May 9, 2024

CNXN.TV

Kuwait News (കുവൈറ്റ് വാർത്തകൾ .Get the Latest Malayalam news in Kuwait & Today's Breaking News (ബ്രേക്കിങ് വാർത്ത) headlines in Malayalam .CNXN TV has the most recent Malayalam Gulf news and updates from Kuwait.

ചലച്ചിത്ര സംവിധായകന്‍ സിദ്ധിഖ് അന്തരിച്ചു

ന്യൂസ് ബ്യൂറോ, കൊച്ചി

കൊച്ചി : ചലച്ചിത്ര സംവിധായകന്‍ സിദ്ധിഖ് (63) അന്തരിച്ചു. ഹൃദയാഘാതത്തെത്തുടര്‍ന്ന് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. ന്യുമോണിയയും കരള്‍ സംബന്ധമായ അസുഖവും മൂലം ദീര്‍ഘനാളായി ചികിത്സയിലായിരുന്നു. അത്യാഹിത വിഭാഗത്തില്‍ എക്‌മോ സഹായത്തില്‍ കഴിയുന്നതിനിടെയാണ് അന്ത്യം.

1986 ല്‍ പുറത്തിറങ്ങിയ ചിത്രം ‘പപ്പന്‍ പ്രിയപ്പെട്ട പപ്പനി’ ലൂടെയായിരുന്നു സിദ്ധിഖിന്റെ സിനിമാരംഗത്തെ ആദ്യ കടന്നു വരവ്. കൊച്ചിന്‍ കലാഭവന്റെ പ്രൊഫഷണല്‍ മിമിക്രി ട്രൂപ്പിലൂടെ മിമിക്രി അവതരിപ്പിച്ചു നടന്ന കാലത്ത് സംവിധായകന്‍ ഫാസിലുമായുള്ള കണ്ടുമുട്ടലാണ് സിദ്ധിഖിന്റെ കരിയര്‍ ജീവിതത്തില്‍ വഴിത്തിരിവുണ്ടാക്കിയത്. ഫാസിലിനൊപ്പം അസിസ്റ്റന്റ് ഡയറക്ടറായാണ് സിദ്ധിഖ് സിനിമാ ജീവിതം തുടങ്ങിയത്.

സുഹൃത്ത് ലാലിനൊപ്പം ചേര്‍ന്ന് സിദ്ധിഖ്-ലാല്‍ എന്ന കുട്ടുകെട്ടില്‍ റാംജിറാവു സ്പീക്കിങ്ങിലൂടെയാണ് സ്വതന്ത്ര സംവിധായകനാകുന്നത്. ഇന്‍ ഹരിഹര്‍നഗര്‍, ഗോഡ്ഫാദര്‍, വിയറ്റ്‌നാം കോളനി, കാബൂളിവാല എന്നീ സൂപ്പര്‍ ഹിറ്റ് ചിത്രങ്ങള്‍ തുടര്‍ന്ന്‌ ഈ കൂട്ടുകെട്ടിന്റെ ഭാഗമായി തിരശീലയില്‍ എത്തി.

1996-ല്‍ ലാലുമായി പിരിഞ്ഞ ശേഷം ഹിറ്റ്‌ലര്‍ എന്ന ചിത്രത്തിലൂടെ ഒറ്റയ്ക്ക് സംവിധാനരംഗത്തേക്ക് ഇറങ്ങിയ സിദ്ധിഖ് പിന്നീട് നിരവധി സൂപ്പര്‍താര ചിത്രങ്ങളുടെയും സംവിധായകനായി. 2010-ല്‍ ദീലിപിനെ നായകനാക്കി സിദ്ധിഖ് സംവിധാനം ചെയ്ത ബോഡിഗാര്‍ഡ് വമ്പന്‍ ഹിറ്റായിരുന്നു. പിന്നീട് ഈ ചിത്രം തമിഴില്‍ വിജയ്‌യെ നായകനാക്കിയും ഹിന്ദിയില്‍ സല്‍മാന്‍ ഖാനെ നായകനാക്കിയും സിദ്ധിഖ് തന്നെ റീമേക്ക് ചെയ്തിരുന്നു. 2020-ല്‍ റിലീസ് ചെയ്ത മോഹന്‍ലാല്‍ ചിത്രം ബിഗ് ബ്രദറാണ് ഏറ്റവും ഒടുവില്‍ ചെയ്ത ചിത്രം.