കുവൈറ്റ് സിറ്റി: നിർമ്മാണ പ്രവർത്തനങ്ങൾക്കായി കൈപ്പറ്റിയ 1.14 ലക്ഷം കുവൈറ്റ് ദിനാറുമായി (ഏകദേശം 3.10 കോടി രൂപ) അറബ് വംശജനായ കോൺട്രാക്ടർ മുങ്ങി. സംഭവത്തിൽ ഹവല്ലി ഗവർണറേറ്റ് ക്രിമിനൽ ഇൻവെസ്റ്റിഗേഷൻ ഡിപ്പാർട്ട്‌മെന്റ് പ്രതിക്കായി തിരച്ചിൽ ശക്തമാക്കി. പ്രതിക്കെതിരെ യാത്രാവിലക്കും അറസ്റ്റ് വാറന്റും പുറപ്പെടുവിച്ചിട്ടുണ്ട്.
കുവൈറ്റ് പൗരന്മാരുടെ ഉടമസ്ഥതയിലുള്ള ജനറൽ ട്രേഡിംഗ് ആൻഡ് കോൺട്രാക്റ്റിംഗ് കമ്പനിയാണ് തട്ടിപ്പിനിരയായത്. കമ്പനിയുടെ അഭിഭാഷകൻ നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് പോലീസ് നടപടി. 1978-ൽ ജനിച്ച പ്രതി, പ്ലാസ്റ്ററിംഗ്, പെയിന്റിംഗ്, ടൈലിംഗ് ജോലികൾ ഏറ്റെടുക്കുന്നതിനായി രണ്ട് വ്യത്യസ്ത കരാറുകളിലൂടെയാണ് പണം കൈപ്പറ്റിയത്. ആദ്യ കരാറിൽ 70,000 ദിനാറും രണ്ടാമത്തെ കരാറിൽ 44,000 ദിനാറും ഇയാൾ വാങ്ങിയെങ്കിലും ജോലികൾ പൂർത്തിയാക്കാതെ പണവുമായി ഒളിവിൽ പോകുകയായിരുന്നു.
ആഭ്യന്തര മന്ത്രാലയത്തിന്റെ ഓട്ടോമേറ്റഡ് സിസ്റ്റം ഉപയോഗിച്ച് നടത്തിയ പരിശോധനയിൽ പ്രതി രാജ്യം വിട്ടിട്ടില്ലെന്ന് വ്യക്തമായിട്ടുണ്ട്. അവസാനമായി ഫർവാനിയ മേഖലയിൽ ഇയാളുടെ സാന്നിധ്യം കണ്ടെത്തിയിരുന്നെങ്കിലും നിലവിൽ മൊബൈൽ ഫോൺ സ്വിച്ച് ഓഫ് ചെയ്ത നിലയിലാണ്. ഇയാൾ താമസിച്ചിരുന്ന ഇടങ്ങളിലും പോലീസ് പരിശോധന നടത്തിയെങ്കിലും പ്രതിയെ കണ്ടെത്താനായിട്ടില്ല.
ബാങ്ക് ഇടപാടുകൾ വഴിയാണ് പണം കൈമാറിയതെന്ന് തെളിയിക്കുന്ന രേഖകൾ കമ്പനി അധികൃതർ ഹാജരാക്കിയിട്ടുണ്ട്. മതിയായ ജാമ്യമോ ഗ്യാരന്റിയോ ഇല്ലാതെ വൻതുകകൾ കൈമാറുന്നത് തട്ടിപ്പിന് കാരണമാകുമെന്ന് സുരക്ഷാ ഉദ്യോഗസ്ഥർ മുന്നറിയിപ്പ് നൽകി. കരാറുകൾ കൃത്യമായി രേഖപ്പെടുത്താനും പണമിടപാടുകളിൽ നിയമപരമായ സുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കാനും പൗരന്മാരോടും ബിസിനസ് ഉടമകളോടും അധികൃതർ നിർദ്ദേശിച്ചു.





More Stories
കുവൈറ്റ് ഹവല്ലി, മുബാറക് അൽ കബീർ മേഖലകളിൽ സാങ്കേതിക തകരാറിനെ തുടർന്ന് വൈദ്യുതി മുടങ്ങി : പുനഃസ്ഥാപിക്കാൻ അടിയന്തര നടപടി
അപകടകരമായും അശ്രദ്ധമായും വാഹനമോടിച്ചയാളെ അറസ്റ്റ് ചെയ്ത് കുവൈറ്റ് ജനറൽ ട്രാഫിക് ഡിപ്പാർട്ട്‌മെന്റ് ; വാഹനം പിടിച്ചെടുത്ത് പൊളിച്ചുനീക്കി
കുവൈറ്റ് സിറ്റിയിൽ പാർപ്പിട സമുച്ചയത്തിൽ ഡ്രോൺ ആക്രമണത്തെ തുടർന്നുണ്ടായ തീപിടുത്തം നിയന്ത്രണവിധേയമാക്കിയതായി ഫയർ ഫോഴ്സ് ; ആളപായമില്ല