May 20, 2024

CNXN.TV

Kuwait News (കുവൈറ്റ് വാർത്തകൾ .Get the Latest Malayalam news in Kuwait & Today's Breaking News (ബ്രേക്കിങ് വാർത്ത) headlines in Malayalam .CNXN TV has the most recent Malayalam Gulf news and updates from Kuwait.

മനോധൈര്യത്തിന്റെ പതാകവാഹകർ

റീനാ സാറാ വർഗീസ്

“സിസ്റ്റർ, നിനക്ക് ഇതിനും ഉയരെ സ്വപ്നങ്ങൾ ഉണ്ടായിരുന്നോ?”

മനുഷ്യരായി പിറന്ന എല്ലാവർക്കും മരണംവരെയും സ്വപ്നങ്ങൾ ഉണ്ടാകുമെന്നും അതാണു് മുൻപോട്ടു ജീവിക്കാൻ പ്രേരിപ്പിക്കുന്ന ഘടകമെന്നും മറുപടി പറഞ്ഞപ്പോൾ അവളുടെ കണ്ണുകളിലുണ്ടായ തിളക്കം ശ്രദ്ധിച്ചു. പിന്നീടു് അൽപസമയം അവൾ മൂകയായി. മൂകതയ്ക്കിടയിൽ ചുവരിലെ കറങ്ങുന്ന സമയ സൂചികകൾ  അതു് ഉൾക്കൊള്ളാനാകാതെ മണിമുഴക്കി നിശ്ശബ്ദതയ്ക്ക് ഭംഗം വരുത്തി.

“എനിക്ക് ഇനിയെന്തു സ്വപ്നം…”

ദീർഘനിശ്വാസമെടുത്ത് അർദ്ധോക്തിയിൽ അവൾ നിർത്തി. ഒറ്റനോട്ടത്തിൽ  പ്രകാശമറ്റ കണ്ണുകളും കറുപ്പു വീണ കൺതടങ്ങളും പ്രസരിപ്പു മാഞ്ഞ മുഖവും അവളുടെ ചെറുപ്പം കവർന്നെടുത്തിരുന്നു. ആദ്യം കണ്ടതിൽ നിന്നു് രൂപം പാടേ മാറിയിരുന്നു. പ്രതീക്ഷയുടെ തിരി തല്ലിക്കെടുത്തിയ രോഗമെന്ന ഭയങ്കരമായ ചൂടുകാറ്റിൽ പെട്ട് ആടിയുലഞ്ഞ അവസ്ഥയായിലായിരുന്ന സുന്ദരിയായ പെൺകുട്ടി.

 കുടുംബ സാഹചര്യങ്ങളും തൊഴിൽ മോഹവുമെല്ലാം ആ കാറ്റിൽ ദിശയറിയാതെ  മാറിമറിഞ്ഞത് അവളെ വല്ലാതെ അലോസരപ്പെടുത്തിയിരുന്നു. പഠനത്തിൽ മികവു പുലർത്തിയ അവളെ സംബന്ധിച്ച്, പഠനം പാതിവഴിയിൽ ഉപേക്ഷിക്കേണ്ടി വന്നപ്പോൾ അതുണ്ടാക്കിയ ആഘാതം അത്രമേൽ സ്ഫോടനാത്മകമായിരുന്നു.  മാറിമറിഞ്ഞ പരിതസ്ഥിതികൾ നേരിടാനാകാതെ നട്ടം തിരിഞ്ഞു. അന്നേവരെ ആനന്ദത്തോടെ ചെയ്തിരുന്ന പലതും പരാങ്മുഖതയോടെ മാറ്റിവച്ചു.

അങ്ങനെയുള്ള ഒരാളിൽ ആത്മവിശ്വാസത്തിന്റെ വിത്താണ് ആദ്യം പാകേണ്ടതെന്ന് മനസ്സിലാക്കാൻ വലിയ പ്രയാസം ഉണ്ടായിരുന്നില്ല. മരുന്നുകളെക്കാൾ മുൻപേ ഫലം ചെയ്തു തുടങ്ങുന്നത് അതാണെന്ന് മുൻ അനുഭവങ്ങൾ പഠിപ്പിച്ചിരുന്നു.

എന്തു പറയുമെന്ന ചിന്താക്കുഴപ്പം ഉണ്ടായിരുന്നുവെങ്കിലും എന്തെങ്കിലും നാവിൻ തുമ്പിൽ വരാതിരിക്കില്ല എന്നറിയാമായിരുന്നു. പറയേണ്ടത് ആത്മഗതമെന്നോണം പലവുരു അരക്കിട്ടുറപ്പിച്ചു. അതിനിടയിൽ പൊടുന്നനെ ഒരു ചെറുകഥയെ കുറിച്ച് ഓർമ്മ വന്നു. ഒ. ഹെൻട്രിയുടെ  “ദ ലാസ്റ്റ് ലീഫ്”, എന്ന ചെറുകഥയെ കുറിച്ച്.

ലൂയി ടീച്ചർ പറഞ്ഞു പഠിപ്പിച്ച കഥ. ആത്മവിശ്വാസം ഊട്ടിയുറപ്പിക്കുന്ന വിശ്വോത്തര കൃതി, പത്താം ക്ലാസുകാരിയെ അത്രയേറെ സ്വാധീനിച്ചതു കൊണ്ടു് തന്നെയാണ് മറവിയിൽ പെട്ട് മുറിഞ്ഞു പോകാതിരുന്നത്. മരണക്കയത്തിൽ നിന്നായാൽ പോലും മനോവീര്യം കൊടുത്താൽ ഒരു വ്യക്തിയെ ജീവിതത്തിലേയ്ക്ക് കൈപിടിച്ചുയർത്താനാകും എന്നതിന്റെ നിസ്തുലോദാഹരണം.

വൃദ്ധനായ ഒരു ചിത്രകാരൻ ന്യൂമോണിയ ബാധിച്ച് മരണം കാത്തുകിടക്കുന്ന തന്റെ അയൽവാസിയായ യുവ ചിത്രകാരിയെ മനോധൈര്യം നൽകി ജീവിതത്തിലേക്ക് തിരികെ കൊണ്ടുവരുന്നതാണ് കഥാസാരം.

ഇന്നു് എന്നത് ഒരു സൂര്യാസ്തമയത്തിനപ്പുറം ഉണ്ടാകില്ലെന്നും നാളെത്തെ നന്മയുടെ നിറവിൽ ആഗ്രഹങ്ങൾ സഫലീകൃതമാകുമെന്നും പറയുമ്പോൾ മുഖത്ത് നനുത്ത പുഞ്ചിരി വിടർന്നു. അവൾ രോഗത്തെ തോൽപ്പിച്ചു തുടങ്ങുന്നതിൻ്റെ ആദ്യ പടി. അവളുടെ സ്വപ്നത്തിലേക്ക് അധികദൂരമില്ല എന്നതിന്റെ അടയാളമായി ഞാനതു മനസ്സിൽ കോറിയിട്ടു.

പിന്നീടങ്ങോട്ടുള്ള ഓരോദിനവും മനസ്സിന് ആനന്ദമുളവാക്കുന്ന പല വഴികളിലേക്ക് തിരിച്ചു വിട്ട്,  വിജിഗീഷുവായി മാറിക്കൊണ്ടിരിക്കുന്ന ഒരുവളെയാണ് കാണാനായത്. ദിനേന ആരോഗ്യം പുരോഗതി പ്രാപിച്ചുവെന്നത് എല്ലാവരിലും അത്ഭുതമുളവാക്കി! ഒരു ദിനം പൂർണ്ണാരോഗ്യത്തോടെ ഏറെ സന്തോഷവതിയായി അവിടെ നിന്നിറങ്ങി.

വർഷങ്ങൾക്കിപ്പുറം ഒരു പൊതുമേഖലാ സ്ഥാപനത്തിൽ  ആവശ്യത്തിനായി പോകേണ്ടിവന്നു. ഫയലുകൾക്കിടയിലൂടെ മേശയിൽ നിന്നു് മേശയിലേക്ക് തിടുക്കത്തിൽ നടക്കുമ്പോൾ ശിപായി അടുത്തുവന്നു പറഞ്ഞു

“സിസ്റ്ററേ, മാഡം വിളിക്കുന്നു.”

മുൻപരിചയമില്ലാത്ത ഒരാൾ, ചെയ്യുന്ന ജോലിയെക്കുറിച്ച് എങ്ങനെ അറിഞ്ഞു എന്നോർത്ത്  ഒരു നിമിഷം സ്തബ്ധയായി. സതീർത്ഥ്യരോ, അകന്ന ബന്ധുക്കളോ ആവുമെന്ന ധാരണയിൽ അയാൾക്ക് പുറകെ നടന്നു.

അത്യാധുനികമായ ഓഫീസിലെ കണ്ണാടിക്കൂട്ടിനുള്ളിലെ കസാരയിൽ മുഖ പരിചയമുള്ള കുലീനയായ സ്ത്രീ. കണ്ടു മറന്ന മുഖങ്ങളിലൂടെ രൂപസാദൃശ്യ താരതമ്യം നടത്താൻ വൃഥാ ശ്രമിച്ചെങ്കിലും അത്രകണ്ട് വിജയിച്ചില്ല.

മുൻപിൽ ഇട്ടിരുന്ന കസാരകളിലൊന്നിൽ ഇരിക്കുമ്പോൾ “എന്നെ ഓർമ്മയില്ലേ?” എന്ന സ്വരം ഒരു ആശുപത്രി ജീവിതം ഓർമ്മിപ്പിച്ചു. ഔദ്യോഗിക ജീവിതത്തിൽ ഞാൻ കണ്ട മനോധൈര്യത്തിൻ്റെ പതാകവാഹകരിൽ ഒരാൾ.

അവിടെ നിന്ന് ഇറങ്ങുമ്പോൾ മഹാകവി കെ.സി കേശവപിള്ളയുടെ നീതി വാക്യങ്ങളാണ് മനസ്സ് ഉരുവിട്ടത്.

“നേരിട്ടെതിർക്കുമൊരു വാഗ്മിയെയും ക്ഷണത്തിൽ

നേരേയടക്കു,മതുപോലനുകൂലഭാഗേ

ചേരുന്ന മന്ദനെയുമുന്നതനാക്കിവയ്ക്കും

സൂരിക്കെഴുന്ന മൊഴിതന്നുടെ മട്ടിവണ്ണം.”