രാജ്യത്തുനിന്നും രണ്ട് 40 അടി കണ്ടെയ്നറുകളിലായി ഒളിപ്പിച്ചു കടത്താൻ ശ്രമിച്ച നിരോധിത പുകയില ഉൽപ്പന്നങ്ങളുടെ വൻ ശേഖരം കുവൈത്ത് ഷുവൈഖ് തുറമുഖത്തെ ജനറൽ അഡ്മിനിസ്ട്രേഷൻ ഓഫ് കസ്റ്റംസ് പിടികൂടി. രാജ്യത്തേക്ക് അനധികൃതമായി കടത്താൻ ശ്രമിച്ച ഏറ്റവും വലിയ ലഹരിവേട്ടകളിലൊന്നാണിത്.
തുറമുഖത്തെ പതിവ് പരിശോധനകൾക്കിടയിലാണ് കസ്റ്റംസ് ഉദ്യോഗസ്ഥർക്ക് ഈ ചരക്കുകളിൽ സംശയം തോന്നിയത്. തുടർന്ന് വിശദമായ പരിശോധനകൾക്കായി കണ്ടെയ്നറുകൾ പ്രത്യേക യാർഡിലേക്ക് മാറ്റാൻ നിർദ്ദേശം നൽകുകയായിരുന്നു. കണ്ടെയ്നറുകളിൽ നിന്ന് സാമ്പിളുകൾ ശേഖരിച്ച് വിദഗ്ദ്ധ പരിശോധനയ്ക്കും ലബോറട്ടറി വിശകലനത്തിനുമായി ബന്ധപ്പെട്ട അധികാരികൾക്ക് അയച്ചു.
പരിശോധനാ ഫലങ്ങൾ പുറത്തുവന്നപ്പോൾ ഞെട്ടിക്കുന്ന വിവരങ്ങളാണ് വ്യക്തമായത്. 581,000 ബാഗുകളിലായി സൂക്ഷിച്ചിരുന്ന 29,050 ടൺ ഭാരമുള്ള നിരോധിത പുകയിലയാണ് കണ്ടെത്തിയത്. കുവൈത്തിൽ ഇറക്കുമതിക്ക് കർശനമായി നിരോധനമുള്ള ഇനം പുകയിലയാണ് ഇതെന്ന് അധികൃതർ സ്ഥിരീകരിച്ചു. ഇത് രാജ്യത്തെ ഇറക്കുമതി നിയമങ്ങളുടെയും ചട്ടങ്ങളുടെയും വ്യക്തമായ ലംഘനമാണ്.
സമൂഹത്തെ ദോഷകരവും നിയമവിരുദ്ധവുമായ വസ്തുക്കളിൽ നിന്ന് സംരക്ഷിക്കാനുള്ള രാജ്യത്തിൻറെ പ്രതിബദ്ധത ജനറൽ അഡ്മിനിസ്ട്രേഷൻ ഓഫ് കസ്റ്റംസ് ആവർത്തിച്ചു. പരിശോധനാ സംഘത്തിന്റെ ജാഗ്രതയെയും തൊഴിൽ വൈദഗ്ധ്യത്തെയും അധികൃതർ പ്രത്യേകം പ്രശംസിച്ചു. എല്ലാത്തരം കള്ളക്കടത്ത് ശ്രമങ്ങളെയും പരാജയപ്പെടുത്താനും കുവൈത്തിന്റെ അതിർത്തികളുടെ സുരക്ഷ ഉറപ്പാക്കാനും കസ്റ്റംസ് ഉദ്യോഗസ്ഥർ എപ്പോഴും സജ്ജരാണെന്നും അധികൃതർ പ്രസ്താവനയിൽ കൂട്ടിച്ചേർത്തു.








More Stories
ഗൾഫ് രാജ്യങ്ങളിൽ സി.ബി.എസ്.ഇ പത്താം ക്ലാസ് പരീക്ഷകൾ റദ്ദാക്കി; പന്ത്രണ്ടാം ക്ലാസ് പരീക്ഷകൾ മാറ്റിവെച്ചു
ഇന്ത്യൻ മുസ്ലിം സംഘടനകളുടെ ഐക്യവേദിയായ ഫെഡറേഷൻ ഓഫ് ഇന്ത്യൻ അസ്സോസിയേഷൻസ് (FIMA) റമദാൻ ഖബ്ക്ക സംഘടിപ്പിച്ചു.
കുവൈറ്റിൽ വിസ കാലാവധി നീട്ടി; സന്ദർശക വിസകൾക്ക് ഒരു മാസത്തെയും പ്രവാസികൾക്ക് മൂന്ന് മാസത്തെയും ഇളവ്