May 19, 2024

CNXN.TV

Kuwait News (കുവൈറ്റ് വാർത്തകൾ .Get the Latest Malayalam news in Kuwait & Today's Breaking News (ബ്രേക്കിങ് വാർത്ത) headlines in Malayalam .CNXN TV has the most recent Malayalam Gulf news and updates from Kuwait.

വടക്ക് നോക്കി യന്ത്രം അപകർഷതാബോധത്തിന്റെ നേർകാഴ്ച

ബ്ലോഗ് എഴുത്തുകാരിയും നേഴ്സുമായ റീന സാറാ വർഗീസ് തൻറെ പ്രിയ ചിത്രത്തെക്കുറിച്ച് എഴുതുന്നു

ശ്രീ ശ്രീനിവാസൻ സംവിധാനം ചെയ്ത് 1989-ൽ ഇറങ്ങിയ ഒരു മെയ്മാസ അതുഗ്രൻ കുടുംബച്ചിത്രം.ബാല്യകാലത്ത്‌ എപ്പൊഴൊ വീടിനടുത്തുള്ള സിനിമശാലയിൽ പ്രദർശനത്തിനെത്തിയപ്പോൾ പോയിക്കണ്ടത്‌ ഓർമ്മയിൽ ഒളിമങ്ങാതെനിൽക്കുന്നു.

ഇനി കഥാസാരത്തിലേയ്ക്ക്, തളത്തിൽ ദിനേശൻ എന്ന അച്ചടിശാല നടത്തുന്ന ദുശീലങ്ങൾ തൊട്ട് തീണ്ടിയിട്ടില്ലാത്ത ഒരു സാധാരണ മനുഷ്യന്റെ അപകർഷബോധത്തിന്റെ മൂർദ്ധന്യാവസ്ഥയുടെ ഭീകരതയെ വരച്ചു കാട്ടുന്നു ചിത്രം.

ഒരു സാമൂഹിക വിഷയത്തെനർമ്മത്തിൽ ചാലിച്ചു അതിന്റെ ഗൗരവം ഒട്ടും ചോർന്നു പോകാതെ അവതരിപ്പിച്ചു എന്നുള്ളത്‌ എടുത്തുപറയത്തക്ക ഒരു മേന്മയാണ്..

അതിഭാവുകത്വങ്ങൾ ഒന്നുംതന്നെയില്ലാതെ പ്രേക്ഷക ഹൃദയത്തിലേയ്ക്ക് കയറാൻ കഴിഞ്ഞതിൽ അണിയറ പ്രവർത്തകർക്ക് എക്കാലവും അഭിമാനത്തോടെ തലയുർത്തി നിൽക്കുക തന്നെ ചെയ്യാം.

ഒരു ശരാശാരി പ്രേക്ഷക എന്ന നിലയിൽ ശ്രീ ശ്രീനിവാസൻ ജീവിക്കുകയായിരുന്നോ എന്ന്തോന്നുമാറ് വളരെ ഗംഭീരമായി അഭിനയിച്ചു പ്രതിഫലിപ്പിച്ചു എന്ന് ഉറപ്പിച്ചു പറയുവാൻകഴിയും.

ഭാര്യയായി വേഷമിട്ട പാർവതി അകമേ കരഞ്ഞു പുറമെ ചിരിച്ചു നിൽക്കുന്ന ചില ഭാര്യമാരുടെയെങ്കിലും പ്രതീകമായി മാറി.അമ്മയായിവന്ന ലളിതാമ്മയും,അമ്മാവനായി വേഷമിട്ട ശ്രീ ശങ്കരാടിയും ഒപ്പത്തിനൊപ്പം നിറഞ്ഞു നിന്നു.മനശാസ്ത്ര വിഷയങ്ങൾ കൈകാര്യം ചെയ്യുന്നു എന്ന വ്യാജേന വാരികകളിൽ എഴുതുന്ന സുഹൃത്ത് തലക്കുളംസാർ എന്ന ശ്രീ ഇന്നസെന്നിന്റെ കഥാപാത്രം ചിരിക്കും,ചിന്തക്കും വക നൽകി.ശ്രീ മാമുക്കോയയുടെ ഫോട്ടോഗ്രാഫർ നാട്ടിൻപുറത്ത് എവിടെയോ കണ്ടു മറന്ന ആരുടെയോ പ്രതിനിധിയായി വന്ന്ചിരിയുടെ വലിയ ഓളംതന്നെ തീർത്തു.സുകുമാരി അമ്മയും,ശ്രീസി.ഐ.പോളും പാവപ്പെട്ട ഒരു പെൺകുട്ടിയുടെ മാതാപിതാക്കളുടെ നിസ്സഹായവസ്ഥ യുടെഉത്തമോദാഹരണമായി.

പിന്തുണയുമായിവന്ന ഓരോ കഥാപാത്രങ്ങളും തന്റേതായ വ്യക്തി മുദ്രപതിപ്പിച്ചു എന്നത് എടുത്തു പറയേണ്ട ഒരുകാര്യമാണ്.

മലയാളത്തിന്റെ സ്വകാര്യ അഹങ്കാരമായ മൺമറഞ്ഞു പോയ ശ്രീ ജോൺസൺ മാഷ് ഈണമിട്ട ഗാനങ്ങൾ ഇന്നും ഓരോ മലയാളിയുടെയും മനസ്സിൽപുതുമഴയായി പെയ്തിറങ്ങുന്നു.

തളത്തിൽ ദിനേശനും ശോഭയും ഇപ്പോഴും സാമൂഹികമാധ്യമങ്ങളിൽ അടക്കം ഒരോ മലയാളിയുടെയും മനസ്സിൽ ഇപ്പോഴും നിറഞ്ഞു നിൽക്കുന്നതിന്കാരണം ഇത് എക്കാലത്തെയും മികച്ച മനോഹര കലാസൃഷ്ടികളിൽ ഒന്നാണ് എന്നതിന്റെ തെളിവാണ്.

റീന സാറ വർഗ്ഗീസ്സ്

എറണാകുളം ജില്ലയിലെ പിറവം സ്വദേശിനിയായ റീന സാറാ വർഗീസ് ‘ ആത്മാവിൻറെ താളുകൾ ‘ എന്ന ബ്ലോഗിലും ഫേസ്ബുക്കിലും എഴുതുന്നു. കുവൈത്ത് ആരോഗ്യ മന്ത്രാലയത്തിൽ സ്റ്റാഫ് നഴ്സായി സേവനമനുഷ്ഠിക്കുന്നു.