കുവൈറ്റ് സിറ്റി: ആഗോളതലത്തിൽ ഹിന്ദി ഭാഷയുടെ പ്രാധാന്യം വിളിച്ചോതിക്കൊണ്ട് കുവൈറ്റിലെ ഇന്ത്യൻ എംബസി ‘വിശ്വ ഹിന്ദി ദിവസ്’ (ലോക ഹിന്ദി ദിനം) വിപുലമായ പരിപാടികളോടെ ആഘോഷിച്ചു. ശനിയാഴ്ച എംബസി ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ കുവൈറ്റിലെ ഇന്ത്യൻ സ്കൂളുകളിൽ നിന്നുള്ള വിദ്യാർത്ഥികളും അധ്യാപകരും ഇന്ത്യൻ സമൂഹത്തിലെ പ്രമുഖരും ഉൾപ്പെടെ 350-ലധികം പേർ പങ്കെടുത്തു.
ലോകമെമ്പാടുമുള്ള ഹിന്ദി സംസാരിക്കുന്ന ദശലക്ഷക്കണക്കിന് ആളുകളെയും ഭാഷയുടെ സാംസ്കാരിക പൈതൃകത്തെയും ആദരിക്കുന്നതിനായി എല്ലാ വർഷവും ജനുവരി 10-നാണ് ലോക ഹിന്ദി ദിനം ആഘോഷിക്കുന്നത്. കുവൈറ്റിലെ 25 ഇന്ത്യൻ സിബിഎസ്ഇ സ്കൂളുകളിൽ നിന്നുള്ള വിദ്യാർത്ഥികൾക്കായി സംഘടിപ്പിച്ച ഹിന്ദി കവിതാ പാരായണ മത്സരങ്ങൾ ആഘോഷങ്ങൾക്ക് മാറ്റുകൂട്ടി.

ചടങ്ങിൽ ഇന്ത്യൻ സ്ഥാനപതി ശ്രീമതി പരമിത ത്രിപാഠി പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സന്ദേശം വായിക്കുകയും പങ്കെടുത്തവരുടെ ആവേശത്തെ അഭിനന്ദിക്കുകയും ചെയ്തു. മത്സരങ്ങളിൽ വിജയികളായ വിദ്യാർത്ഥികൾക്ക് സ്ഥാനപതി പുരസ്കാരങ്ങൾ വിതരണം ചെയ്തു. വിദ്യാർത്ഥികളെ കൂടാതെ അധ്യാപകരും ചടങ്ങിൽ കവിതകൾ അവതരിപ്പിച്ചു.
ഹിന്ദി ഭാഷയോടുള്ള താൽപ്പര്യവും അറിവും പരിഗണിച്ച് കുവൈറ്റ് പൗരന്മാരായ നാല് പ്രമുഖരെ ചടങ്ങിൽ ആദരിച്ചു. ഗായകൻ മുബാറക് റാഷിദ് അൽ അസ്മി, മുൻ നാഷണൽ ഗാർഡ് ഓഫീസർ സാദ് ദാഹർ സാദൂൺ അൽ റഷീദി, ചെസ് ഫെഡറേഷൻ അംഗം ഈമാൻ ഹുസൈൻ അലി അൽകൂട്ട്, ബിസിനസ്സുകാരനായ സ്വലാഹ് എ.എം. ഖലഫ് എന്നിവരെയാണ് എംബസി പ്രത്യേകം ആദരിച്ചത്.
കുവൈറ്റിലെ പത്തുലക്ഷത്തിലധികം വരുന്ന ഇന്ത്യൻ പ്രവാസികൾക്കിടയിലും തദ്ദേശീയർക്കിടയിലും ഹിന്ദി ഭാഷയുടെ പ്രചരണത്തിനായി വർക്ക് ഷോപ്പുകൾ, മത്സരങ്ങൾ, സാംസ്കാരിക പരിപാടികൾ എന്നിവ എംബസിയുടെ നേതൃത്വത്തിൽ നിരന്തരമായി സംഘടിപ്പിച്ചു വരുന്നുണ്ടെന്ന് അധികൃതർ അറിയിച്ചു.








More Stories
ഗൾഫ് രാജ്യങ്ങളിൽ സി.ബി.എസ്.ഇ പത്താം ക്ലാസ് പരീക്ഷകൾ റദ്ദാക്കി; പന്ത്രണ്ടാം ക്ലാസ് പരീക്ഷകൾ മാറ്റിവെച്ചു
ഇന്ത്യൻ മുസ്ലിം സംഘടനകളുടെ ഐക്യവേദിയായ ഫെഡറേഷൻ ഓഫ് ഇന്ത്യൻ അസ്സോസിയേഷൻസ് (FIMA) റമദാൻ ഖബ്ക്ക സംഘടിപ്പിച്ചു.
കുവൈറ്റിൽ വിസ കാലാവധി നീട്ടി; സന്ദർശക വിസകൾക്ക് ഒരു മാസത്തെയും പ്രവാസികൾക്ക് മൂന്ന് മാസത്തെയും ഇളവ്