കുവൈറ്റ് സിറ്റി: ആരോഗ്യ ചട്ടങ്ങൾ ലംഘിച്ച് പ്രവർത്തിച്ച രണ്ട് ഫിസിയോതെറാപ്പി ആൻഡ് റീഹാബിലിറ്റേഷൻ സെന്ററുകളും ഒരു മെഡിക്കൽ ക്ലിനിക്കും അടച്ചുപൂട്ടാൻ കുവൈത്ത് ആരോഗ്യ മന്ത്രാലയം ഉത്തരവിട്ടു. ഫിസിയോതെറാപ്പി ആൻഡ് റീഹാബിലിറ്റേഷൻ ഇൻസ്പെക്ഷൻ കമ്മിറ്റി നടത്തിയ പരിശോധനയിൽ ഗുരുതരമായ വീഴ്ചകൾ കണ്ടെത്തിയതിനെ തുടർന്നാണ് അടിയന്തര നടപടി. ഈ സ്ഥാപനങ്ങളെ കൂടുതൽ നിയമനടപടികൾക്കായി മെഡിക്കൽ ലയബിലിറ്റി അതോറിറ്റിക്ക് കൈമാറിയതായി അധികൃതർ അറിയിച്ചു.
ലൈസൻസുള്ള ഡോക്ടർമാരോ മതിയായ നഴ്സിംഗ് ജീവനക്കാരോ ഇല്ലാതെ സ്ഥാപനം പ്രവർത്തിപ്പിക്കുക, കൃത്യമായ രേഖകളില്ലാതെ ജീവനക്കാർ അവധിയിലാണെന്നോ രാജിവെച്ചെന്നോ വ്യാജമായി അവകാശപ്പെടുക എന്നിവ പരിശോധനാ സമിതി കണ്ടെത്തി. കൂടാതെ, നിശ്ചിത മാനദണ്ഡങ്ങൾ പാലിക്കാതെയുള്ള മെഡിക്കൽ റഫറലുകൾ ഇല്ലാതെ രോഗികളെ പ്രവേശിപ്പിക്കുകയും ചികിത്സ നൽകുകയും ചെയ്തതായും കണ്ടെത്തിയിട്ടുണ്ട്. രോഗികളുടെ മെഡിക്കൽ ഫയലുകളിൽ ആവശ്യമായ വിവരങ്ങളോ ഡോക്ടറുടെ ഔദ്യോഗിക സ്റ്റാമ്പോ ഇല്ലാതിരുന്നതും ഗുരുതര വീഴ്ചയായി സമിതി ചൂണ്ടിക്കാണിച്ചു.
സ്ഥാപനങ്ങളിലെ നഴ്സിംഗ് ജീവനക്കാരിൽ ചിലർ 2025 ഫെബ്രുവരിയിൽ കാലാവധി കഴിഞ്ഞ ലൈസൻസ് ഉപയോഗിച്ചാണ് ജോലി ചെയ്തിരുന്നതെന്നും അന്വേഷണത്തിൽ വ്യക്തമായി. പൊതുജനങ്ങളുടെ ആരോഗ്യ സുരക്ഷ ഉറപ്പാക്കുന്നതിനായി വരും ദിവസങ്ങളിലും രാജ്യത്തുടനീളം കർശന പരിശോധന തുടരുമെന്ന് ആരോഗ്യ മന്ത്രാലയം മുന്നറിയിപ്പ് നൽകി.





More Stories
വളര്‍ച്ചയുടെ പുതിയ നാഴികക്കല്ല് പിന്നിട്ട് ഗ്രാന്‍ഡ് ഹൈപ്പര്‍; 50-ാമത് സ്റ്റോര്‍ കുവൈറ്റ് മാലിയയില്‍ പ്രവര്‍ത്തനമാരംഭിച്ചു
അവിസ്മരണീയ നിമിഷങ്ങളുമായി ഫോക്ക് ഫാഹഹീൽ സോണൽ ‘മൂവന്തി Vibes 2K26’ കുടുംബസംഗമം
കുവൈറ്റ് ഭരണ നേതൃത്വവുമായി കൂടിക്കാഴ്ച നടത്തി ലുലു ഗ്രൂപ്പ് ചെയർമാൻ എം.എ. യൂസഫലി