കുവൈറ്റ് സിറ്റി: വിശുദ്ധ ബലിപെരുന്നാൾ (ഈദുൽ അദ്ഹ) പ്രമാണിച്ച് കുവൈറ്റ് അമീറിനും കിരീടാവകാശിക്കും സർക്കാരിനും കുവൈറ്റിലെ ജനങ്ങൾക്കും ഹൃദയം നിറഞ്ഞ പെരുന്നാൾ ആശംസകൾ നേർന്ന് കുവൈത്തിലെ ഇന്ത്യൻ അംബാസഡർ പരമിതാ ത്രിപാഠി. വിശ്വാസം, ത്യാഗം, കാരുണ്യം, ഉദാരത എന്നിവയുടെ പ്രതീകമാണ് ബലിപെരുന്നാളെന്നും മാനവികതയുടെയും പരസ്പര ബഹുമാനത്തിന്റെയും ഐക്യദാർഢ്യത്തിന്റെയും ബന്ധങ്ങൾ ശക്തിപ്പെടുത്താൻ ഈ സുദിനം പ്രചോദനമേകുന്നുവെന്നും അംബാസഡർ തൻ്റെ സന്ദേശത്തിൽ വ്യക്തമാക്കി.
ഇന്ത്യയിലെ സാംസ്കാരിക വൈവിധ്യത്തിൻ്റെയും ഐക്യത്തിൻ്റെയും ഉദാഹരണമായി എല്ലാ ജനങ്ങളും വലിയ ഭക്തിയോടും സൗഹാർദ്ദത്തോടും കൂടിയാണ് ബലിപെരുന്നാൾ ആഘോഷിക്കുന്നത്. കുടുംബങ്ങൾ ഒരുമിച്ചു കൂടുകയും പ്രത്യേക പ്രാർത്ഥനകൾ നടത്തുകയും പരസ്പരം ആശംസകൾ പങ്കുവെക്കുകയും ചെയ്യുന്നതിനൊപ്പം നിർധനരായ ആളുകളെ സഹായിക്കാൻ ഈ അവസരം വിനിയോഗിക്കുന്നുവെന്നും അവർ ഓർമ്മിപ്പിച്ചു.
ഇന്ത്യയും കുവൈത്തും തമ്മിലുള്ള ചരിത്രപരമായ ബന്ധത്തെയും പരസ്പര വിശ്വാസത്തെയും അംബാസഡർ പ്രകീർത്തിച്ചു. 2024 ഡിസംബറിൽ ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദി കുവൈത്ത് സന്ദർശിച്ചതോടെ ഇരുരാജ്യങ്ങളും തമ്മിലുള്ള സൗഹൃദം ‘തന്ത്രപ്രധാന പങ്കാളിത്ത’ (Strategic Partnership) ത്തിലേക്ക് ഉയർന്നു. അതിനുശേഷം രാഷ്ട്രീയ, സാമ്പത്തിക, സാംസ്കാരിക മേഖലകളിലും ഇരുരാജ്യങ്ങളിലെയും ജനങ്ങൾ തമ്മിലുള്ള ബന്ധത്തിലും വലിയ പുരോഗതിയാണ് ഉണ്ടായിട്ടുള്ളത്.
കുവൈത്തിലുള്ള പത്തുലക്ഷത്തിലധികം വരുന്ന ഇന്ത്യൻ സമൂഹത്തിന് കുവൈത്ത് ഭരണകൂടവും അധികാരികളും നൽകുന്ന കരുതലിനും പിന്തുണയ്ക്കും അംബാസഡർ പ്രത്യേക നന്ദി രേഖപ്പെടുത്തി. കുവൈത്തിലെ പ്രവാസികൾ ഇവിടുത്തെ ജനങ്ങളുടെ സ്നേഹത്തെയും ആദരവിനെയും അവർക്ക് ലഭിക്കുന്ന അവസരങ്ങളെയും ഏറെ വിലമതിക്കുന്നുണ്ട്. കുവൈത്ത്-ഇന്ത്യൻ ജനങ്ങൾക്കിടയിലുള്ള ഈ ബന്ധം സഹവർത്തിത്വത്തിൻ്റെയും സഹകരണത്തിൻ്റെയും ഉത്തമ മാതൃകയാണെന്നും അവർ പറഞ്ഞു.
സൗഹൃദ രാജ്യങ്ങളായ ഇന്ത്യയുടെയും കുവൈത്തിൻ്റെയും ജനങ്ങളുടെ താല്പര്യങ്ങൾ സംരക്ഷിക്കുന്ന രീതിയിൽ ഉഭയകക്ഷി ബന്ധം ഇനിയും ശക്തിപ്പെടുത്താൻ ഒന്നിച്ച് പ്രവർത്തിക്കുമെന്നും അംബാസഡർ പരമിതാ ത്രിപാഠി വ്യക്തമാക്കി. കുവൈത്തിലും ലോകമെമ്പാടുമുള്ള ജനങ്ങൾക്കും ഈ അനുഗൃഹീത വേള സമാധാനവും സമൃദ്ധിയും സുരക്ഷിതത്വവും സ്ഥിരതയും ആരോഗ്യവും സന്തോഷവും നൽകട്ടെയെന്നും കുവൈത്തിൻ്റെ പ്രഗത്ഭരായ ഭരണനേതൃത്വത്തെയും സഹോദര ജനങ്ങളെയും സർവ്വശക്തനായ ദൈവം എപ്പോഴും സംരക്ഷിക്കട്ടെയെന്നും പ്രാർത്ഥിച്ചുകൊണ്ടാണ് അവർ സന്ദേശം അവസാനിപ്പിച്ചത്.





More Stories
കുവൈറ്റ് ഹവല്ലി, മുബാറക് അൽ കബീർ മേഖലകളിൽ സാങ്കേതിക തകരാറിനെ തുടർന്ന് വൈദ്യുതി മുടങ്ങി : പുനഃസ്ഥാപിക്കാൻ അടിയന്തര നടപടി
അപകടകരമായും അശ്രദ്ധമായും വാഹനമോടിച്ചയാളെ അറസ്റ്റ് ചെയ്ത് കുവൈറ്റ് ജനറൽ ട്രാഫിക് ഡിപ്പാർട്ട്മെന്റ് ; വാഹനം പിടിച്ചെടുത്ത് പൊളിച്ചുനീക്കി
കുവൈറ്റ് സിറ്റിയിൽ പാർപ്പിട സമുച്ചയത്തിൽ ഡ്രോൺ ആക്രമണത്തെ തുടർന്നുണ്ടായ തീപിടുത്തം നിയന്ത്രണവിധേയമാക്കിയതായി ഫയർ ഫോഴ്സ് ; ആളപായമില്ല