April 23, 2026

CNXN.TV

Kuwait News (കുവൈറ്റ് വാർത്തകൾ .Get the Latest Malayalam news in Kuwait & Today's Breaking News (ബ്രേക്കിങ് വാർത്ത) headlines in Malayalam .CNXN TV has the most recent Malayalam Gulf news and updates from Kuwait.

പ്രതിസന്ധികൾക്കിടയിലും കരുതലായി യുഎൻഎ; 150 നഴ്സുമാരുമായി കൊച്ചിയിൽ നിന്ന് ചാർട്ടേഡ് വിമാനം കുവൈറ്റിലെത്തി

കുവൈത്ത് സിറ്റി: യാത്രാ പ്രതിസന്ധികളും യുദ്ധസമാനമായ സാഹചര്യങ്ങളും അതിജീവിച്ച് യുണൈറ്റഡ് നഴ്സസ് അസോസിയേഷൻ (യുഎൻഎ) ചാർട്ട് ചെയ്ത പ്രത്യേക വിമാനത്തിൽ 150 മലയാളി നഴ്സുമാരും കുടുംബാംഗങ്ങളും കുവൈത്തിലെത്തി. കൊച്ചിയിൽ നിന്നും ജസീറ എയർവേയ്‌സ് വിമാനത്തിൽ സൗദിയിലെ ദമാമിലിറങ്ങിയ സംഘം, അവിടെ നിന്നും റോഡ് മാർഗ്ഗമാണ് കുവൈത്തിൽ പ്രവേശിച്ചത്.

കുവൈത്തിലേക്ക് നേരിട്ടുള്ള വിമാന സർവീസുകൾ ഇല്ലാത്ത സാഹചര്യത്തിൽ മാസങ്ങളായി നാട്ടിൽ കുടുങ്ങിപ്പോയ നഴ്സുമാരും, പുതുതായി ജോലിയിൽ പ്രവേശിക്കേണ്ടവരും ഉൾപ്പെടെയുള്ള വലിയൊരു സംഘത്തിനാണ് ഈ യാത്ര ആശ്വാസമായത്. 150 നഴ്സുമാരും മൂന്ന് കുട്ടികളും ഉൾപ്പെടെയുള്ള കുടുംബാംഗങ്ങളാണ് സംഘത്തിലുണ്ടായിരുന്നത്. ദമാമിൽ നിന്നും കുവൈത്തിലേക്കുള്ള റോഡ് യാത്രയ്ക്കായി സംഘടന നേരത്തെ തന്നെ വിപുലമായ ക്രമീകരണങ്ങൾ ഏർപ്പെടുത്തിയിരുന്നു.

യുഎൻഎ കുവൈത്ത് – സൗദി ഘടകങ്ങളുടെ സംയുക്ത നീക്കമാണ് അതിസങ്കീർണ്ണമായ ഈ യാത്രാ ദൗത്യം വിജയത്തിലെത്തിച്ചത്. കുവൈത്ത് ഘടകം നേതാക്കളായ രമ്യ, ധന്യരാജ്, ശുഹൈബ്, ജാവേദ്, ഫാരിസ്, നിഹാസ്, ശ്രീരാഗ് എന്നിവരും സൗദി ഘടകം നേതാക്കളായ മാത്യു, ഷമീർ, മായ, സലീം, മെജോ, ബിബി തുടങ്ങിയവരും യാത്രയുടെ ഓരോ ഘട്ടത്തിലും നേതൃപരമായ പങ്ക് വഹിച്ചു.

തങ്ങളുടെ സഹപ്രവർത്തകർ ലോകത്തിന്റെ ഏത് ഭാഗത്ത് പ്രതിസന്ധിയിലായാലും സംഘടന ഒപ്പമുണ്ടാകുമെന്നതിന്റെ ഉറച്ച പ്രഖ്യാപനമാണ് ഈ ദൗത്യമെന്ന് യുഎൻഎ ഭാരവാഹികൾ പറഞ്ഞു. കൃത്യതയോടെയും ചടുലതയോടെയും ഈ പ്രവർത്തനം പൂർത്തിയാക്കിയ എല്ലാ പ്രവർത്തകരെയും സംഘടന അഭിനന്ദിച്ചു.

ഈ ഉദ്യമത്തിന് എല്ലാവിധ സഹായസഹകരണങ്ങളും നൽകിയ കേന്ദ്ര സർക്കാരിനും സൗദി – കുവൈത്ത് ഭരണകൂടങ്ങൾക്കും യുഎൻഎ പ്രത്യേക നന്ദി രേഖപ്പെടുത്തി. തങ്ങളിൽ വിശ്വാസമർപ്പിച്ച 150 സഹപ്രവർത്തകരെയും അവരുടെ കുടുംബാംഗങ്ങളെയും അഭിനന്ദിക്കുന്നതായും ഭാരവാഹികൾ വാർത്താക്കുറിപ്പിൽ അറിയിച്ചു.

error: Content is protected !!