May 20, 2024

CNXN.TV

Kuwait News (കുവൈറ്റ് വാർത്തകൾ .Get the Latest Malayalam news in Kuwait & Today's Breaking News (ബ്രേക്കിങ് വാർത്ത) headlines in Malayalam .CNXN TV has the most recent Malayalam Gulf news and updates from Kuwait.

ദേശീയ ചലച്ചിത്ര അവാർഡ്  : മലയാളത്തിന് 11 പുരസ്കാരങ്ങൾ

ന്യൂസ് ബ്യൂറോ, ദില്ലി

ദില്ലി : 68–ാമത് ദേശീയ ചലച്ചിത്ര പുരസ്കാരങ്ങൾ പ്രഖ്യാപിച്ചപ്പോൾ മലയാളത്തിന് മിന്നും നേട്ടം. മികച്ച സംവിധായകനും നടിക്കും സഹനടനും പിന്നണി ഗായികയ്ക്കും ഉൾപ്പടെ 11 പുരസ്കാരങ്ങളാണ് മലയാളം നേടിയത്. മികച്ച സംവിധായകനുള്ള പുരസ്കാരം അയ്യപ്പനും കോശിയും എന്ന ചിത്രത്തിന്റെ സംവിധായകനായ സച്ചി നേടി. മികച്ച നടനുള്ള പുരസ്കാരം സൂര്യയും അജയ് ദേവ്ഗണും പങ്കിട്ടു. സൂരരൈ പോട്ര് എന്ന സിനിമയിലെ പ്രകടനത്തിന് മികച്ച നടിയായി അപർണ ബാലമുരളിയും തിരഞ്ഞെടുക്കപ്പെട്ടു. ബിജു മേനോനാണ് മികച്ച സഹനടൻ. മികച്ച പിന്നണി ഗായികയ്ക്കുള്ള പുരസ്കാരം നഞ്ചമ്മ നേടി. മികച്ച മലയാള സിനിമയ്ക്കുള്ള പുരസ്കാരം തിങ്കളാഴ്ച നിശ്ചയത്തിനു ലഭിച്ചു. മികച്ച സംഘട്ടനസംവിധാനത്തിന് അയ്യപ്പനും കോശിയും പുരസ്കാരം നേടി.

soorarai-pottru-trailer
2020–ൽ പുറത്തിറങ്ങിയ 295 ഫീച്ചർ സിനിമകളും 105 നോൺ ഫീച്ചർ സിനിമകളുമാണ് പുരസ്കാരത്തിനായി മത്സരിച്ചത്. നിർമാതാവും സംവിധായകനുമായ വിപുൽ‌ ഷാ ആയിരുന്നു ജൂറി ചെയർമാൻ. അനൂപ് രാമകൃഷ്ണൻ എഴുതി മലയാള മനോരമ പുറത്തിറക്കിയ ‘എംടി അനുഭവങ്ങളുടെ പുസ്തകം’ എന്ന പുസ്തകത്തിന് മികച്ച സിനിമാഗ്രന്ഥത്തിനുള്ള പ്രത്യേക പരാമർശം ലഭിച്ചു. മലയാളി ഛായാഗ്രാഹകനായ നിഖിൽ എസ് പ്രവീൺ മികച്ച നോൺ ഫീച്ചർ സിനിമ ഛായാഗ്രാഹകനുള്ള പുരസ്കാരം നേടി. ഫിലിം ഫ്രണ്ട്‌ലി സ്റ്റേറ്റിനുള്ള പുരസ്കാരം മധ്യപ്രദേശ് നേടി. ഉത്തർപ്രദേശും ഉത്തരാഖണ്ഡും ഇൗ വിഭാഗത്തിൽ പ്രത്യേക പരാമർശം നേടി. സംവിധായകൻ പ്രിയദർശൻ അധ്യക്ഷനായ ജൂറിയാണ് ഇൗ പുരസ്കാരങ്ങൾ തിരഞ്ഞെടുത്തത്.

പുരസ്കാരപ്പട്ടിക ഇങ്ങനെ:

മികച്ച ഫീച്ചർ സിനിമ: സൂരരൈ പോട്ര്

‌മികച്ച സംവിധായകൻ: സച്ചി (അയ്യപ്പനും കോശിയും)

മികച്ച നടൻ: സൂര്യ (സൂരരൈ പോട്ര്) അജയ് ദേവഗൺ (താനാജി ദ് അൺസങ് വാരിയർ)

മികച്ച നടി: അപർണ ബാലമുരളി (സൂരരൈ പോട്ര്)

ജനപ്രിയ ചിത്രം: താനാജി ദ് അൺസങ് വാരിയർ (സംവിധായകൻ: ഒാം റൗത്)

മികച്ച കുട്ടികളുടെ ചിത്രം: സുമി

സിനിമ പുതുമുഖ സംവിധായകൻ: മ‍ഡോണേ അശ്വിൻ (മണ്ടേല)

മികച്ച സഹനടൻ: ബിജു മേനോൻ (അയ്യപ്പനും കോശിയും)

മികച്ച സഹനടി: ലക്ഷ്മിപ്രിയ ചന്ദ്രമൗലി

മികച്ച പിന്നണിഗായകൻ: രാഹുൽ ദേശ്പാണ്ഡെ

മികച്ച പിന്നണിഗായിക: നഞ്ചിയമ്മ (അയ്യപ്പനും കോശിയും)

മികച്ച ഛായാഗ്രഹണം: സുപ്രതീം ബോൽ (അവിജാത്രിക്)

മികച്ച തിരക്കഥ: ശാലിനി ഉഷ നായർ, സുധ കൊങ്കാര (സൂരരൈ പോട്ര്)

മികച്ച സംഭാഷണം: മഡോണെ അശ്വിൻ (മണ്ടേല)

മികച്ച എഡിറ്റിംഗ്: ശ്രീകർ പ്രസാദ്

മികച്ച പ്രൊഡക്ഷൻ ഡിസൈൻ: അനീസ് നാടോടി (കപ്പേള)

മികച്ച വസ്ത്രാലങ്കാരം: നചികേത് ബർവേ, മഹേഷ് ഷെർല (താനാജി ദ് അൺസങ് വാരിയർ)

മികച്ച ചമയം: ടിവി രാം ബാബു (നാട്യം)

മികച്ച സംഗീത സംവിധാനം: എസ് തമൻ (അല വൈകുന്ദാപുരമലു)

മികച്ച പശ്ചാത്തല സംഗീതം: ജി.വി പ്രകാശ് കുമാർ (സൂരരൈ പോട്ര്)

മികച്ച ഗാനരചന: മനോഡജ് മുൻതാഷീർ

മികച്ച നൃത്ത സംവിധാനം: സന്ധ്യ രാജു (നാട്യം)

മികച്ച സംഘട്ടന സംവിധാനം: മാഫിയ ശശി, രാജേശേഖർ, സുപ്രീം സുന്ദർ (അയ്യപ്പനും കോശിയും)

പ്രത്യേക ജൂറി പുരസ്കാരം / പ്രത്യേക പരാമർശം: വാങ്ക് (മലയാളം)

മികച്ച മലയാള സിനിമ: തിങ്കളാഴ്ച നിശ്ചയം ( പ്രസന്ന ഹെഡ്ഗെ)