കുവൈറ്റ് സിറ്റി: കുവൈറ്റിലെ ജലീബ് അൽ-ഷുയൂഖ് മേഖലയിൽ തകർച്ചാ ഭീഷണി നേരിടുന്ന 67 കെട്ടിടങ്ങൾ ഒഴിപ്പിച്ച് പൊളിച്ചുനീക്കാൻ കുവൈറ്റ് മുനിസിപ്പാലിറ്റി ഡയറക്ടർ ജനറൽ എഞ്ചിനീയർ മനാൽ അൽ-അസ്ഫൂർ ഭരണപരമായ ഉത്തരവിറക്കി. പൊതു സുരക്ഷ ഉറപ്പാക്കുന്നതിൻ്റെ ഭാഗമായാണ് അടിയന്തര നടപടി.
കെട്ടിടങ്ങൾ ജീർണിച്ച നിലയിലാണെന്നും ഏത് സമയവും തകരാൻ സാധ്യതയുണ്ടെന്നും മുനിസിപ്പൽ പരിശോധനകളിൽ കണ്ടെത്തിയിരുന്നു. ഈ കെട്ടിടങ്ങൾ പൊതു സുരക്ഷയ്ക്ക് ഗുരുതരമായ ഭീഷണിയാണെന്ന് പൊതുമരാമത്ത് മന്ത്രാലയത്തിന് കീഴിലുള്ള ഗവൺമെന്റ് ടെസ്റ്റിംഗ്, ക്വാളിറ്റി കൺട്രോൾ, റിസർച്ച് സെന്ററിൽ നിന്നുള്ള റിപ്പോർട്ടുകൾ സ്ഥിരീകരിച്ചിട്ടുണ്ട്. ജീവനും സ്വത്തിനും സംരക്ഷണം നൽകുന്നതിനായി ഇവ പൊളിച്ചുനീക്കേണ്ടത് അനിവാര്യമാണെന്ന് മുനിസിപ്പാലിറ്റി അധികൃതർ വ്യക്തമാക്കി.
ഔദ്യോഗിക ഗസറ്റായ ‘കുവൈറ്റ് അൽ-യൗമി’ൽ ഉത്തരവ് പ്രസിദ്ധീകരിച്ച തീയതി മുതൽ രണ്ടാഴ്ചയ്ക്കുള്ളിൽ കെട്ടിടങ്ങൾ പൂർണ്ണമായും ഒഴിപ്പിച്ച് പൊളിച്ചുനീക്കാനാണ് ഉടമകൾക്ക് നിർദേശം നൽകിയിരിക്കുന്നത്. നിശ്ചിത സമയപരിധിക്കുള്ളിൽ ഉടമകൾ നടപടിയെടുക്കാൻ പരാജയപ്പെട്ടാൽ, കെട്ടിടങ്ങൾ പൊളിച്ചുനീക്കുന്നതിനുള്ള നടപടികൾ മുനിസിപ്പാലിറ്റി നേരിട്ട് ഏറ്റെടുക്കുമെന്നും അധികൃതർ മുന്നറിയിപ്പ് നൽകി. പൊതുജന സുരക്ഷ ഉറപ്പാക്കുന്നതിനുള്ള മുനിസിപ്പാലിറ്റിയുടെ പ്രതിബദ്ധതയുടെ ഭാഗമാണ് ഈ കർശന നടപടികളെന്ന് എഞ്ചിനീയർ മനാൽ അൽ-അസ്ഫൂർ അറിയിച്ചു.





More Stories
പുതുതായി അനുവദിച്ച എൻട്രി വിസകൾക്ക് കാലാവധി നീട്ടി നൽകില്ല : കുവൈറ്റ് ആഭ്യന്തര മന്ത്രാലയം
കുവൈറ്റ് അറേബ്യൻ ഗൾഫ് സ്ട്രീറ്റിൽ ഏപ്രിൽ 23 മുതൽ മേയ് 3 വരെ രണ്ട് ഘട്ടങ്ങളിലായി ഗതാഗത നിയന്ത്രണം
തൊഴിലാളികളുടെ ശമ്പളം കൃത്യസമയത്ത് നൽകണം ; തൊഴിലുടമകൾക്ക് കർശന നിർദ്ദേശവുമായി കുവൈറ്റ് മാൻപവർ അതോറിറ്റി