May 19, 2024

CNXN.TV

Kuwait News (കുവൈറ്റ് വാർത്തകൾ .Get the Latest Malayalam news in Kuwait & Today's Breaking News (ബ്രേക്കിങ് വാർത്ത) headlines in Malayalam .CNXN TV has the most recent Malayalam Gulf news and updates from Kuwait.

ബ്രിട്ടീഷ് പ്രധാനമന്ത്രിയായി റിഷി സുനക് ഇന്ന് ചുമതലയേല്‍ക്കും: പദവിയിലേക്കെത്തുന്ന ആദ്യ ഏഷ്യന്‍ വംശജൻ

ന്യൂസ് ബ്യൂറോ, ലണ്ടൻ

ലണ്ടന്‍: വിന്‍സ്റ്റണ്‍ ചര്‍ച്ചിലും, ഹരോള്‍ഡ് വില്‍സണും, മാര്‍ഗരറ്റ് താച്ചറും എല്ലാം ഇരുന്ന കസേരയിലേക്ക് ഒരിന്ത്യന്‍ വംശജന്‍. ലോകത്തിലേറ്റവും കരുത്തുറ്റ രാജ്യങ്ങളിലൊന്നിന്റെ ഭരണ ചക്രം ഇനി സുനകിന്റെ കയ്യില്‍. വിശാല ഇന്ത്യിലെ പഞ്ചാബില്‍ ജനിച്ച്‌ ആദ്യം കിഴക്കന്‍ ആഫ്രിക്കയിലേക്കും പിന്നീട് ബ്രിട്ടണിലേക്കും കുടിയേറിയവരാണ് ഋഷിയുടെ പൂര്‍വികര്‍. പിന്നീട് ഇവിടെ സര്‍ക്കാര്‍ ജോലിക്കാരായി. ബ്രിട്ടീഷ് പൗരത്വം നേടിയെങ്കിലും ഇന്ത്യന്‍ വേരുകള്‍ അറ്റു പോകാതെ നേക്കി. പേരിലും പെരുമാറ്റത്തിലും ഇത് തുടര്‍ന്നു. ഉഷയുടേയും യശ് വീര്‍ സുനകിന്റെയും മൂത്ത മകനായി 1980 ല്‍ ജനനം. ബ്രിട്ടിഷ് എംപയര്‍ ബഹുമതി നേടിയിട്ടുണ്ട് ഋഷിയുടെ അമ്മയുടെ അച്ഛന്‍.

ചരിത്രത്തില്‍ ആദ്യമായാണ് ഒരു ഏഷ്യക്കാരന്‍ ബ്രിട്ടന്‍റെ പ്രധാനമന്ത്രി സ്ഥാനത്തെത്തുന്നത്. ഇന്ത്യന്‍ വംശജനായ റിഷി സുനക്. നൂറ്റാണ്ടുകള്‍ ഇന്ത്യന്‍ ഉപഭൂഖണ്ടത്തെ അടക്കി ഭരിച്ച രാജ്യത്ത്, ഒരിന്ത്യന്‍ വംശജന്‍ അധികാരത്തിലെത്തുന്നത് ചരിത്രത്തിലെ അപൂര്‍വ്വമായൊരു തിരുത്ത് കൂടെയാണ്. അറിയാം റിഷി സുനകിന്റെ ഇന്ത്യന്‍ വേരുകള്‍.

ഇന്ത്യയിലാണ് ഋഷി സുനകിന്‍്റെ വേരുകള്‍. പഞ്ചാബില്‍ നിന്നും ബ്രിട്ടണിലേക്ക് കുടിയേറിയ കുടുംബത്തിലെ മൂന്നാം തലമുറ അംഗമാണ് റിഷി. ബ്രിട്ടന്‍്റെ പ്രധാനമന്ത്രി സ്ഥാനത്തെത്തുന്ന ആദ്യ ഏഷ്യക്കാരനെന്ന നേട്ടവും ഋഷിക്ക് സ്വന്തം.

ഇന്ത്യന്‍ വംശജന്‍ മാത്രമല്ല ഇന്ത്യയുടെ മരുമകന്‍ കൂടെയാണ് ഋഷി സുനക്. ഇന്‍ഫോസിസ് സ്ഥാപകന്‍ നാരായണ മൂര്‍ത്തിയുടെ മകള്‍ അക്ഷിത മൂത്തിയുടെ ഭര്‍ത്താവാണ് അദ്ദേഹം.. യുഎസിലെ സ്റ്റാന്‍ഫഡ് ബിസിനസ് സ്കൂളില്‍ വച്ചാണ് ഋഷി അക്ഷതയെ പരിചയപ്പെടുന്നത്. ഇരുവരുടേയും സൌഹൃദം വൈകാതെ പ്രണയമായി. 2009ലായിരുന്നു വിവാഹം. ഇവരുടെ മക്കളുടെ പേരിലും കാണാം ഇന്ത്യന്‍ ടച്ച്‌. കൃഷ്ണ, അനൗഷ്ക. ഋഷിയുടെ രാഷ്ട്രീയപ്രവേശനത്തിന് ഉറച്ച പിന്തുണയുമായി ഭാര്യ അക്ഷതയും നാരായണ മൂര്‍ത്തിയും കൂടെയുണ്ടായിരുന്നു.

ഇന്ത്യന്‍ കുടുംബ വേരുകള്‍ ഉണ്ടെന്നുള്ളത് മാത്രമല്ല, ഇന്ത്യന്‍ പാരമ്ബര്യവും മുറുകെ പിടിക്കുന്നയാളാണ് പുതിയ ബ്രിട്ടീഷ് പ്രധാനമന്ത്രി, ഗോ പൂജ, ഭഗവത് ഗീതയില്‍ തൊട്ടുള്ള സത്യ പ്രതിജ്ഞ അങ്ങിനെ ഏറെയുണ്ട് കാര്യങ്ങള്‍.

2015 ല്‍ ബ്രിട്ടീഷ് പാര്‍ലമെന്റ് അംഗമായ ഋഷി ഭഗവത് ഗീതയില്‍ തൊട്ടാണ് സത്യപ്രതിജ്ഞ ചെയ്തത്. ബ്രിട്ടീഷ് പാര്‍ലമെന്റില്‍ ഇങ്ങിനെ സത്യപ്രതിജ്ഞ ചെയ്യുന്ന ആദ്യ വ്യക്തി. ഭഗവത് ഗീതയാണ് സമ്മര്‍ദം ചെറുക്കുന്നതിനും കര്‍ത്തവ്യ ബോധത്തിനും തന്റെ കൂട്ടെന്നും പുതിയ ബ്രിട്ടീഷ് പ്രധാനമന്ത്രി വ്യക്തമാക്കിയിട്ടുണ്ട്. കഴിഞ്ഞ ജന്മാഷ്ടമി ദിനത്തില്‍ ലണ്ടനില്‍ സുനകും അഖ്ഥയും പശുവിനെ ആരാധിക്കുന്നതും ആരതി നടത്തുന്നതിന്റെയും ദൃശ്യങ്ങളും പുറത്തുവന്നിരുന്നു. വര്‍ഷവും ദീപാവലി

ആഘോഷിക്കുകയും തന്റെ ഔദ്യോഗിക വസതിയില്‍ ദീപങ്ങള്‍ തെളിയിക്കുകയും ചെയ്യാറണ്ട് സുനക്. ദീപാവലി ദിനം തന്നെ പ്രധാനമന്ത്രി പദത്തിലെത്തിയെന്നത് മറ്റൊരു കൗതുകം. കേവലം എട്ട് വര്‍ഷം മുമ്ബാണ് ഋഷി ബ്രിട്ടീഷ് രാഷ്ട്രീയത്തിലെത്തുന്നത്. പാര്‍ലമെന്റ് അംഗം ട്രഷറി ഛീഫ് സെക്രട്ടറി, പിന്നെ ബ്രിട്ടീഷ് ധനമന്ത്രിസ്ഥനമടക്കം വഹിച്ചു. പടിപടിയായാണ് വളര്‍ച്ച. ബ്രിട്ടണിലെ അതി സമ്ബന്നരായ രാഷ്ട്രീയക്കാരില്‍ പ്രമുഖന്‍ കൂടെയാണ് റിഷി സുനക്.

സ്വപ്നതുല്യമാണ് ഋഷി സുനകിന്‍്റെ ജീവിതം. ലോകത്തെ തന്നെ ഏറ്റവും മികച്ച വിദ്യാഭ്യാസ സ്ഥാപനങ്ങളായ ഓക്സ്‌ഫഡിലും സ്റ്റാന്‍ഫഡിലുമായിട്ടായിരുന്നു അദ്ദേഹത്തിന്‍്റെ പഠനം. ഗോള്‍ഡ്മാന്‍ സാക്സ് ഉള്‍പ്പടെ പ്രമുഖ കന്പനികളില്‍ ഉയര്‍ന്ന തസ്തികയില്‍ ജോലി. സ്വന്തം നിക്ഷേപക സഹായ കന്പനികള്‍. ഇതെല്ലാം വിട്ട് എട്ട് വര്‍ഷം മുന്പ് 33 വയസ്സില്‍ രാഷ്ട്രീയ പ്രവേശനം. 2015ല്‍ കണ്‍സര്‍വേറ്റീവ് പാര്‍ട്ടിയുടെ കുത്തക സീറ്റില്‍ മത്സരിച്ച്‌ പാര്‍ലമെന്റിലേക്ക്. തെരേസ മേ മന്ത്രിസഭയില്‍ ഭവനകാര്യ സഹമന്ത്രി. ബോറിസ് ജോണ്‍സന്‍ പ്രധാനമന്ത്രിയായതോടെ ട്രഷറി ചീഫ് സെക്രട്ടറി സ്ഥാനത്ത്.

ബോറിസ് ജോണ്‍സണ്‍ രാജിവച്ചപ്പോള്‍ പ്രധാനമന്ത്രി സ്ഥാനത്തേക്ക് മത്സരിച്ച്‌ പരാജയം. ലിസ്ട്രസിനോട് തോല്‍വി നേരിട്ട് രണ്ട് മാസം തികയുന്നതിന് മുന്പേ ശക്തമായ തിരിച്ചുവരവ്. അതും പാര്‍ട്ടിയിലെ കരുത്തരായ ബോറിസ് ജോണ്‍സണേയും പെന്നി മോര്‍ഡന്റിനേയും പിറകിലാക്കി പ്രധാനമന്ത്രി സ്ഥാനത്തോടെ. 42 വയസ്സിന്റെ യുവത്വവുമായാണ് ബ്രിട്ടന്റെ നേതൃത്വത്തിലേക്ക് സുനക് എത്തുന്നത്.

ഒരേസമയം ഇന്ത്യയുടെ ചെറുമകനും മരുമകനുമാണ് ബ്രിട്ടന്റെ പുതിയ പ്രധാനമന്ത്രി ഋഷി സുനക്. ഇന്ത്യയിൽനിന്നും ഈസ്റ്റ് ആഫ്രിക്ക വഴി ബ്രിട്ടനിലേക്കു കുടിയേറിയ പഞ്ചാബി കുടുംബത്തിൽ ജനിച്ചയാളാണ് ഋഷി സുനക്. സതാംപ്റ്റണിൽ ബ്രിട്ടിഷ് പൗരനായി ജനിച്ച ഋഷി, ഈ അർഥത്തിൽ ഇന്ത്യയുടെ ചെറുമകനാണ്. ഇൻഫോസിസ് സ്ഥാപക ചെയർമാനായ എൻ.ആർ.നാരായണമൂർത്തിയുടെ മകൾ അക്ഷതയാണ് ഋഷിയുടെ ഭാര്യ. ഏറെക്കാലമായി ബ്രിട്ടനിലായിട്ടും ഇന്ത്യൻ പൗരത്വം കളയാതെ സൂക്ഷിക്കുന്ന അക്ഷതയുടെ ഭർത്താവെന്ന നിലയിൽ ഇന്ത്യയുടെ മരുമകനുമാണ് ബ്രിട്ടന്റെ പുതിയ പ്രധാനമന്ത്രി.

കുടിയേറ്റ കുടുംബത്തിലെ മൂന്നാം തലമുറക്കാരനാണെങ്കിലും അദ്ദേഹം വെറും ഇന്ത്യൻ വംശജനല്ല. ജീവിതത്തിന്റെ ഓരോ നിമിഷത്തിലും ഭാരതീയതയും ഭഗവത്ഗീതയയും നെഞ്ചിലേറ്റി ജീവിക്കുന്നയാളാണ്. വിദേശത്തു ജനിച്ചു വളർന്നിട്ടും പ്രശസ്തമായ സർവകലാശാലകളിൽ പഠിച്ചിട്ടും ഭാരതീയ മൂല്യങ്ങൾ വ്യക്തിജീവിതത്തിൽ കൈവിടാതെ സൂക്ഷിക്കുന്ന വ്യക്തി. അതുകൊണ്ടുതന്നെയാണ് നികുതിയുമായി ബന്ധപ്പെട്ട ഒരു ആരോപണം തന്റെ ഭാര്യയ്ക്കു നേരേ ഉയർന്നപ്പോൾ നിയമപരമായി കൊടുക്കേണ്ട നികുതി അല്ലാതിരുന്നിട്ടും ധാർമികത ഉയർത്തിപ്പിടിച്ച് അതു നൽകാൻ അദ്ദേഹം തയാറായത്.

ബ്രിട്ടനിൽ നോൺ-ഡോമിസൈൽ സ്റ്റാറ്റസുള്ളവർക്ക് നിയമപരമായി 39.35 ശതമാനത്തിന് ഡിവിഡന്റ് ടാക്സ് നൽകേണ്ടതില്ല. എന്നാൽ നിയമത്തിന്റെ പഴുതുപയോഗിച്ച് വലിയ തുക നികുതി നൽകുന്നതിൽനിന്നും ചാൻസിലറുടെ ഭാര്യ രക്ഷപ്പെടുകയാണ് എന്നായിരുന്നു ആരോപണം. നിയമപരമായി നൽകേണ്ടതില്ലെങ്കിൽകൂടി ഭർത്താവിനെതിരായ ആരോപണത്തിന്റെ പുകമറ നീക്കാൻ അക്ഷത നികുതി അടച്ചത് 20 മില്യൻ പൗണ്ടാണ്. ഇതോടെ രാഷ്ട്രീയ എതിരാളികൾ മൗനത്തിലുമായി. ഇത്രയും വലിയൊരു തുക നികുതിയടച്ചതിലൂടെ ഋഷിക്കു കൈവന്നത് തികഞ്ഞ മാന്യൻ എന്ന പരിവേഷമാണ്. പണം കണ്ടാൽ കണ്ണുമഞ്ഞളിക്കുന്ന രാഷ്ട്രീയക്കാരനല്ല എന്നു തെളിയിക്കാനും ഇതിലൂടെ ഋഷിക്കായി.

ഋഷിയുടെ പിതാവ് യശ്വീർ സുനാക് ജനിക്കുന്നത് കെനിയയിലാണ്. മാതാവ് ഉഷയുടെ ജനനം ടാൻസാനിയയിലും. സ്തുത്യർഹമായ സേവനത്തിന് ബ്രിട്ടിഷ് സർക്കാർ നൽകുന്ന മെംബർ ഓഫ് ദി ഓർഡർ ഓഫ് ദ് ബ്രിട്ടിഷ് എംപയർ (എംബിഇ) പുരസ്കാരത്തിന് അമ്മയുടെ പിതാവ് അർഹനായിട്ടുണ്ട്. 1960ലാണ് ഇവരുടെ കുടുംബം കുട്ടികളുമൊത്ത് ബ്രിട്ടനിലേക്ക് കുടിയേറുന്നത്.

രണ്ടുമാസം മുമ്പ് വെംബ്ലി സ്റ്റേഡിയത്തിൽ തിങ്ങിനിറഞ്ഞ പാർട്ടി അംഗങ്ങളോട് ഋഷി തന്റെ ജീവിത കഥ വിവരിച്ചത് ഇങ്ങനെയാണ്.

‘‘അമ്മയുടെ അമ്മയാണ് ആദ്യം ബ്രിട്ടനിൽ എത്തിയത്. തനിക്കും കുടുംബത്തിനും നല്ലൊരു ജീവിതം കെട്ടിപ്പെടുക്കുക എന്നതായിരുന്നു അവരുടെ ലക്ഷ്യം. ബ്രിട്ടനിൽ എത്തിയ അവർ ലണ്ടനിൽ ഒരു ജോലി സമ്പാദിച്ചു. ഭർത്താവിനെയും കുട്ടികളെയും ലണ്ടനിലേക്ക് കൊണ്ടുവരാനായി ഒരുവർഷത്തോളം അവർക്ക് അധികസമയം ജോലി ചെയ്യേണ്ടിവന്നു. തളരാതെ നിശ്ചയദാർഢ്യത്തോടെ പ്രവർത്തിച്ച അവർ ലക്ഷ്യം നേടി. ഒരു വർഷത്തിനു ശേഷം അവർ ഭർത്താവിനെയും കുട്ടികളെയും ലണ്ടനിൽ എത്തിച്ചു. അതിൽ ഒരു കുട്ടിയായിരുന്നു ഋഷിയുടെ അമ്മ. പഠനത്തിൽ സമർഥയായിരുന്ന ഉഷ ഫാർമസിസ്റ്റായി. പിന്നീട് എൻഎച്ച്എസ്ജിപി ഡോക്ടറായ യശ്വീറിനെ കണ്ടുമുട്ടുകയായിരുന്നു. അവരുടെ കഥ അവിടെ അവസാനിക്കുന്നെങ്കിലും എന്റെ കഥ അവിടെ തുടങ്ങുകയായിരുന്നു.’’

1980ൽ ഈ മാതാപിതാക്കളുടെ മൂത്ത മകനായിട്ടായിരുന്നു ഋഷിയുടെ ജനനം. സഞ്ജയ്, രാഖി എന്നീ സഹോദരങ്ങളുമുണ്ട്. ഏറ്റവും വലുത് കുടുംബമാണെന്നും ബ്രിട്ടനാണ് തന്നെപ്പോലുള്ള ആയിരങ്ങൾക്ക് നല്ല ഭാവിയൊരുക്കാൻ അവസരം നൽകിയ രാജ്യമെന്നും അദ്ദേഹം വിശ്വസിക്കുന്നു. സാംസ്കാരികവും മതപരവുമായ പാരമ്പര്യം ഭാരതീയതയിൽ ഊന്നിക്കൊണ്ടുള്ളതാണെന്ന് പറയുമ്പോഴും നൂറു ശതമാനവും ബ്രിട്ടിഷുകാരനാണെന്നാണ് ഋഷി ആവർത്തിക്കുന്നത്.

താനൊരു ഹിന്ദുമതവിശ്വാസിയാണെന്ന് തുറന്നു പറയാനും ഋഷിക്ക് മടിയില്ല. ഋഷിക്കും കുടുംബത്തിനും ഇത് ദീപാവലി സമ്മാനം കൂടിയാണ്. ബ്രിട്ടനിലെ 20 ലക്ഷത്തോളം വരുന്ന ഇന്ത്യൻ സമൂഹത്തിനും ഋഷിയുടെ വിജയം ദീപാവലി ദിനത്തിൽ ഇരട്ടി മധുരമാണ് സമ്മാനിക്കുന്നത്.