കുവൈത്ത് സിറ്റി: സൗദി അറേബ്യയിലെ റിയാദ് കിംഗ് ഖാലിദ് അന്താരാഷ്ട്ര വിമാനത്താവളത്തിനും ദമ്മാം കിംഗ് ഫഹദ് അന്താരാഷ്ട്ര വിമാനത്താവളത്തിനും നേരെ ഹൂതി മില്ലീഷ്യ നടത്തിയ ഭീകരാക്രമണങ്ങളെ കുവൈത്ത് ശക്തമായി അപലപിച്ചു. സൗദി അറേബ്യയുടെ പരമാധികാരത്തിന്മേലുള്ള കടന്നുകയറ്റവും അന്താരാഷ്ട്ര നിയമങ്ങളുടെ ലംഘനവുമാണ് ഈ ആക്രമണങ്ങളെന്ന് കുവൈത്ത് വിദേശകാര്യ മന്ത്രാലയം പുറത്തിറക്കിയ പ്രസ്താവനയിൽ വ്യക്തമാക്കി.
ഒക്ടോബർ 11-ന് നടന്ന ഈ ഭീകരാക്രമണങ്ങളിൽ ഒരു താമസക്കാരൻ കൊല്ലപ്പെടുകയും നിരവധി പേർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു. കൂടാതെ വൻ നാശനഷ്ടങ്ങളും സംഭവിക്കുകയുണ്ടായി. സിവിലിയൻ വിമാനത്താവളങ്ങളെയും പ്രധാന അടിസ്ഥാന സൗകര്യങ്ങളെയും ലക്ഷ്യമിട്ടുള്ള ഇത്തരം തുടർച്ചയായ ആക്രമണങ്ങൾ പൗരന്മാരുടെ ജീവനും വ്യോമയാന സുരക്ഷയ്ക്കും കനത്ത ഭീഷണിയാണ് ഉയർത്തുന്നതെന്നും, ഇതിനെതിരെ ശക്തമായ അന്താരാഷ്ട്ര പ്രതിരോധ നടപടികൾ ഉണ്ടാകണമെന്നും കുവൈത്ത് ആവശ്യപ്പെട്ടു.
സൗദി അറേബ്യയുടെ സുരക്ഷയും സ്ഥിരതയും സംരക്ഷിക്കുന്നതിനായി രാജ്യം സ്വീകരിക്കുന്ന എല്ലാ നടപടികൾക്കും കുവൈത്ത് സമ്പൂർണ്ണ ഐക്യദാർഢ്യം പ്രഖ്യാപിച്ചു. സൗദി അറേബ്യയുടെ സുരക്ഷ എന്നത് കുവൈത്തിന്റെയും ജി.സി.സി രാജ്യങ്ങളുടെയും സുരക്ഷയുടെ അവിഭാജ്യ ഘടകമാണെന്ന് വിദേശകാര്യ മന്ത്രാലയം ആവർത്തിച്ചു വ്യക്തമാക്കി. ആക്രമണത്തിൽ കൊല്ലപ്പെട്ടയാളുടെ കുടുംബത്തിന് അനുശോചനം അറിയിച്ചതോടൊപ്പം പരിക്കേറ്റവർ എത്രയും പെട്ടെന്ന് സുഖം പ്രാപിക്കട്ടെയെന്നും ആശംസിച്ചു.





More Stories
ഇൻഫോക് ലോക മാനസികാരോഗ്യ ദിനാചരണം സംഘടിപ്പിച്ചു.
കുവൈറ്റിൽ ആലപ്പുഴ പത്തിയൂർ സ്വദേശി ഹൃദയാഘാതം മൂലം നിര്യാതനായി
കുവൈറ്റ് ജഹ്റയിൽ സുരക്ഷാ ചട്ടങ്ങൾ ലംഘിച്ച 27 സ്ഥാപനങ്ങൾ അടച്ചുപൂട്ടി ; കർശന നടപടിയുമായി ജനറൽ ഫയർ ഫോഴ്സ്