May 20, 2024

CNXN.TV

Kuwait News (കുവൈറ്റ് വാർത്തകൾ .Get the Latest Malayalam news in Kuwait & Today's Breaking News (ബ്രേക്കിങ് വാർത്ത) headlines in Malayalam .CNXN TV has the most recent Malayalam Gulf news and updates from Kuwait.

പാക്കിസ്ഥാനെതിരെ അഞ്ചു വിക്കറ്റ് വിജയം; ട്വന്റി20 ലോകകപ്പ് ഇംഗ്ലണ്ടിന്

സ്പോർട്സ് ഡെസ്ക്

മെൽബൺ : ട്വന്റി20 ലോകകപ്പ് കിരീടമുയർത്തി ഇംഗ്ലണ്ട്. ഫൈനലിൽ പാക്കിസ്ഥാനെ അഞ്ചു വിക്കറ്റിനാണ് ഇംഗ്ലണ്ട് തോൽപിച്ചത്. ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റു ചെയ്ത പാക്കിസ്ഥാൻ എട്ട് വിക്കറ്റ് നഷ്ടത്തില്‍ 137 റൺസെടുത്തു. മറുപടി ബാറ്റിങ്ങിൽ 19 ഓവറിൽ‌ അഞ്ച് വിക്കറ്റ് നഷ്ടത്തിൽ ഇംഗ്ലണ്ട് വിജയത്തിലെത്തി. ഓള്‍ റൗണ്ടർ ബെൻ സ്റ്റോക്സിന്റെ ബാറ്റിങ് പ്രകടനമാണ് ശക്തമായ പാക്കിസ്ഥാൻ ബോളിങ്ങിനെ മറികടന്ന് ആറു പന്തുകൾ ബാക്കി നിൽക്കെ ഇംഗ്ലിഷ് വിജയമുറപ്പിച്ചത്.

49 പന്തുകൾ നേരിട്ട സ്റ്റോക്സ് 52 റണ്‍സെടുത്തു പുറത്താകാതെ നിന്നു. ജോസ് ബട്‌ലർ (17 പന്തിൽ 26), അലക്സ് ഹെയ്ൽസ് (രണ്ട് പന്തിൽ ഒന്ന്), ഫിലിപ് സാള്‍ട്ട് (ഒൻപതു പന്തിൽ പത്ത്), ഹാരി ബ്രൂക്ക് (23 പന്തിൽ 20), മൊയീൻ അലി (12 പന്തിൽ 19) എന്നിങ്ങനെയാണ് പുറത്തായ ഇംഗ്ലിഷ് ബാറ്റർമാരുടെ പ്രകടനങ്ങൾ. ജയത്തോടെ ഏകദിന, ട്വന്റി20 കിരീടങ്ങൾ കൈവശം വയ്ക്കുന്ന ആദ്യ ടീമായി ഇംഗ്ലണ്ട് മാറി. 2019ൽ നാട്ടിൽ നടന്ന ഏകദിന ലോകകപ്പിന്റെ ഫൈനലിൽ ന്യൂസീലൻഡിനെ തോൽപിച്ചാണ് അവർ കിരീടം സ്വന്തമാക്കിയത്.

മറുപടി ബാറ്റിങ്ങിൽ ആദ്യ ഓവറിൽ തന്നെ വിക്കറ്റു നഷ്ടമാക്കിക്കൊണ്ടാണ് ഇംഗ്ലണ്ട് തുടങ്ങിയത്. ഇന്ത്യയ്ക്കെതിരായ സെമി ഫൈനലിൽ തകർ‌പ്പൻ ബാറ്റിങ് പുറത്തെടുത്ത് അർധ സെഞ്ചറി നേടിയ അലക്സ് ഹെയ്ൽസ് ഒരു റണ്ണിനു പുറത്തായി. ഷഹീൻ അഫ്രീദിയുടെ പന്തിൽ ഹെയ്ൽസ് ബോൾഡാകുകയായിരുന്നു. സ്കോർ 32 ൽ നിൽക്കെ ഫിലിപ് സാൾട്ടിനെ ഇഫ്തിഖർ അഹമ്മദിന്റെ കൈകളിലെത്തിച്ച് ഹാരിസ് റൗഫ് ഇംഗ്ലണ്ടിന് അടുത്ത പ്രഹരമേൽപിച്ചു.

ക്യാപ്റ്റൻ ജോസ് ബ‍ട‍്‍ലറും പുറത്തായതോടെ ഇംഗ്ലണ്ട് പ്രതിരോധത്തിലായി. ഹാരിസ് റൗഫിന്റെ പന്തിൽ വിക്കറ്റ് കീപ്പർ മുഹമ്മദ് റിസ്‍വാൻ ക്യാച്ചെടുത്താണ് ബട‍്‍ലറുടെ പുറത്താകൽ. ഹാരി ബ്രൂക്കിന്റെ വിക്കറ്റ് ശതബ് ഖാൻ സ്വന്തമാക്കി. 12 പന്തിൽ 19 റൺസെടുത്ത മൊയീന്‍ അലിയും വിജയത്തിൻ നിർണായക സംഭാവന നൽകി. 15.4 ഓവറിലാണ് ഇംഗ്ലണ്ട് 100 പിന്നിട്ടത്. എന്നാൽ ബെന്‍ സ്റ്റോക്സ് നിന്നടിച്ചതോടെ ഓവറിൽ ഇംഗ്ലണ്ട് വിജയമുറപ്പിച്ചു.

പാക്കിസ്ഥാൻ എട്ടിന് 137

ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ പാക്കിസ്ഥാൻ എട്ട് വിക്കറ്റ് നഷ്ടത്തിൽ 137 റൺസെടുത്തു. 28 പന്തിൽ 38 റൺസെടുത്ത ഷാൻ മസൂദാണു പാക്കിസ്ഥാൻ നിരയിലെ ടോപ് സ്കോറർ. ക്യാപ്റ്റൻ ബാബർ അസം 28 പന്തിൽ 32 റൺസെടുത്തു. ശതബ് ഖാൻ (14 പന്തിൽ 20), മുഹമ്മദ് റിസ്‍വാൻ (14 പന്തിൽ 15) എന്നിവരാണു പാക്കിസ്ഥാന്റെ മറ്റു പ്രധാന സ്കോറർമാർ. മത്സരത്തിന്റെ അഞ്ചാം ഓവറിൽ മുഹമ്മദ് റിസ്‍വാനെ പുറത്താക്കി സാം കറനാണ് പാക്കിസ്ഥാന് ആദ്യ തിരിച്ചടി നൽകിയത്. സ്കോർ 29ൽ നിൽക്കെ കറന്റെ പന്തിൽ റിസ്‍വാൻ ബോൾ‍‍ഡാകുകയായിരുന്നു.

വൺ ഡൗണായിറങ്ങിയ മുഹമ്മദ് ഹാരിസ് ആദിൽ റാഷിന്റെ ബോളിൽ ബെന്‍ സ്റ്റോക്സിന്റെ ക്യാച്ചില്‍ പുറത്തായി. തുടര്‍ന്ന് പാക്കിസ്ഥാൻ ക്യാപ്റ്റനും ഷാൻ മസൂദും ചേർന്നു നടത്തിയ രക്ഷാപ്രവർത്തനം പാക്കിസ്ഥാൻ സ്കോർ 80 കടത്തി. ബാബറിന്റെ പുറത്താകലിനു ശേഷം വന്ന ഇഫ്തിക്കർ അഹമ്മദിനും (പൂജ്യം), മുഹമ്മദ് നവാസിനും (അഞ്ച്), മുഹമ്മദ് വാസിമിനും (നാല്) തിളങ്ങാനായില്ല. അവസാന ഓവറുകളിൽ സ്കോർ കണ്ടെത്തുന്നതിന് വാലറ്റവും ബുദ്ധിമുട്ടിയതോടെ പാക്കിസ്ഥാൻ സ്കോർ 137ൽ ഒതുങ്ങി. ഇംഗ്ലണ്ടിനായി സാം കറൻ മൂന്നു വിക്കറ്റുകൾ വീഴ്ത്തി. ആദില്‍ റാഷിദ്, ക്രിസ് ജോർദാൻ എന്നിവർ രണ്ടു വിക്കറ്റു വീതവും ബെൻ സ്റ്റോക്സ് ഒരു വിക്കറ്റും നേടി.