കു വൈറ്റ് സിറ്റി: ഗൾഫ് റെയിൽവേ പദ്ധതിയുടെ രൂപകൽപ്പന ഘട്ടം ഏറെക്കുറെ പൂർത്തിയായതായും, കുവൈറ്റും സൗദി അറേബ്യയുടെ തലസ്ഥാനമായ റിയാദും തമ്മിൽ ബന്ധിപ്പിക്കുന്ന റെയിൽവേ പദ്ധതി കരാർ നൽകുന്നതിനുള്ള (ടെൻഡറിംഗ്) ഘട്ടത്തിലേക്ക് കടന്നതായും കുവൈറ്റ് പൊതുമരാമത്ത് മന്ത്രാലയത്തിലെ കൺസ്ട്രക്ഷൻ ആൻഡ് മേജർ പ്രോജക്ട്സ് ഡയറക്ടർ ജനറൽ എഞ്ചിനീയർ ദുഹാ അൽ ദാഹി അറിയിച്ചു. ഗൾഫ് രാജ്യങ്ങളുടെ പൂർണ്ണ സഹകരണത്തോടെയാണ് ഈ പദ്ധതി മുന്നോട്ട് പോകുന്നത്.
കുവൈറ്റ് പൊതുമരാമത്ത് മന്ത്രി ഡോ. നൂറ അൽ മഷാന്റെ പ്രതിനിധിയായി പങ്കെടുത്ത കുവൈറ്റ് പ്രോജക്ട് മാനേജ്‌മെന്റ് കോൺഫറൻസ് 2026-ന്റെ ഉദ്ഘാടനച്ചടങ്ങിൽ സംസാരിക്കവേയാണ് അവർ ഇക്കാര്യം വ്യക്തമാക്കിയത്. രാജ്യത്തെ മറ്റ് പ്രധാന അടിസ്ഥാന സൗകര്യ വികസന പദ്ധതികളുടെ പുരോഗതിയും അവർ യോഗത്തിൽ വിശദീകരിച്ചു. പുതിയ കുവൈറ്റ് അന്താരാഷ്ട്ര വിമാനത്താവള പദ്ധതി മികച്ച രീതിയിൽ മുന്നേറുകയാണെന്നും, നിശ്ചിത സമയത്തിനുള്ളിൽ നിർമ്മാണം പൂർത്തിയാക്കാൻ മന്ത്രാലയം ദിനംപ്രതി നിരീക്ഷണം നടത്തുന്നുണ്ടെന്നും അൽ ദാഹി പറഞ്ഞു. കൂടാതെ, കുവൈറ്റും ചൈനയും തമ്മിൽ ഉണ്ടാക്കിയ കരാറിന്റെ അടിസ്ഥാനത്തിൽ വികസിപ്പിക്കുന്ന രാജ്യത്തെ സുപ്രധാന വികസന പദ്ധതിയായ മുബാറക് അൽ കബീർ പോർട്ട് നിർമ്മാണം കൃത്യമായ സമയബന്ധിതമായി മുന്നേറുകയാണെന്ന് അവർ സ്ഥിരീകരിച്ചു.
‘കുവൈറ്റ് വിഷൻ 2035’ ലക്ഷ്യങ്ങൾ കൈവരിക്കുന്നതിനായി വികസന ശ്രമങ്ങൾ ത്വരിതപ്പെടുത്തുന്ന നിർണായക ഘട്ടത്തിലൂടെയാണ് രാജ്യം കടന്നുപോകുന്നതെന്ന് പൊതുമരാമത്ത് മന്ത്രാലയം ചൂണ്ടിക്കാട്ടി. പദ്ധതി നിർവ്വഹണത്തിൽ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് (AI), ഡിജിറ്റൽ ട്വിൻസ്, ഡാറ്റാ അനലിറ്റിക്സ് തുടങ്ങിയ ആധുനിക സാങ്കേതികവിദ്യകൾ പ്രയോജനപ്പെടുത്തുമെന്നും, പരിസ്ഥിതി സൗഹൃദ നിലവാരവും മികച്ച ഗവേണൻസും ഉറപ്പാക്കുമെന്നും അവർ വ്യക്തമാക്കി. പൊതു-സ്വകാര്യ മേഖലകളുടെയും അക്കാദമിക് സ്ഥാപനങ്ങളുടെയും സഹകരണത്തോടെ യുവാക്കളായ സ്വദേശി പ്രതിഭകൾക്ക് പരിശീലനം നൽകി ഭാവി നേതാക്കളെ വാർത്തെടുക്കുമെന്നും കോൺഫറൻസിൽ എഞ്ചിനീയർ ദുഹാ അൽ ദാഹി കൂട്ടിച്ചേർത്തു.





More Stories
കേരളപ്പിറവിയും വയലാർ അനുസ്മരണവും സംഘടിപ്പിച്ച് കേരള അസോസിയേഷൻ കുവൈറ്റ്; ശ്രദ്ധേയമായി കാവ്യസദസ്സ്
പാലക്കാട് പ്രവാസി അസോസിയേഷൻ ഓഫ് കുവൈറ്റും (PALPAK) മെട്രോ മെഡിക്കൽ ഗ്രൂപ്പും സംയുക്തമായി ഫഹാഹീലിൽ സൗജന്യ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു
ഉപഭോക്താക്കളുടെ അക്കൗണ്ടുകളിൽ നിന്ന് 1,83,000 കുവൈറ്റ് ദിനാർ തട്ടിയെടുത്ത ബാങ്ക് ജീവനക്കാരന് 10 വർഷം തടവും 5.5 ലക്ഷം ദിനാർ പിഴയും