ന്യൂഡൽഹി: പശ്ചിമേഷ്യയിൽ നിലനിൽക്കുന്ന അതീവ ഗുരുതരമായ സാഹചര്യത്തിൽ ഇന്ത്യൻ പൗരന്മാരുടെ സുരക്ഷ ഉറപ്പാക്കാൻ കേന്ദ്ര സർക്കാർ പ്രതിജ്ഞാബദ്ധമാണെന്ന് വിദേശകാര്യമന്ത്രി ഡോ. എസ്. ജയശങ്കർ. രാജ്യസഭയിൽ നടത്തിയ ‘സുവോ മോട്ടോ’ (Suo Motu) പ്രസ്താവനയിലാണ് മന്ത്രി ഇന്ത്യയുടെ ആശങ്കയും സ്വീകരിച്ചുവരുന്ന നടപടികളും വിശദീകരിച്ചത്. ഇറാനിലെ വ്യോമാക്രമണങ്ങൾക്കും വിവിധ ഗൾഫ് രാജ്യങ്ങളിലുണ്ടായ ആക്രമണങ്ങൾക്കും പിന്നാലെ മേഖലയിലെ സ്ഥിതിഗതികൾ സർക്കാർ സൂക്ഷ്മമായി നിരീക്ഷിച്ചു വരികയാണെന്നും അദ്ദേഹം അറിയിച്ചു.
സുരക്ഷാ സമിതിയുടെ അടിയന്തര ഇടപെടൽ
മേഖലയിലെ സാഹചര്യം വിലയിരുത്തുന്നതിനായി പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അധ്യക്ഷതയിൽ മാർച്ച് ഒന്നിന് സുരക്ഷാ കാര്യങ്ങൾക്കായുള്ള മന്ത്രിസഭാ സമിതി (CCS) യോഗം ചേർന്നു. ഗൾഫ് രാജ്യങ്ങളിലെ ഇന്ത്യൻ സമൂഹത്തിന്റെ സുരക്ഷയാണ് യോഗം പ്രധാനമായും ചർച്ച ചെയ്തത്. ഇറാനിലെ ആക്രമണങ്ങളും തുടർന്ന് ഗൾഫ് മേഖലയിലുണ്ടായ പ്രത്യാഘാതങ്ങളും യോഗം വിലയിരുത്തി. പ്രാദേശിക സുരക്ഷയെയും സാമ്പത്തിക-വാണിജ്യ ഇടപാടുകളെയും സംഘർഷം എങ്ങനെ ബാധിക്കുമെന്ന കാര്യത്തിൽ സമിതി ആശങ്ക രേഖപ്പെടുത്തി.
വിദ്യാർത്ഥികൾക്കും യാത്രക്കാർക്കും സഹായം :
സംഘർഷം മൂലം ഗൾഫ് രാജ്യങ്ങളിൽ കുടുങ്ങിപ്പോയ ഇന്ത്യൻ യാത്രക്കാരുടെയും അവിടെ പരീക്ഷ എഴുതുന്ന വിദ്യാർത്ഥികളുടെയും ബുദ്ധിമുട്ടുകൾ പരിഹരിക്കാൻ പ്രധാനമന്ത്രി നിർദ്ദേശം നൽകി. വിവിധ മന്ത്രാലയങ്ങൾ ഏകോപിതമായി പ്രവർത്തിച്ച് ഈ പ്രശ്നങ്ങൾക്ക് അടിയന്തര പരിഹാരം കാണണമെന്നാണ് സി.സി.എസ് (CCS) നിർദ്ദേശിച്ചിരിക്കുന്നത്. പ്രവാസി സമൂഹത്തിന്റെ ആശങ്കകൾ പരിഹരിക്കാൻ എംബസികൾ വഴി ആവശ്യമായ നടപടികൾ സ്വീകരിച്ചു വരികയാണെന്നും മന്ത്രി പറഞ്ഞു.
നയതന്ത്ര പരിഹാരത്തിന് ഇന്ത്യ :
ഫെബ്രുവരി 28-ന് തന്നെ ഇന്ത്യ ഈ വിഷയത്തിൽ ഔദ്യോഗിക നിലപാട് വ്യക്തമാക്കിയിരുന്നു. എല്ലാ പക്ഷവും പരമാവധി സംയമനം പാലിക്കണമെന്നും സാധാരണക്കാരുടെ സുരക്ഷയ്ക്ക് മുൻഗണന നൽകണമെന്നുമാണ് ഇന്ത്യയുടെ ആവശ്യം. നയതന്ത്ര ചർച്ചകളിലൂടെയും സംഭാഷണങ്ങളിലൂടെയും മാത്രമേ പ്രശ്നപരിഹാരം സാധ്യമാകൂ എന്ന് ഇന്ത്യ വിശ്വസിക്കുന്നു. എല്ലാ രാജ്യങ്ങളുടെയും പരമാധികാരവും പ്രാദേശിക അഖണ്ഡതയും ആദരിക്കപ്പെടേണ്ടത് അനിവാര്യമാണെന്നും ഡോ. എസ്. ജയശങ്കർ സഭയിൽ വ്യക്തമാക്കി.
പ്രധാനമന്ത്രി നരേന്ദ്ര മോദി നേരിട്ടാണ് സ്ഥിതിഗതികൾ നിരീക്ഷിക്കുന്നത്. ഗൾഫ് മേഖലയിലെ സമാധാനവും അവിടെയുള്ള ദശലക്ഷക്കണക്കിന് ഇന്ത്യക്കാരുടെ സുരക്ഷയും ഉറപ്പാക്കാൻ ബന്ധപ്പെട്ട മന്ത്രാലയങ്ങൾ തമ്മിൽ നിരന്തരമായ ഏകോപനം നടക്കുന്നുണ്ടെന്നും മന്ത്രി കൂട്ടിച്ചേർത്തു.








More Stories
കുവൈറ്റിന് നേരെ വീണ്ടും മിസൈല്‍-ഡ്രോണ്‍ ആക്രമണം; മൂന്ന് ബാലിസ്റ്റിക് മിസൈലുകള്‍ തകര്‍ത്ത് പ്രതിരോധ സേന
യാത്രാ നിയന്ത്രണങ്ങൾ മൂലം വിദേശത്ത് കുടുങ്ങിയ പൊതുമേഖല ജീവനക്കാര്‍ക്ക് ആശ്വാസവുമായി കുവൈറ്റ് സര്‍ക്കാര്‍ ; കാലയളവ് സേവന കാലയളവായി കണക്കാക്കും
കുവൈറ്റിൽ സന്ദർശക വിസയിലുള്ള ഇന്ത്യൻ പൗരന്മാരുടെ വിവരശേഖരണം തുടങ്ങി ഇന്ത്യൻ എംബസ്സി