കുവൈറ്റ് സിറ്റി: ഇന്ന് ബുധനാഴ്ച (04/03/26) കുവൈറ്റ് ലക്ഷ്യമാക്കി വന്ന മിസൈലുകളെയും ഡ്രോണുകളെയും സൈന്യം വിജയകരമായി തടഞ്ഞു. രാജ്യത്തിന്റെ ആകാശപരിധി ലംഘിച്ചെത്തിയ മിസൈലുകളുടെയും ഡ്രോണുകളുടെയും വലിയൊരു നിരയെയാണ് കുവൈറ്റ് വ്യോമസേനയും പ്രതിരോധ വിഭാഗവും ചേർന്ന് തകർത്തതെന്ന് പ്രാദേശിക പത്രം റിപ്പോർട്ട് ചെയ്തു.
രാജ്യത്തെ തന്ത്രപ്രധാനമായ ഇടങ്ങളെയും ജനവാസ മേഖലകളെയും ലക്ഷ്യം വെച്ചായിരുന്നു ആക്രമണ നീക്കം നടന്നതെന്നാണ് പ്രാഥമിക വിവരം. പ്രതിരോധ സംവിധാനങ്ങൾ കൃത്യസമയത്ത് സജ്ജമായതിനാൽ വലിയൊരു അപകടം ഒഴിവാക്കാൻ സാധിച്ചു. തകർക്കപ്പെട്ട മിസൈലുകളുടെയും ഡ്രോണുകളുടെയും അവശിഷ്ടങ്ങൾ ജനവാസമില്ലാത്ത മേഖലകളിലാണ് വീണത്.
സംഭവത്തെത്തുടർന്ന് രാജ്യത്തെ സുരക്ഷാ സന്നാഹങ്ങൾ പരമാവധി ശക്തമാക്കിയിട്ടുണ്ട്. അതിർത്തികളിലും തന്ത്രപ്രധാന കേന്ദ്രങ്ങളിലും സൈന്യം നിരീക്ഷണം കർശനമാക്കി. നിലവിലെ സാഹചര്യം നിയന്ത്രണവിധേയമാണെന്നും ജനങ്ങൾ പരിഭ്രാന്തരാകേണ്ടതില്ലെന്നും പ്രതിരോധ മന്ത്രാലയം അറിയിച്ചു. എന്നാൽ, അധികൃതർ നൽകുന്ന സുരക്ഷാ നിർദ്ദേശങ്ങൾ കർശനമായി പാലിക്കണമെന്നും ജാഗ്രത കൈവിടരുതെന്നും പൊതുജനങ്ങളോട് അഭ്യർത്ഥിച്ചിട്ടുണ്ട്.
ഇന്ത്യൻ എംബസിയും കുവൈറ്റിലെ സുരക്ഷാ സ്ഥിതിഗതികൾ സൂക്ഷ്മമായി നിരീക്ഷിച്ചു വരികയാണ്. പ്രവാസികൾ ഔദ്യോഗിക അറിയിപ്പുകൾ മാത്രം വിശ്വസിക്കണമെന്നും അനാവശ്യ യാത്രകൾ ഒഴിവാക്കണമെന്നും നേരത്തെ നിർദ്ദേശമുണ്ടായിരുന്നു.





More Stories
കുവൈറ്റ് സിറ്റിയിൽ പാർപ്പിട സമുച്ചയത്തിൽ ഡ്രോൺ ആക്രമണത്തെ തുടർന്നുണ്ടായ തീപിടുത്തം നിയന്ത്രണവിധേയമാക്കിയതായി ഫയർ ഫോഴ്സ് ; ആളപായമില്ല
ഒരിടവേളക്ക് ശേഷം കുവൈറ്റിനു നേരെ വീണ്ടും മിസൈൽ-ഡ്രോൺ ആക്രമണശ്രമം: പ്രതിരോധ സംവിധാനങ്ങൾ സജ്ജമെന്ന് സൈന്യം ; രാജ്യം അതീവ ജാഗ്രതയിൽ
കുവൈറ്റ് അബ്ദലി ഫാമിൽ സഹപ്രവർത്തകനെ കുത്തിക്കൊലപ്പെടുത്തി : ഇന്ത്യക്കാരൻ അറസ്റ്റിൽ