കുവൈറ്റ് സിറ്റി: കുവൈറ്റിലെ ജലശുദ്ധീകരണ ശാലയ്ക്ക് നേരെയുണ്ടായ ആക്രമണത്തിൽ കൊല്ലപ്പെട്ട ഇന്ത്യൻ പൗരന്റെ ഭൗതികശരീരം എത്രയും വേഗം നാട്ടിലെത്തിക്കാനുള്ള നടപടികൾ കുവൈറ്റിലെ ഇന്ത്യൻ എംബസി ഊർജ്ജിതമാക്കി.തമിഴ്‌നാട് സ്വദേശിയായ സെൽവം ആണ് മരിച്ചത്, ഇതിന്റെ ഭാഗമായി ഇന്ത്യൻ സ്ഥാനപതി ഹെർ എക്സലൻസി പരമിത ത്രിപാഠി ചൊവ്വാഴ്ച കുവൈറ്റ് സെൻട്രൽ മോർച്ചറി സന്ദർശിച്ചു.
കൊല്ലപ്പെട്ട തൊഴിലാളിയുടെ മൃതദേഹം സൂക്ഷിച്ചിരിക്കുന്ന മോർച്ചറിയിൽ എത്തിയ സ്ഥാനപതി, ക്രിമിനൽ എവിഡൻസ് ജനറൽ ഡിപ്പാർട്ട്‌മെന്റ് ജനറൽ മാനേജർ ബ്രിഗേഡിയർ അബ്ദുൽറഹീം അൽ-അവാധിയുമായി കൂടിക്കാഴ്ച നടത്തി. മരണവിവരം റിപ്പോർട്ട് ചെയ്തത് മുതൽ മൃതദേഹം തിരിച്ചറിയുന്നതിനും മറ്റ് നിയമനടപടികൾക്കുമായി കുവൈറ്റ് അധികൃതർ നൽകുന്ന വേഗത്തിലുള്ള പിന്തുണയ്ക്കും സഹകരണത്തിനും സ്ഥാനപതി നന്ദി അറിയിച്ചു.
മരിച്ച തൊഴിലാളിയുടെ കുടുംബവുമായി എംബസി അധികൃതർ നേരിട്ട് ബന്ധപ്പെട്ടിട്ടുണ്ട്. ഭൗതികശരീരം വിമാനമാർഗ്ഗം നാട്ടിലെത്തിക്കുന്നതിനായി കുവൈറ്റ് വിദേശകാര്യ മന്ത്രാലയവുമായും സുരക്ഷാ ഏജൻസികളുമായും എംബസി ഉദ്യോഗസ്ഥർ നിരന്തരം ഏകോപനം നടത്തിവരികയാണ്.
കഴിഞ്ഞ ദിവസം രാത്രി പ്ലാന്റിന് നേരെയുണ്ടായ ആക്രമണത്തിലാണ് തമിഴ്‌നാട് സ്വദേശിയായ സെൽവം കൊല്ലപ്പെട്ടത്. മൃതദേഹം വിട്ടുകിട്ടുന്നതിനുള്ള ഔദ്യോഗിക നടപടിക്രമങ്ങൾ പൂർത്തിയാക്കി വരികയാണെന്നും വരും ദിവസങ്ങളിൽ തന്നെ ഭൗതികശരീരം ജന്മനാട്ടിലേക്ക് അയക്കാൻ കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും എംബസി വൃത്തങ്ങൾ അറിയിച്ചു.





More Stories
കുവൈറ്റ് സിറ്റിയിൽ പാർപ്പിട സമുച്ചയത്തിൽ ഡ്രോൺ ആക്രമണത്തെ തുടർന്നുണ്ടായ തീപിടുത്തം നിയന്ത്രണവിധേയമാക്കിയതായി ഫയർ ഫോഴ്സ് ; ആളപായമില്ല
ഒരിടവേളക്ക് ശേഷം കുവൈറ്റിനു നേരെ വീണ്ടും മിസൈൽ-ഡ്രോൺ ആക്രമണശ്രമം: പ്രതിരോധ സംവിധാനങ്ങൾ സജ്ജമെന്ന് സൈന്യം ; രാജ്യം അതീവ ജാഗ്രതയിൽ
കുവൈറ്റ് അബ്ദലി ഫാമിൽ സഹപ്രവർത്തകനെ കുത്തിക്കൊലപ്പെടുത്തി : ഇന്ത്യക്കാരൻ അറസ്റ്റിൽ