കുവൈറ്റ് സിറ്റി: റീട്ടെയിൽ രംഗത്തെ പ്രമുഖ ശൃംഖലയായ ഗ്രാൻഡ് ഹൈപ്പറിന്റെ കുവൈറ്റിലെ അമ്പതാമത് ശാഖ കുവൈറ്റ് സിറ്റിയിലെ പ്രധാന വ്യാപാര കേന്ദ്രമായ മാലിയയിൽ ഉദ്ഘാടനം ചെയ്തു. ഫഹദ് അൽ സാലെം സ്ട്രീറ്റിലെ അൽ മുത്താഹിദ വ്യാപാര സമുച്ചയത്തിൽ ഒരുക്കിയ അത്യാധുനിക സ്റ്റോറിന്റെ ഉദ്ഘാടനം ശൈഖ് ദാവൂദ് സൽമാൻ അൽ സബാഹ് നിർവ്വഹിച്ചു. ഗ്രാൻഡ് ഹൈപ്പർ കുവൈറ്റ് ചെയർമാൻ ജാസിം മുഹമ്മദ് ഖമീസ് അൽ ഷറഹ്, കുവൈറ്റ് ഡയറക്ടർ അയ്യൂബ് കച്ചേരി, ജമാൽ മുഹമ്മദ് ഫലാഹ് ഹമദ് അൽ ദൗസരി എന്നിവരുടെ സാന്നിധ്യത്തിലായിരുന്നു ചടങ്ങ്. ഗ്രാൻഡ് ഹൈപ്പർ സി.ഇ.ഒ മുഹമ്മദ് സുനീർ, ഡി.ആർ.ഒ തഹസീർ അലി, സി.സി.ഒ.ഓ ഷരീഫ് ബി.സി, ലാംകോ എൻജിനീയറിങ് മാനേജിങ് ഡയറക്ടർ അമാനുള്ള തുടങ്ങിയ പ്രമുഖരും കമ്പനിയിലെ മറ്റ് ഉന്നത ഉദ്യോഗസ്ഥരും ജീവനക്കാരും ഉദ്ഘാടന ചടങ്ങിൽ സന്നിഹിതരായിരുന്നു.

കുവൈറ്റിൽ അമ്പത് സ്റ്റോറുകൾ പൂർത്തിയാക്കാൻ കഴിഞ്ഞത് ഗ്രൂപ്പിന്റെ വളർച്ചയിലെ സുപ്രധാനമായ നാഴികക്കല്ലാണെന്ന് മാനേജ്‌മെന്റ് ചടങ്ങിൽ വ്യക്തമാക്കി. കുവൈറ്റിന്റെ സാമ്പത്തിക പുരോഗതിയിൽ സജീവ പങ്കാളികളാകാനും ഉപഭോക്താക്കളുടെ മാറുന്ന ആവശ്യങ്ങൾക്കനുസരിച്ച് മികച്ച ഗുണമേന്മയുള്ള സേവനങ്ങൾ നൽകാനുമുള്ള കമ്പനിയുടെ പ്രതിബദ്ധതയാണ് ഈ വിപുലീകരണത്തിലൂടെ തെളിയിക്കുന്നത്. മൂല്യധിഷ്ഠിതവും ആസ്വാദ്യകരവുമായ ഷോപ്പിംഗ് അനുഭവം കൂടുതൽ ജനങ്ങളിലേക്ക് എത്തിക്കുകയാണ് ലക്ഷ്യമെന്നും, ബിനസ് സൗഹൃദ അന്തരീക്ഷം ഒരുക്കി നൽകുന്ന കുവൈറ്റ് സർക്കാരിനും തദ്ദേശീയരായ ഉപഭോക്താക്കൾക്കും വലിയ പിന്തുണ നൽകുന്ന പ്രവാസി സമൂഹത്തിനും പ്രത്യേക നന്ദി രേഖപ്പെടുത്തുന്നതായും മാനേജ്‌മെന്റ് കൂട്ടിച്ചേർത്തു.

അൽ മുത്താഹിദ കോംപ്ലക്സിലെ മെസനീൻ ഫ്ലോറിൽ 1600 ചതുരശ്ര മീറ്റർ വിസ്തൃതിയിൽ ഒറ്റ നിലയിലായാണ് പുതിയ ശാഖ ക്രമീകരിച്ചിരിക്കുന്നത്. ഉപഭോക്താക്കൾക്ക് സുഗമമായി ഷോപ്പിംഗ് നടത്തുന്നതിനായി വിപുലമായ സൗകര്യങ്ങളാണ് ഇവിടെ ഒരുക്കിയിട്ടുള്ളത്. ഗുണമേന്മയുള്ള അരി, പലവ്യഞ്ജനങ്ങൾ, ധാന്യങ്ങൾ, ഫ്രഷ് പഴങ്ങളും പച്ചക്കറികളും, റോസ്റ്ററി ഉൽപ്പന്നങ്ങൾ എന്നിവയ്ക്ക് പുറമെ റെഡിമെയ്ഡ് വസ്ത്രങ്ങൾ, പാദരക്ഷകൾ, ഇലക്ട്രോണിക്സ്, നിത്യോപയോഗ സാധനങ്ങൾ എന്നിവയുടെ വലിയൊരു ശേഖരവും ഇവിടെ സജ്ജീകരിച്ചിട്ടുണ്ട്. അത്യാധുനിക രീതിയിലുള്ള ആകർഷകമായ ഇന്റീരിയറും ഉപഭോക്തൃ സൗഹൃദ സേവനങ്ങളുമാണ് പുതിയ സ്റ്റോറിന്റെ മറ്റൊരു പ്രത്യേകത. ഉദ്ഘാടനത്തോടനുബന്ധിച്ച് ഉപഭോക്താക്കൾക്കായി ആകർഷകമായ പ്രത്യേക ഓഫറുകളും പുതിയ ഔട്ട്‌ലെറ്റിൽ ഒരുക്കിയിട്ടുണ്ട്.





More Stories
കുവൈറ്റ് ഹവല്ലി, മുബാറക് അൽ കബീർ മേഖലകളിൽ സാങ്കേതിക തകരാറിനെ തുടർന്ന് വൈദ്യുതി മുടങ്ങി : പുനഃസ്ഥാപിക്കാൻ അടിയന്തര നടപടി
അപകടകരമായും അശ്രദ്ധമായും വാഹനമോടിച്ചയാളെ അറസ്റ്റ് ചെയ്ത് കുവൈറ്റ് ജനറൽ ട്രാഫിക് ഡിപ്പാർട്ട്മെന്റ് ; വാഹനം പിടിച്ചെടുത്ത് പൊളിച്ചുനീക്കി
കുവൈറ്റ് സിറ്റിയിൽ പാർപ്പിട സമുച്ചയത്തിൽ ഡ്രോൺ ആക്രമണത്തെ തുടർന്നുണ്ടായ തീപിടുത്തം നിയന്ത്രണവിധേയമാക്കിയതായി ഫയർ ഫോഴ്സ് ; ആളപായമില്ല