May 20, 2024

CNXN.TV

Kuwait News (കുവൈറ്റ് വാർത്തകൾ .Get the Latest Malayalam news in Kuwait & Today's Breaking News (ബ്രേക്കിങ് വാർത്ത) headlines in Malayalam .CNXN TV has the most recent Malayalam Gulf news and updates from Kuwait.

നടൻ മാമുക്കോയ അന്തരിച്ചു

ന്യൂസ് ബ്യൂറോ, കോഴിക്കോട്

കോഴിക്കോട്: നാല് പതിറ്റാണ്ട് മലയാളിയെ പൊട്ടിച്ചിരിപ്പിച്ച നടൻ മാമുക്കോയ (77) അന്തരിച്ചു. കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിൽ ബുധനാഴ്ച ഉച്ചക്ക് ഒന്നോടെയായിരുന്നു മരണം.

ഹൃദയാഘാതത്തോടൊപ്പം തലച്ചോറിലുണ്ടായ രക്തസ്രാവമാണ് മരണകാരണം. കാളികാവ് പൂങ്ങോടില്‍ സെവന്‍സ് ഫുട്ബാള്‍ ടൂര്‍ണമെന്റിന്റെ ഉദ്ഘാടനത്തിന് എത്തിയ മാമുക്കോയയെ ദേഹാസ്വാസ്ഥ്യത്തെ തുടര്‍ന്ന് വണ്ടൂരിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. തുടര്‍ന്ന് വിദഗ്ധ ചികിത്സക്കായി കോഴിക്കോട്ടെ ഒരു സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. തിങ്കളാഴ്ച മുതല്‍ തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയിലായിരുന്നു.

കേരള സർക്കാറിന്‍റെ പ്രഥമ ഹാസ്യാഭിനയ പുരസ്കാര ജേതാവായിരുന്നു. 1979ൽ നിലമ്പൂർ ബാലൻ സംവിധാനം ചെയ്ത “അന്യരുടെ ഭൂമി” എന്ന ചിത്രത്തിലൂടെയാണ് സിനിമാജീവിതത്തിന് തുടക്കമിടുന്നത്. തന്റെ തനതായ കോഴിക്കോടൻ മാപ്പിള സംഭാഷണശൈലിയിലൂടെ അദ്ദേഹം ശ്രദ്ധേയനായി.

സത്യൻ അന്തിക്കാട് സിനിമകളിലൂടെ ജനപ്രീതിയാർജ്ജിച്ച മാമുക്കോയ ഹാസ്യനടൻ എന്ന നിലയിൽ പേരെടുത്തെങ്കിലും ഹാസ്യം മാത്രമല്ല തനിക്ക് വഴങ്ങുന്നതെന്ന് പെരുമഴക്കാലമുൾപ്പെടെയുള്ള ചിത്രത്തിലൂടെ തെളിയിച്ചു. 2004 ലെ കേരള സംസ്ഥാന പുരസ്കാര ജൂറിയുടെ പ്രത്യേക പരാമർശത്തിന് അർഹമായതാണ് പെരുമഴക്കാലത്തിലെ കഥാപാത്രത്തിനായിരുന്നു. അദ്ദേഹത്തിന്റെ അഭിനയജീവിതത്തിലെ ഒരു വഴിത്തിരിവെന്ന് പറയാവുന്ന കഥാപാത്രമാണ് `കുരുതി’ എന്ന സിനിമയിലെ മൂസ ഖാദർ എന്ന കഥാപാത്രം. കെട്ടിയ വേഷങ്ങളെല്ലാം തന്റെതാക്കി മാറ്റാനുള്ള ​പ്രതിഭയാണ് മാമുക്കോയ അഭിനയലോകത്ത് വേറിട്ട വ്യക്തിത്വമാക്കുന്നത്.

ചാലിക്കണ്ടിയിൽ മുഹമ്മദിന്റെയും ഇമ്പിച്ചി ആയിഷയുടെയും മകനായി 1946 ജൂലൈ അഞ്ചിന് കോഴിക്കോട് ജില്ലയിലെ പള്ളിക്കണ്ടിയിൽ ജനിച്ചു. കോഴിക്കോട് എം എം ഹൈസ്‌കൂളിൽ നിന്ന് പത്താം തരം പാസായ അദ്ദേഹം കല്ലായിയിൽ മരമളക്കുന്ന ജോലിയിൽ പ്രവേശിച്ചു.നാടകാഭിനയത്തിൽ തല്പരനായിരുന്ന മാമുക്കോയ നാടകവും ജോലിയും ഒരുമിച്ചു കൊണ്ടുപോകുന്നതിൽ സമർത്ഥനായിരുന്നു. നിലമ്പൂർ ബാലൻ, വാസു പ്രദീപ്, കുഞ്ഞാണ്ടി തുടങ്ങിയവരുടെയെല്ലാം കൂടെ പ്രവർത്തിച്ചിട്ടുള്ള അദ്ദേഹത്തിന് അവരുമായുള്ള സൗഹൃദം സിനിമയിലേക്കുള്ള വഴികാട്ടിയായി.

ഭാര്യ: സുഹ്റ. മക്കൾ: നിസാർ, ഷാഹിദ, നാദിയ, അബ്ദുൾ റഷീദ്.