കുവൈറ്റ് സിറ്റി: രാജ്യത്തെ മുതിർന്ന ഭരണാധികാരികളെയും പ്രമുഖ വ്യക്തിത്വങ്ങളെയും ലക്ഷ്യമിട്ടുള്ള വൻ ഭീകരാക്രമണ പദ്ധതി കുവൈറ്റ് സുരക്ഷാ സേന തകർത്തു. നിരോധിത ഭീകര സംഘടനയായ ഹിസ്ബുള്ളയുമായി ചേർന്ന് പ്രവർത്തിച്ചിരുന്ന ഗൂഢാലോചന സംഘത്തെയാണ് ആഭ്യന്തര മന്ത്രാലയത്തിന് കീഴിലുള്ള സ്റ്റേറ്റ് സെക്യൂരിറ്റി ഏജൻസി പിടികൂടിയത്. കൃത്യമായ നിരീക്ഷണങ്ങൾക്കും രഹസ്യാന്വേഷണത്തിനുമൊടുവിലാണ് രാജ്യത്തെ നടുക്കിയ ഈ ഭീകര ശൃംഖലയുടെ വിവരങ്ങൾ പുറത്തുവന്നത്.
ആറ് പേരെ സുരക്ഷാ സേന ഇതിനോടകം അറസ്റ്റ് ചെയ്തിട്ടുണ്ട്. ഇതിൽ അഞ്ച് പേർ കുവൈറ്റ് പൗരന്മാരും ഒരാൾ പൗരത്വം റദ്ദാക്കപ്പെട്ട വ്യക്തിയുമാണ്. കൂടാതെ, വിദേശ രാജ്യങ്ങളിൽ ഒളിവിൽ കഴിയുന്ന 14 പ്രതികളെ തിരിച്ചറിഞ്ഞിട്ടുണ്ട്. ഇതിൽ അഞ്ച് കുവൈറ്റ് പൗരന്മാർ, പൗരത്വം റദ്ദാക്കപ്പെട്ട അഞ്ച് പേർ, രണ്ട് ഇറാൻ സ്വദേശികൾ, രണ്ട് ലബനൻ സ്വദേശികൾ എന്നിവർ ഉൾപ്പെടുന്നു. ഇവർക്കായി തിരച്ചിൽ ശക്തമാക്കിയിരിക്കുകയാണ്.
പിടിയിലായവർ ഹിസ്ബുള്ളയുമായി ചേർന്ന് ചാരവൃത്തി നടത്തിയതായും ഭീകര സംഘടനയിൽ അംഗത്വമെടുത്തതായും സമ്മതിച്ചിട്ടുണ്ട്. രാജ്യത്തെ ഉന്നത നേതാക്കളെയും ഭരണാധികാരികളെയും വധിക്കുക എന്നതായിരുന്നു ഇവരുടെ പ്രധാന ലക്ഷ്യം. ഇതിനായി വിദേശ രാജ്യങ്ങളിൽ വെച്ച് ആയുധങ്ങൾ പ്രയോഗിക്കാനും സ്ഫോടകവസ്തുക്കൾ നിർമ്മിക്കാനും ഇവർ പ്രത്യേക പരിശീലനം നേടിയിരുന്നു. നിരീക്ഷണ വിദ്യകളിലും കൊലപാതക രീതികളിലും ഇവർക്ക് വിദേശത്ത് വെച്ച് വിദഗ്ധ പരിശീലനം ലഭിച്ചതായി അന്വേഷണത്തിൽ കണ്ടെത്തി.
പിടിയിലായ പ്രതികളെ മേൽനടപടികൾക്കായി പബ്ലിക് പ്രോസിക്യൂഷന് കൈമാറി. രാജ്യദ്രോഹപരമായ ഇത്തരം പ്രവർത്തനങ്ങൾ കുവൈറ്റിന്റെ പരമാധികാരത്തിനും സുരക്ഷയ്ക്കും മേലുള്ള കടന്നുകയറ്റമാണെന്ന് ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കി. “രാജ്യത്തിന്റെ സുരക്ഷയും സ്ഥിരതയും ആർക്കും തൊടാനാവാത്ത ‘റെഡ് ലൈൻ’ ആണ്. രാജ്യദ്രോഹികൾക്കും ഭീകരവാദികൾക്കും എതിരെ വിട്ടുവീഴ്ചയില്ലാത്ത കർശന നിയമനടപടികൾ സ്വീകരിക്കും,” മന്ത്രാലയം പ്രസ്താവനയിൽ മുന്നറിയിപ്പ് നൽകി.
സംഭവവുമായി ബന്ധപ്പെട്ട് കൂടുതൽ പേർ ഉൾപ്പെട്ടിട്ടുണ്ടോ എന്ന് കണ്ടെത്താൻ സുരക്ഷാ ഏജൻസികൾ അന്വേഷണം വ്യാപിപ്പിച്ചിരിക്കുകയാണ്.





More Stories
പുതുതായി അനുവദിച്ച എൻട്രി വിസകൾക്ക് കാലാവധി നീട്ടി നൽകില്ല : കുവൈറ്റ് ആഭ്യന്തര മന്ത്രാലയം
കുവൈറ്റ് അറേബ്യൻ ഗൾഫ് സ്ട്രീറ്റിൽ ഏപ്രിൽ 23 മുതൽ മേയ് 3 വരെ രണ്ട് ഘട്ടങ്ങളിലായി ഗതാഗത നിയന്ത്രണം
തൊഴിലാളികളുടെ ശമ്പളം കൃത്യസമയത്ത് നൽകണം ; തൊഴിലുടമകൾക്ക് കർശന നിർദ്ദേശവുമായി കുവൈറ്റ് മാൻപവർ അതോറിറ്റി