കുവൈറ്റ് സിറ്റി: അന്താരാഷ്ട്ര സാക്ഷരതാ ദിനാചരണത്തോടനുബന്ധിച്ച് വിദ്യാഭ്യാസ രംഗത്ത് രാജ്യം കൈവരിച്ച ചരിത്രപരമായ നേട്ടങ്ങളുടെ വിവരങ്ങൾ പുറത്തുവിട്ട് കുവൈറ്റ്. യുനെസ്കോയുടെ (UNESCO) പുതിയ കണക്കുകൾ പ്രകാരം രാജ്യത്തെ സാക്ഷരതാ നിരക്ക് 100 ശതമാനത്തോട് അടുത്തിരിക്കുകയാണ്. നിലവിൽ കുവൈറ്റിലെ പുരുഷന്മാരിലെ നിരക്ഷരതാ നിരക്ക് 0.14 ശതമാനമായും സ്ത്രീകളിൽ 2 ശതമാനമായും കുറഞ്ഞിട്ടുണ്ട്. ഉന്നത വിദ്യാഭ്യാസ രംഗത്തും ശാസ്ത്ര-സാങ്കേതിക പഠന ശാഖകളിലും സ്ത്രീകളുടെ പങ്കാളിത്തം വൻതോതിൽ വർദ്ധിച്ചതായും റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു.
1957 മുതൽ രാജ്യത്തുടനീളം ആരംഭിച്ച സാക്ഷരതാ കേന്ദ്രങ്ങളും മുതിർന്നവർക്കായുള്ള വിദ്യാഭ്യാസ പദ്ധതികളുമാണ് ഈ നേട്ടത്തിന് അടിത്തറയിട്ടത്. 1965-ലെ നിർബന്ധിത വിദ്യാഭ്യാസ നിയമത്തിലൂടെ പ്രാഥമിക-സെക്കൻഡറി തലങ്ങളിൽ എല്ലാ കുട്ടികൾക്കും സൗജന്യവും നിർബന്ധിതവുമായ വിദ്യാഭ്യാസം ഉറപ്പാക്കാൻ ഭരണകൂടത്തിന് സാധിച്ചു. ലോകരാജ്യങ്ങളിൽ വിദ്യാഭ്യാസ മേഖലയ്ക്കായി പൊതുബജറ്റിന്റെ വലിയൊരു ശതമാനം മാറ്റിവെക്കുന്ന മുൻനിര രാജ്യങ്ങളിലൊന്നാണ് കുവൈറ്റ്.
‘ന്യൂ കുവൈറ്റ് 2035’ വികസന കാഴ്ചപ്പാടിന്റെ ഭാഗമായി പരമ്പരാഗത സാക്ഷരതാ പരിപാടികൾക്ക് പുറമെ ഡിജിറ്റൽ വിദ്യാഭ്യാസത്തിനും കൃത്രിമബുദ്ധിക്കും (AI) പ്രാധാന്യം നൽകുന്ന രീതിയിലേക്ക് പാഠ്യപദ്ധതികളെ കുവൈറ്റ് വികസിപ്പിച്ചിട്ടുണ്ട്. ഇതിന്റെ ഭാഗമായി ഗൂഗിളുമായി സഹകരിച്ച് സ്കൂളുകളിലും മുതിർന്നവരുടെ പഠനകേന്ദ്രങ്ങളിലും നിർമ്മിത ബുദ്ധി അധിഷ്ഠിത സാങ്കേതികവിദ്യകൾ നടപ്പിലാക്കിവരികയാണ്.





More Stories
പൊതു-സ്വകാര്യ സ്കൂളുകളിലെ ഫണ്ട് ശേഖരണത്തിനും ചടങ്ങുകൾക്കും ഫോട്ടോ ചിത്രീകരണത്തിനും കർശന നിയന്ത്രണം: കുവൈറ്റ് വിദ്യാഭ്യാസ മന്ത്രാലയം
ഓർത്തഡോക്സ് ക്രൈസ്തവ യുവജന പ്രസ്ഥാനം കുവൈറ്റ് സോൺ ‘ഓപ്പൺ സ്മാഷ് 2026’ ബാഡ്മിന്റൺ ടൂർണമെന്റ് സംഘടിപ്പിച്ചു
ഷാജി ജി. തുരുത്തിയിലിന്റെ ചെറുകഥാ സമാഹാരം ‘ഉപ്പും ചപ്പയും’ പ്രകാശനം ചെയ്തു