കുവൈറ്റ് : രാജ്യത്തിനകത്ത് ഡെബിറ്റ് കാർഡ്, ക്രെഡിറ്റ് കാർഡ്, കെ-നെറ്റ് (KNET) ഉൾപ്പെടെയുള്ള ഇലക്‌ട്രോണിക് പേയ്‌മെന്റ് മാർഗങ്ങൾ ഉപയോഗിക്കുന്ന ഉപഭോക്താക്കളിൽ നിന്ന് അധിക ഫീസുകളോ കമ്മീഷനുകളോ ഈടാക്കുന്നത് കുവൈറ്റ് സെൻട്രൽ ബാങ്ക് (CBK) കർശനമായി നിരോധിച്ചു. ഉപഭോക്താക്കളുടെ പരാതികൾ വർധിച്ച സാഹചര്യത്തിലാണ് ഉപഭോക്തൃ സംരക്ഷണം ലക്ഷ്യമിട്ടുള്ള ഈ സുപ്രധാന നടപടി.
പ്രാദേശിക ബാങ്കുകൾ, ഇലക്‌ട്രോണിക് പേയ്‌മെന്റ് സേവന ദാതാക്കൾ, ഇ-മണി സേവന ദാതാക്കൾ എന്നിവർക്കാണ് സെൻട്രൽ ബാങ്ക് ഇതുസംബന്ധിച്ച കർശന നിർദേശം നൽകിയത്. പോയിന്റ്-ഓഫ്-സെയിൽ (POS) ഉപകരണങ്ങൾ വഴിയോ ഇലക്‌ട്രോണിക് പേയ്‌മെന്റ് ഗേറ്റ്‌വേകൾ വഴിയോ പണം നൽകുമ്പോൾ ഉപഭോക്താക്കളിൽ നിന്ന് അധിക തുക ഈടാക്കുന്നുവെന്ന വ്യാപകമായ പരാതികളെ തുടർന്നാണ് ഈ ഇടപെടൽ.
- വ്യാപാരികളുമായുള്ള പുതിയ പേയ്‌മെന്റ് സേവന കരാറുകളിൽ, ഇലക്‌ട്രോണിക് പേയ്‌മെന്റുകൾ ഉപയോഗിക്കുന്ന ഉപഭോക്താക്കളിൽ നിന്ന് അധിക ചാർജ് ഈടാക്കരുത് എന്ന വ്യവസ്ഥ നിർബന്ധമായും ഉൾപ്പെടുത്തണം.
- നിലവിലുള്ള എല്ലാ കരാറുകളും ഈ ഉത്തരവ് പ്രാബല്യത്തിൽ വന്ന തീയതി മുതൽ ഒരു മാസത്തിനകം അവലോകനം ചെയ്യുകയും പുതുക്കുകയും ചെയ്യണം.
- നിയമം ലംഘിക്കുന്ന സ്ഥാപനങ്ങൾക്കെതിരെ സേവന ദാതാക്കൾ തിരുത്തൽ നടപടികൾ സ്വീകരിക്കണം. ആവശ്യമെങ്കിൽ പേയ്‌മെന്റ് സേവനങ്ങൾ താൽക്കാലികമായി നിർത്തിവയ്ക്കുകയും ചെയ്യാം.
ഡിജിറ്റൽ ഇടപാടുകളിലുള്ള വിശ്വാസം വർദ്ധിപ്പിക്കുന്നതിനും സാമ്പത്തിക ഇടപാടുകളിൽ സുതാര്യതയും നീതിയും ഉറപ്പാക്കുന്നതിനും വേണ്ടിയാണ് സെൻട്രൽ ബാങ്ക് ഈ നടപടി സ്വീകരിച്ചിരിക്കുന്നത്. നിയമം ലംഘിക്കുന്നവർക്കെതിരെ സേവനം റദ്ദാക്കുന്നത് ഉൾപ്പെടെയുള്ള ശക്തമായ നടപടികളുണ്ടാകുമെന്ന് സി.ബി.കെ. മുന്നറിയിപ്പ് നൽകി.





More Stories
ഇറാൻ ആക്രമണങ്ങളെ ശക്തമായി അപലപിച്ച് കുവൈറ്റ് മന്ത്രിസഭ ; രാജ്യസുരക്ഷയ്ക്ക് സാധ്യമായ എല്ലാ നടപടികളും സ്വീകരിക്കും
പഴയപള്ളി യുവജനപ്രസ്ഥാനം തിരുവോണപ്പുലരി 2026 കൂപ്പൺ പ്രകാശനം ചെയ്തു.
കുവൈറ്റ് ജനറൽ ഡയറക്ടറേറ്റ് ഓഫ് ട്രാഫിക് ഡിപ്പാർട്മെൻറ് പുതുക്കിയ ഔദ്യോഗിക പ്രവൃത്തി സമയം പ്രഖ്യാപിച്ചു