May 8, 2024

CNXN.TV

Kuwait News (കുവൈറ്റ് വാർത്തകൾ .Get the Latest Malayalam news in Kuwait & Today's Breaking News (ബ്രേക്കിങ് വാർത്ത) headlines in Malayalam .CNXN TV has the most recent Malayalam Gulf news and updates from Kuwait.

ആദ്യ വിജയം ഗുജറാത്ത് ടൈറ്റൻസിന്; ചെന്നൈ സൂപ്പർ കിങ്സിനെ 5 വിക്കറ്റിന് തോൽപിച്ചു

സ്പോർട്സ് ഡെസ്ക്

അഹമ്മദാബാദ്: ഇന്ത്യൻ പ്രീമിയർ ലീഗ് 2023 സീസണിലെ ആദ്യ വിജയം നിലവിലെ ചാംപ്യൻമാരായ ഗുജറാത്ത് ടൈറ്റൻസിന്. ചെന്നൈ സൂപ്പർ കിങ്സിനെതിരെ അഞ്ച് വിക്കറ്റിനാണു ഗുജറാത്തിന്റെ വിജയം. ചെന്നൈ ഉയർത്തിയ 179 റൺസ് വിജയലക്ഷ്യം അഞ്ച് വിക്കറ്റ് നഷ്ടത്തിൽ നാലു പന്തുകൾ ബാക്കി നിൽക്കെ ഗുജറാത്ത് മറികടന്നു. ശുഭ്മൻ ഗില്ലിന്റെ അർധ സെഞ്ചറി പ്രകടനവും അവസാന ഓവറുകളിൽ രാഹുൽ തെവാത്തിയ, റാഷിദ് ഖാൻ എന്നിവരുടെ ബാറ്റിങ്ങുമാണു ഗുജറാത്തിനെ വിജയത്തിലെത്തിച്ചത്. 36 പന്തുകളില്‍നിന്ന് ഗിൽ നേടിയത് 63 റൺസ്.

മറുപടി ബാറ്റിങ്ങിൽ ഓപ്പണർമാർ മികച്ച തുടക്കമാണ് ഗുജറാത്തിനു നൽകിയത്. സ്കോർ 37 ൽ നിൽക്കെ വൃദ്ധിമാൻ സാഹയെ പുറത്താക്കി യുവതാരം രാജ്‍വർധൻ ഹംഗർഗേകറാണ് ഗുജറാത്തിന് ആദ്യ പ്രഹരമേൽപിച്ചത്. 16 പന്തുകൾ നേരിട്ട് 25 റൺസെടുത്ത സാഹയെ ശിവം ദുബെ ക്യാച്ചെടുത്തു പുറത്താക്കുകയായിരുന്നു. ഇംപാക്ട് പ്ലേയറായി ഇറങ്ങിയ സായ് സുദർശൻ ബൗണ്ടറികൾ കണ്ടെത്തിയെങ്കിലും അധികം സമയം ക്രീസിൽ തുടരാൻ സാധിച്ചില്ല. ഹംഗർഗേകറിന്റെ പന്തിൽ വിക്കറ്റ് കീപ്പർ എം.എസ്. ധോണിയുടെ ക്യാച്ചിലാണു സായ് സുദർശന്റെ മടക്കം. 17 പന്തുകളിൽ താരം നേടിയത് 22 റൺസ്. 30 പന്തുകളിൽനിന്ന് ശുഭ്മൻ ഗിൽ അർധ സെഞ്ചറി തികച്ചു.

     നേരത്തേ ബാറ്റിങ്ങിന് ഇറങ്ങിയ ഗുജറാത്ത് ക്യാപ്റ്റൻ ഹാർദിക് പാണ്ഡ്യ നിരാശപ്പെടുത്തി. എട്ട് റൺസ് മാത്രമെടുത്ത താരത്തെ രവീന്ദ്ര ജഡേജ ബോൾഡാക്കി. ഗുജറാത്ത് സ്കോർ 138ൽ നിൽക്കെ ഗില്ലും പുറത്തായി. തുഷാർ ദേശ്പാണ്ഡെയ്ക്കായിരുന്നു ഗില്ലിന്റെ വിക്കറ്റ്. ഒരു സിക്സും രണ്ടു ഫോറും ഉൾപ്പെടെ 21 പന്തിൽ 27 റൺസെടുത്ത വിജയ് ശങ്കറിനെ പുറത്താക്കി ഹംഗർഗേകര്‍ ഗുജറാത്തിനെ പ്രതിരോധത്തിലാക്കി.

അവസാന 12 പന്തിൽ ഗുജറാത്തിനു ജയിക്കാൻ വേണ്ടിയിരുന്നത് 23 റണ്‍സായിരുന്നു. ദീപക് ചാഹർ എറിഞ്ഞ 19–ാം ഓവറിൽ ധോണിയുടെ പിഴവില്‍ ഒരു ഫോറും റാഷിദ് ഖാന്റെ ഒരു സിക്സും ഫോറും കൂടി ചേര്‍ന്നതോടെ അവസാന ഓവറിൽ ഗുജറാത്തിനു ജയിക്കാൻ എട്ട് റൺസ് കൂടി മതിയെന്ന നിലയായി. ഇംപാക്ട് പ്ലേയർ തുഷാർ ദേശ്‍പാണ്ഡെയെ ആദ്യ പന്തിൽ സിക്സും രണ്ടാം പന്തിൽ ഫോറും പറത്തി രാഹുൽ തെവാത്തിയ ഗുജറാത്തിന്റെ വിജയമുറപ്പിച്ചു. 3.2 ഓവറുകൾ പന്തെറിഞ്ഞ തുഷാർ ആകെ 51 റൺസാണു വഴങ്ങിയത്. 14 പന്തിൽ 15 റൺസുമായി രാഹുൽ തെവാത്തിയയും മൂന്ന് പന്തിൽ പത്തു റണ്‍സുമായി റാഷിദ് ഖാനും ഗുജറാത്തിനായി പുറത്താകാതെ നിന്നു.

ഐപിഎല്ലിലെ ആദ്യ മത്സരത്തിൽ തന്നെ ഇംപാക്ട് പ്ലേയർ സംവിധാനത്തെ രണ്ടു ടീമുകളും ഉപയോഗിച്ചു. ചെന്നൈ അംബാട്ടി റായുഡുവിനു പകരം തുഷാർ ദേശ്പാണ്ഡെയെയും ഗുജറാത്ത് പരുക്കേറ്റ കെയ്ൻ വില്യംസണു പകരം സായ് സുദർശനെയുമാണ് ഇംപാക്ട് പ്ലേയറാക്കിയത്. ചെന്നൈ ബാറ്റിങ്ങിനിടെ ബൗണ്ടറി തടുക്കാനുള്ള ശ്രമത്തിലാണു വില്യംസന് കാലിൽ പരുക്കേറ്റത്.

ഋതുരാജിന്റെ സെഞ്ചറി നഷ്ടം; ചെന്നൈ ഏഴിന് 178

ചെന്നൈ 20 ഓവറിൽ ഏഴു വിക്കറ്റ് നഷ്ടത്തിൽ 178 റണ്‍സെടുത്തു. ഋതുരാജ് ഗെയ്‌‍ക്‌വാദ് 50 പന്തിൽ 92 റൺസെടുത്തു പുറത്തായി. ഗെയ്‍ക്‌വാദിന്റെ തകര്‍പ്പൻ ബാറ്റിങ് പ്രകടനമാണ് ചെന്നൈയെ മികച്ച സ്കോറിലെത്തിച്ചത്. നേരിട്ട ആദ്യ 23 പന്തുകളിൽനിന്ന് താരം അർധ സെഞ്ചറി തികച്ചു. ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ ചെന്നൈയ്ക്ക് തുടക്കത്തിൽ തന്നെ ഓപ്പണര്‍ ഡെവോൺ കോൺവെയെ നഷ്ടപ്പെട്ടു. മുഹമ്മദ് ഷമിയെറിഞ്ഞ മൂന്നാം ഓവറിൽ താരം ബോൾഡാകുകയായിരുന്നു. മൊയീൻ അലിയെ കൂട്ടുപിടിച്ചു ഋതുരാജ് ചെന്നൈ സ്കോർ ഉയർത്തി. 17 പന്തുകളിൽനിന്ന് 23 റൺസെടുത്ത ഇംഗ്ലിഷ് താരം മൊയീൻ അലിയെ റാഷിദ് ഖാനാണു പുറത്താക്കിയത്. താരത്തിന്റെ പന്തിൽ കീപ്പർ വൃദ്ധിമാൻ സാഹ ക്യാച്ചെടുത്താണു അലിയെ മടക്കിയത്. ബെൻ സ്റ്റോക്സും (ആറു പന്തിൽ ഏഴ്) സമാനമായ രീതിയിൽ പുറത്തായി.

മൂന്നാം വിക്കറ്റ് വീണിട്ടും ബാറ്റിങ് ശൈലിയിൽ യാതൊരു മാറ്റവും വരുത്താതിരുന്ന ഋതുരാജ് 10.7 ഓവറിൽ ചെന്നൈയെ നൂറു കടത്തി. 12 പന്തില്‍ 12 റൺസെടുത്ത് അംബാട്ടി റായുഡു പുറത്തായി. ഐപിഎല്‍ സീസണിലെ ആദ്യ മത്സരത്തിൽ തന്നെ സെഞ്ചറി നേടാനുള്ള ഋതുരാജിന്റെ മോഹം അവസാനിപ്പിച്ചത് അൽസാരി ജോസഫാണ്. ചെന്നൈ സ്കോർ 151 ൽ നിൽക്കെ ജോസഫിന്റെ പന്ത് ഋതുരാജ് ഉയർത്തി അടിച്ചപ്പോൾ തകർപ്പനൊരു ക്യാച്ചിലൂടെ പിടിച്ചെടുത്തത് ശുഭ്മന്‍ ഗിൽ. ഒൻപതു സിക്സുകളാണു താരം ബൗണ്ടറി കടത്തിവിട്ടത്.

ഋതുരാജ് ഗെയ്ക്‌വാദിന്റെ പുറത്താകലോടെ ചെന്നൈ സ്കോറിങ്ങിന് വേഗത കുറഞ്ഞു. രവീന്ദ്ര ജഡേജയെ നേരിട്ട രണ്ടാം പന്തിൽ പുറത്താക്കി അൽസാരി ജോസഫ് വിക്കറ്റ് നേട്ടം രണ്ടാക്കി. യുവതാരം ശിവം ദുബെ വമ്പനടികൾക്കു ശ്രമിച്ചെങ്കിലും വിജയിച്ചില്ല. ഷമിയുടെ പന്തിൽ ബൗണ്ടറിക്കു ശ്രമിച്ച ശിവം ദുബെയെ റാഷിദ് ഖാൻ ക്യാച്ചെടുത്തു പുറത്താക്കി. അവസാന ഓവറിൽ ബൗണ്ടറികൾ കണ്ടെത്തിയ ധോണി ഏഴു പന്തിൽ 14 റൺസുമായി പുറത്താകാതെ നിന്നു. ഗുജറാത്തിനായി റാഷിദ് ഖാൻ, മുഹമ്മദ് ഷമി, അൽസാരി ജോസഫ് എന്നിവർ രണ്ടു വിക്കറ്റു വീതം വീഴ്ത്തി.