സ്പോർട്സ് ഡെസ്ക്
ദോഹ : റഷ്യൻ ലോകകപ്പിലെ രണ്ടാം സ്ഥാനത്തോളം എത്തിയില്ലെങ്കിലും, നാലു വർഷങ്ങൾക്കിപ്പുറം ഖത്തർ ലോകകപ്പിൽനിന്ന് മൂന്നാം സ്ഥാനത്തിന്റെ തലപ്പൊക്കവുമായി ലൂക്കാ മോഡ്രിച്ചിന്റെ ക്രൊയേഷ്യയ്ക്ക് മടക്കം. ഖലീഫ സ്റ്റേഡിയത്തിൽ നടന്ന ആവേശകരമായ ലൂസേഴ്സ് ഫൈനലിൽ, മൊറോക്കോയെ ഒന്നിനെതിരെ രണ്ടു ഗോളുകൾക്ക് വീഴ്ത്തിയാണ് ക്രൊയേഷ്യ മൂന്നാം സ്ഥാനം സ്വന്തമാക്കിയത്. ഇരു ടീമുകളും ഒപ്പത്തിനൊപ്പം പോരാടിയ മത്സരത്തിന്റെ ആദ്യ പകുതിയിലാണ് മൂന്നു ഗോളുകളും പിറന്നത്. ക്രൊയേഷ്യയ്ക്കായി ജോസിപ് ഗ്വാർഡിയോൾ (7-ാം മിനിറ്റ്), മിസ്ലാവ് ഓർസിച്ച് (42–ാം മിനിറ്റ്) എന്നിവർ ലക്ഷ്യം കണ്ടു. മൊറോക്കോയുടെ ആശ്വാസഗോൾ ഒൻപതാം മിനിറ്റിൽ അച്റഫ് ദാരി നേടി. സമനില ഗോളിനായി അവസാന സെക്കൻഡ് വരെ വീറോടെ പൊരുതിയ മൊറോക്കോയും, ആരാധകരുടെ ഹൃദയം കവർന്നാണ് ഖത്തറിൽനിന്ന് മടങ്ങുന്നത്.
ലൂസേഴ്സ് ഫൈനലിലെ വിജയത്തോടെ ക്രൊയേഷ്യയ്ക്ക് വെങ്കല മെഡൽ സമ്മാനമായി ലഭിക്കും. ഒപ്പം 2.7 കോടി യുഎസ് ഡോളറും (ഏകദേശം 223 കോടി രൂപ). നാലാം സ്ഥാനക്കാർക്ക് 2.5 കോടി യുഎസ് ഡോളർ (ഏകദേശം 206 കോടി രൂപ). ഇനി ഞായറാഴ്ച ലുസെയ്ൽ സ്റ്റേഡിയത്തിൽ നടക്കുന്ന കലാശപ്പോരാട്ടത്തിൽ ഫ്രാൻസും അർജന്റീനയും ഏറ്റുമുട്ടും. ആദ്യ സെമിയിൽ ക്രൊയേഷ്യയെ തോൽപ്പിച്ചാണ് അർജന്റീന ഫൈനലിലെത്തിയത്. ഫ്രാൻസ് ആകട്ടെ, രണ്ടാം സെമിയിൽ മൊറോക്കോയെ വീഴ്ത്തിയാണ് തുടർച്ചയായ രണ്ടാം ലോകകപ്പിലും ഫൈനലിൽ കടന്നത്.
More Stories
റാപ്റ്റേഴ്സ് ബാഡ്മിൻറൺ ക്ലബ് “റാപ്റ്റേഴ്സ് പ്രീമിയർ ബാഡ്മിൻറൺ ചലഞ്ച് ചാബ്യൻഷിപ്പ്” സംഘടിപ്പിച്ചു.
കുവൈത്ത് കെഎംസിസി പാലക്കാട് ജില്ലാ സ്പോർട്സ് വിങ് സംഘടിപ്പിച്ച ഉബൈദ് ചങ്ങലീര& നാഫി മെമ്മോറിയൽ ട്രോഫി : മാക് കുവൈത്ത് ചാമ്പ്യന്മാർ
സാരഥി കുവൈറ്റ് കായിക മേള സംഘടിപ്പിച്ചു