കുവൈറ്റ് സിറ്റി: രാജ്യത്തെ പൊതു-സ്വകാര്യ സ്കൂളുകളുടെ പ്രവർത്തനം, അച്ചടക്കം, ഫണ്ട് ശേഖരണം, സാമൂഹിക മാധ്യമ ഉപയോഗം എന്നിവയിൽ കർശന നിയന്ത്രണങ്ങളുമായി കുവൈറ്റ് വിദ്യാഭ്യാസ മന്ത്രാലയം. മന്ത്രാലയം അണ്ടർസെക്രട്ടറി ഡോ. ഖാലിദ് അൽ-റാഷിദ് പുറപ്പെടുവിച്ച പുതിയ സർക്കുലറിലാണ് നിർദ്ദേശങ്ങൾ വ്യക്തമാക്കിയിട്ടുള്ളത്. പുതിയ ഉത്തരവ് പ്രകാരം സ്കൂളുകളിലോ ജീവനക്കാർ വഴിയോ അധ്യാപകർ, രക്ഷിതാക്കൾ, വിദ്യാർത്ഥികൾ എന്നിവരിൽ നിന്ന് പണമോ മറ്റ് സമ്മാനങ്ങളോ സംഭാവനയായി സ്വീകരിക്കുന്നത് പൂർണ്ണമായും നിരോധിച്ചു. കൂടാതെ സ്കൂൾ വളപ്പിൽ വാണിജ്യ ഉൽപ്പന്നങ്ങളുടെയും സേവനങ്ങളുടെയും വിപണനവും പ്രമോഷനുകളും പാടില്ലെന്നും മന്ത്രാലയം വ്യക്തമാക്കി.
വിദ്യാഭ്യാസ മന്ത്രാലയത്തിന് പുറത്തുള്ള വ്യക്തികളെയോ ഏജൻസികളെയോ പങ്കാളികളാക്കിക്കൊണ്ട് പരിപാടികളോ ആഘോഷങ്ങളോ സംഘടിപ്പിക്കുന്നതിന് മന്ത്രാലയത്തിന്റെ മുൻകൂർ രേഖാമൂലമുള്ള അനുമതി നിർബന്ധമാക്കിയിട്ടുണ്ട്. സ്കൂളുകളിൽ നടത്തുന്ന ഏതൊരു പരിപാടിക്കും വ്യക്തമായ വിദ്യാഭ്യാസ ലക്ഷ്യങ്ങൾ ഉണ്ടായിരിക്കണം. ഇതിനുപുറമെ, വിദ്യാർത്ഥികളുടെ ചിത്രങ്ങളും സ്വകാര്യ വിവരങ്ങളും രക്ഷിതാക്കളുടെ മുൻകൂർ രേഖാമൂലമുള്ള അനുമതിയില്ലാതെ പകർത്തുവാൻ പാടില്ല. ഇത്തരത്തിലുള്ള ചിത്രങ്ങൾ സ്വകാര്യ സോഷ്യൽ മീഡിയ ഗ്രൂപ്പുകളിലോ അക്കൗണ്ടുകളിലോ പ്രചരിപ്പിക്കുന്നതിനും സ്കൂൾ ജീവനക്കാർ ഔദ്യോഗിക പദവി ദുരുപയോഗം ചെയ്ത് തൊഴിലിടങ്ങൾ ചിത്രീകരിച്ച് പങ്കുവെക്കുന്നതിനും വിലക്കുണ്ട്.
സ്കൂളുകളിലെയും വിദ്യാർത്ഥികളുടെയും വിവരങ്ങളുടെ രഹസ്യസ്വഭാവം കാത്തുസൂക്ഷിക്കണമെന്നും മന്ത്രാലയം ആവശ്യപ്പെട്ടു. അനുമതിയില്ലാതെ പരിപാടികൾ സംഘടിപ്പിക്കുകയോ ചട്ടങ്ങൾ ലംഘിക്കുകയോ ചെയ്യുന്നത് ഗുരുതരമായ ഭരണപരമായ വീഴ്ചയായി കണക്കാക്കും. അത്തരം ലംഘനങ്ങൾ നടത്തുന്നവർക്കെതിരെ മന്ത്രാലയത്തിന്റെ ലീഗൽ അഫയേഴ്‌സ് ഡിപ്പാർട്ട്‌മെന്റ് വഴി ഉടനടി അന്വേഷണം നടത്തുകയും അച്ചടക്ക-നിയമ നടപടികൾ സ്വീകരിക്കുകയും ചെയ്യുമെന്ന് വിദ്യാഭ്യാസ മന്ത്രാലയം അറിയിച്ചു.





More Stories
യൂത്ത് ഇന്ത്യ നീന്തൽ മത്സരം: ഫഹാഹീൽ സോൺ ചാമ്പ്യന്മാർ
അക്ഷരവെളിച്ചത്തിൽ കുവൈറ്റ്: സാക്ഷരതാ നിരക്ക് 100 ശതമാനത്തോട് അടുക്കുന്നു
ഓർത്തഡോക്സ് ക്രൈസ്തവ യുവജന പ്രസ്ഥാനം കുവൈറ്റ് സോൺ ‘ഓപ്പൺ സ്മാഷ് 2026’ ബാഡ്മിന്റൺ ടൂർണമെന്റ് സംഘടിപ്പിച്ചു