അവബോധനം, ലൈംഗിക വിദ്യാഭ്യാസം എന്നിവയെ അടിസ്ഥാനപ്പെടുത്തിയുള്ള മാനസികാരോഗ്യ പദ്ധതികൾ കുടുംബങ്ങൾക്കും വ്യക്തികൾക്കുമായി ആസൂത്രണംചെയ്ത് നടപ്പാക്കണം.

(കുവൈറ്റിൽ നഴ്‌സായി ജോലി നോക്കുന്നു ലേഖകൻ).